കുറത്തിയാട്ടത്തിന്റെ കൂട്ടുകാരൻ
സംസ്കാരങ്ങൾ രൂപപ്പെട്ടത് നദീ തീരങ്ങളിലാണ്. ഇന്ത്യൻ പുരാണങ്ങളിൽ നദികളുടെ സ്ഥാനം അദ്വിതീയമാണ്. ശരീരം ശുദ്ധിയാക്കാൻ മാത്രമല്ല മനസിനെ ശുദ്ധിയാക്കാനും നദികളെ ദേവി കൾക്ക് തുല്യം ആരാധിച്ചിരുന്ന ഒരു സംസ്കാരിക പാരമ്പര്യമായിരുന്നു ഇന്ത്യയുടേത്.
ചിരസമ്മതമായ സാഹിത്യരചനകൾക്കും നദികൾ പ്രചോദനമായിട്ടുണ്ട്. ജീവിത യാത്രക്കിടയിൽ പ്രസിദ്ധമായ സൗപർണിക യിൽ മുങ്ങി നിവരാൻ ഇടവരുകയും അജ്ഞാതനായ ഒരു സിദ്ധന്റെ ഉപദേശാനുസരണം സ്വന്തം പേരിന്റെ കൂടെ സൗപർണിക എന്നു ചേർക്കുകയും അന്യം നിന്ന കുറത്തിയാട്ടം എന്ന പ്രാചീന കലാരൂപത്തെ പരിഷ്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചരിത്രമുറങ്ങന്ന ചരിത്രം തുടിയ്ക്കുന്ന പിറവം സ്വദേശിയായ രമണൻ സൗപർണിക എന്ന കലാകാരൻ തന്റെ സ്വന്തം കഥ പങ്കു വെക്കുന്നു.
എന്റെ കഥ
കലയിൽ കുട്ടിക്കാലം മുതലേ താൽപര്യമുണ്ടായിരുന്നെങ്കിലും കുറത്തിയാട്ടത്തിലേക്കുള്ള വഴിത്തിരിവ് അപ്രതീക്ഷിതമായിട്ടായിരുന്നു. പിറവത്തിനടുത്ത് തിരുമറയൂരിലാണ് എന്റെ ജനനം. അച്ഛൻ രാമൻ, അമ്മ തങ്കമ്മ. മൂന്നാൺ മക്കളിൽ രണ്ടാമത്തെ മകൻ.
തിരുമറയൂരിൽ നവചേതന കലാസമിതി ഉണ്ടായിരുന്നു. അവർ അധികം അടുപ്പിച്ചിരുന്നില്ലെങ്കിലും കുട്ടിക്കാലത്ത് ഞാനടുത്തുകൂടുമായിരുന്നു. ഓണക്കാലത്ത് സമിതിയുടെ നാടകങ്ങൾ ഉണ്ടാകും സി.എൽ ജോസിന്റെയും മരട് രഘുനാഥിന്റെയും സുന്ദരം പനങ്ങാടിന്റെയും നാടകങ്ങൾ. നാടകങ്ങൾ വേദിയിലