വഴിത്തിരിവുകള്‍

ഡോ .അജിത് കുമാറിന്‍റെ ക്രിക്കറ്റ് ജീവിത ഇന്നിംഗ്സുകള്‍

                                                       വഴിത്തിരിവുകള്‍

ടെന്നീസ് കളി ഇഷ്ടപ്പെട്ട അധ്യാപകന്റെ മകനായാണ് ജനിച്ചതെങ്കിലും ക്രിക്കറ്റിലായിരുന്നു കമ്പം. സാധാരണ കമ്പമല്ല അസ്ഥിക്ക് പിടിച്ച ആവേശം. സ്കൂളിലും കോളേജിലും കളിച്ചു യാദൃശ്ചികമായി സംഘാടകന്റെ നിയോഗം. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആദ്യത്തെ കളിയുടെ അണിയറ ശിൽപ്പി.തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃനിരയിൽ . ഇതിനിടെ ബിരുദാനന്തര ബിരുദധാരിയായി കോളേജ് അദ്ധ്യാപകനായി. ശാസ്ത്രത്തിൽ പത്തോളം പുസ്തകങ്ങളെഴുതി. പിഎച്ച്ഡിയും എം ഫിൽലും എടുത്ത ശിഷ്യർ എണ്ണത്തിൽ അർദ്ധ സെഞ്ച്വറി ! 

കോളേജ് പ്രിൻസിപ്പളായെങ്കിലും മരണാനന്തരം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് സംഭാവന ചെയ്ത സ്വതന്ത്ര ചിന്തകനായ അച്ഛന്റെ മകനായി പിറന്നതിനാൽ സ്വാഭിമാനം കൈവിടാതിരിക്കാൻ വലിയ പദവി ഉപേക്ഷിച്ചു. എങ്കിലും സന്ദർശക അദ്ധ്യാപകനായും ചാനലുകളിൽ കളി വർത്തമാനം പറഞ്ഞും വിശ്രമ ജിവിതം നയിക്കുന്ന നാൽപ്പത്തി അഞ്ച് വയസ്സ് വരെ ക്രിക്കറ്റ് കളിച്ച ഡോ.  അജിത് കുമാർ സ്വന്തം ഇന്നിങ്ങ്സ് വിശേഷങ്ങൾ പങ്കു വെക്കുന്നു.

എന്റെ കഥ 

ജനിച്ചത് എറണാകുളത്താണെങ്കിലും പഠിച്ചത് പല പല സ്ഥലങ്ങളിലായാണ്. അതിന് കാരണം അച്ഛൻ അദ്ധ്യാപകനായിരുന്നു. പ്രൊഫ മധുക്കർ റാവു. അമ്മ സഹജി റാവു . അച്ഛന് ടെന്നീസിനോടും ഷട്ടിലിനോടും താൽപര്യമായിരുന്നു. കളിക്കുകയും ചെയ്യും. എന്നാൽ എനിക്ക് ചെറുപ്പം മുതലേ ക്രിക്കറ്റിനോടായിരുന്നു കമ്പം. അടങ്ങാത്ത ലഹരിയായി മാറി ക്രിക്കറ്റ്. വിവിധ സ്ക്കൂളുകളിൽ പഠിച്ച് ഒരിക്കൽ എത്തപ്പെട്ടത് തലശ്ശേരിയിൽ. ക്രിക്കറ്റ്, സർക്കസ്, കേക്ക്സ് ഇത് മൂന്നിനും തലശ്ശേരി പ്രസിദ്ധമാണ്. അവിടെ എല്ലാവരും ക്രിക്കറ്റ് കളിക്കും. 


ഞാനും സ്ക്കൂൾ ടീമിൽ കയറിപ്പറ്റി ജൂനിയർ ടീമിലെ അംഗമായ ഞാൻ ശ്രദ്ധിക്കപ്പെട്ട കളിക്കാരനായിരുന്നു. ഹെഡ് മാസ്റ്റർ വന്ന് കളി കണ്ട ശേഷം പി.ടി മാഷെ വിളിച്ച് എന്നെ സീനിയർ ടീമിൽ ചേർക്കാൻ പറഞ്ഞു. പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ആ കളി ജയിച്ചതിൽ എന്റെ പ്രത്യേക റോളും ഉണ്ടായിരുന്നു. അങ്ങിനെ ജൂനിയറായ ഞാൻ സീനിയർ ടീമിനൊപ്പമായി.

മുഹമ്മദ് സർ എന്റെ പ്രചോദനം

 പത്താംതരമായപ്പോഴേക്കും അച്ഛന് പാലക്കാട് വിക്ടോറിയ കോളേജിലേക്ക് സ്ഥലം മാറ്റമായി. എന്റെ പഠനവും പാലക്കാട്. കലയും സംഗീതവും ആഘോഷങ്ങളുമായി ക്രിക്കറ്റില്ലാത്ത ഒരു വർഷം .പ്രീഡിഗ്രിക്ക് ചേർന്നത് എറണാകുളം മഹാരാജാസിൽ. തേർഡ് ഗ്രൂപ്പാണ് എടുത്തത്. ബിരുദവും അവിടെത്തന്നെ. ധനതത്വശാസ്ത്രമാണ് മുഖ്യ വിഷയമായി എടുത്തത്. 1925 ൽ തുടങ്ങിയതായിരുന്നു. എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ്. നീണ്ട 53 വർഷങ്ങൾക്ക് ശേഷം മഹാരാജാസിലെ വിദ്യാർത്ഥിക്ക് എക്കണോമിക്സിൽ ഒന്നാം റാങ്ക്. ആ വിദ്യാർത്ഥി ഞാനായിരുന്നു. എന്നെ പഠിപ്പിച്ചിരുന്ന മുഹമ്മദ് സർ ആയിരുന്നു എന്റെ പ്രചോദനം. സർ ഇടയ്ക്ക് പറയുമായിരുന്നു. തനിക്ക് റാങ്ക് കിട്ടാൻ സാധ്യതയുണ്ടെന്ന്. അതായിരുന്നു ആദ്യ വഴിത്തിരിവ്.

മഹാരാജാസിലും ക്രിക്കറ്റ് കളി തുടർന്നു. എനിക്ക് റാങ്ക് ലഭിച്ചതും അച്ഛന് മഹാരാജാസിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ചതും ഒരുമിച്ചായിരുന്നു. എനിക്ക് ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ എം.എ ക്ക് അഡ്മിഷൻ ലഭിച്ചെങ്കിലും ഞാൻ പോയാൽ അമ്മയും സഹോദരിയും മാത്രം എറണാകുളത്ത് കഴിയേണ്ടി വരുന്നതോർത്ത് എം.എ പഠനവും മഹാരാജാസിൽ തുടർന്നു. ഒപ്പം ക്രിക്കറ്റും. കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ മത്സരങ്ങൾക്ക് പോകും. 1980 ൽ ബിരുദാനന്തര ബിരുദമെടുത്തു. ആദ്യ 5 മാസം ഒരു പാരലൽ കോളേജിൽ അധ്യാപകനായി. പിന്നെ സെന്റ് ആൽബർട്ട്സ് കോളേജിൽ ട്യൂട്ടറായി താൽക്കാലിക നിയമനം ലഭിച്ചു. 1981 ജനുവരി 1 ന് കൊച്ചിൻ കോളേജിൽ അധ്യാപകനായി.

ലീഗ് ടൂർണമെന്റ്  നടത്തി

ഞങ്ങൾക്ക് ചെറിയൊരു ക്ലബ്ബുണ്ടായിരുന്നു. അതിന് ജില്ലാ രജിസ്ട്രേഷൻ ലഭിച്ചു. അതിലെ രണ്ട് മൂന്ന് പേർ മാത്രം സ്ഥിരം കാര്യക്കാരായും ബാക്കിയുള്ളവരൊക്കെ എപ്പോഴും വെറും കേൾവിക്കാരുമായി മാത്രമിരിക്കേണ്ട അവസ്ഥ. ഞാൻ അത് ചൂണ്ടിക്കാണ്ടി. ചോദ്യം ചെയ്തു. അതുകൊണ്ടു തന്നെ അവർക്ക് അതിഷ്ടപ്പെട്ടുമില്ല. അവർ എനിക്ക് തിരിച്ചടി നൽകാനായിത്തന്നെ 81 ലെ ഒരു ടൂർ ണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്തം എന്റെ പിടലിയിൽ വെച്ചു. 

" ലീഗ് " എന്ന പേരിലുള്ള ടൂർണമെന്റ് ഗംഭീരമായി നടത്തി. അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു മാത്രല്ല . എതിർത്തവർ ഒറ്റപ്പെട്ടു. ക്ലബ്ബിലെ മറ്റ് അംഗങ്ങൾ എന്റെ കൂടെയുമായി. മാത്രമല്ല എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ട്രഷറർ സ്ഥാനവും ലഭിച്ചു. 7 വർഷം ട്രഷററായി തുടർന്നു. 83 ൽ സെക്രട്ടറിയായി. സെക്രട്ടറിയായവർക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ (കെ.സി.എ ) ഡയറക്ട് നോമിനേഷൻ ഉണ്ട്. അങ്ങിനെ മെമ്പറായി കേരളാ ക്രിക്കറ്റ് അസോഷിയേഷന്റെ ട്രഷററുമായി. രണ്ട് സ്ഥാനവും ഒരുമിച്ച് . 

 ഒരു ചിന്തയേ എപ്പോഴുമുള്ളു അത് ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ്

അടുത്ത വഴിത്തിരിവ് 1996 ൽ. ഞാൻ ട്രഷററായിരുന്ന കാലത്താണ് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയം തയ്യാറാവുന്നത്. അവിടെ എന്തെങ്കിലും മത്സരം നടത്തണമെന്ന് അന്നത്തെ ചെയർമാനായ ജോസഫ് തോമസ് ഐ  പി എസിന്  ന് ആഗ്രഹം. ഒരു ഇന്റർനാഷണൽ ഇവെന്റ് ആദ്യം ചെയ്യണമെന്ന് പറഞ്ഞു. ഈ ക്രിക്കറ്റ് കളിക്കാർക്ക് ഒരു ചിന്തയേ എപ്പോഴുമുള്ളു, അത് ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ്. നാട്ടുകാർക്ക് കാണാനായി സ്‌റ്റേഡിയം തുറന്നപ്പോൾ ഞാൻ മക്കളുമൊരുമിച്ച് പോയി. പിച്ച് നോക്കി. മക്കളോട്ദൂരമളക്കാൻ പറഞ്ഞു. ക്രിക്കറ്റിന് പറ്റിയ സ്ഥലം. കേരള ക്രിക്കറ്റ് അസോസിയേഷനിൽ റിപ്പോർട്ട് ചെയ്തു.. ചുരുക്കി പറഞ്ഞാൽ അങ്ങോട്ടും ഇങ്ങേട്ടും ജോസഫ് തോമസ് സാറുമായി നിരന്തര ഫോൺ വിളികളായി. 

സൗത്ത് ആഫ്രിക്കൻ ടീം ഇൻഡ്യയിലേക്ക് വരുന്നു. അങ്ങിനെ അവസാനം സൗത്ത് ആഫ്രിക്ക വേഴ്സസ് രഞ്ചി ട്രോഫി ചാമ്പ്യൻസിന്റെ മൂന്ന് ദിവസ മാച്ച് തീരുമാനിക്കപ്പെട്ടു. അങ്ങിനെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആദ്യമായി 1996 നവംബർ 10 11, 12 തിയ്യതികളിൽ മൂന്ന് ദിവസത്തെ ക്രിക്കറ്റ് കളി നടന്നു. ഞാൻ പരമാവധി ബോർഡ് അംഗങ്ങളെയെല്ലാം ക്ഷണിച്ചു. എല്ലാവർക്കും അതിയായ സന്തോഷം. അതിന്റെ അടുത്ത വർഷം ഞാൻ കെ.സി.എയുടെ സെക്രട്ടറിയായി.

സന്തോഷത്തിനും സമാധാനത്തിനും മുൻതൂക്കം

 1997 ഡിസംബറിൽ BCCI മീറ്റിങ്ങിൽ കൊച്ചിയിൽ  ഏകദിനം തീരുമാനമായി. 98 ഏപ്രിൽ ഒന്നിന് ആദ്യഏകദിന മത്സരം. അതോടെ കൊച്ചി ഇളകി മറിഞ്ഞു. ലക്ഷത്തിൽ പരം കാണികൾ .!

വിജയത്തിനൊപ്പം പ്രശ്നങ്ങളും കൂടെ കൂടുമല്ലോ കെ.സി.എക്ക് കോടികളുടെ വരുമാനമായപ്പോൾ അവിടം മുതൽ പ്രശ്നവും തുടങ്ങി. അതു കൂടാതെ രണ്ട് തവണ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളി നടന്നതിനു ശേഷം എല്ലാവരും എന്നെ ഫോക്കസ് ചെയ്തു തുടങ്ങിയതും മറ്റുള്ളവർക്ക് വിനയായി. എന്നെ പടിയിറക്കാനുള്ള ശ്രമവും തുടങ്ങി. രണ്ട് വർഷം കഴിഞ്ഞാൽ മാറാം എന്ന ഓപ്ഷൻ കെ.സി.എ യിൽ ഉണ്ടായിരുന്നു. ഞാൻ ആ ഓപ്ഷൻ സ്വീകരിച്ച് 1999ൽ രാജിവെച്ചു. 

സ്ഥാനമാനങ്ങളെക്കാൾ സന്തോഷത്തിനും സമാധാനത്തിനും മുൻതൂക്കം കൊടുക്കുന്ന എനിക്ക് എന്റെ തീരുമാനം തന്നെയായിരുന്നു ശരി. പലരും പേടിയാണോ എന്നു വരെ ചോദിച്ചു. ഇതിനിടയിൽ ഞാൻ ഡോക്ടറേറ്റ് നേടിയിരുന്നു. (1985) ധനതത്വശാസ്ത്രത്തിൽ . 1995 ൽ ഗവേഷകനായി റിസർച്ച് ഗൈഡായി. എന്റെ കീഴിൽ പി.എച്ച് ഡി ക്കാർ രജിസ്റ്റർ ചെയ്തു തുടങ്ങി. ഞാൻ ആദ്യം റിസർച്ച് ഗൈഡ് ആകുന്നതിന്റെ ഭാഗമായി രണ്ട് പുസ്തകങ്ങൾ എഴുതി. ഇപ്പോൾ മൊത്തം പത്തെണ്ണമായി. 

അച്ഛൻ എന്റെ തീരുമാനങ്ങൾക്ക് ഒപ്പമായിരുന്നു
 
ക്രിക്കറ്റ് തലക്ക് പിടിച്ചതറിയാവുന്ന അച്ഛൻ പൂർണ പിൻതുണ നൽകുമെങ്കിലും ഇടയ്ക്ക് നീ എക്കണോമിക്സ് അധ്യാപകനാണ് അത് മറക്കരുത് എന്ന് ഓർമ്മിപ്പിക്കും. കാരണം മനസ്സ് മുഴുവൻ ക്രിക്കറ്റാണല്ലോ പക്ഷെ അധ്യാപനം ഒട്ടും മോശമാകുന്നില്ല എന്ന് എനിക്ക് തീർച്ചയായി . ഞാൻ പഠിപ്പിച്ച കുട്ടി റാങ്കോടെയാണ് ജയിച്ചത്. കുറഞ്ഞത് എന്റെ വായനയായിരുന്നു. 1992 മുതൽ 2000 വരെ ജില്ലാ സ്പോർട്സ് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു.

 
2000 ൽ ഇനി ഈ വശത്തേക്കില്ലഎന്ന തീരുമാനമെടുത്തു. കഴിഞ്ഞ 23 വർഷമായി അതു തുടരുന്നു. 2005 ലാണ് ചാനലുകളും പരിപാടികളും കൂടുതലായിത്തുടങ്ങുന്നത്. അങ്ങിനെയാണ് ഇന്ത്യാവിഷനിലെ മനോജ് ഭാരതി എന്നെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കുന്നത്. അന്ന് തുടങ്ങിയതാണ് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്നും വിവിധ ചാനലുകളിൽ സംസാരിക്കുന്നു. 

അധ്യാപകനിൽ നിന്ന് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റമായി. പക്ഷെ മാനേജ്മെന്റുമായി ഒത്തു പോകാൻ കഴിയാത്തതു കൊണ്ടു തന്നെ. വിരമിക്കാൻ ആറു വർഷം ബാക്കിയുള്ളപ്പോൾ വി.ആർ.എസ് എടുത്തു. അച്ഛൻ എന്റെ തീരുമാനങ്ങൾക്ക് ഒപ്പമായിരുന്നു. ഒരു ദിവസം പോലും പിന്നെ വെറുതെ ഇരുന്നിട്ടില്ല പല കോളേജുകളിലും ക്ലാസെടുക്കുന്നു. 

തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment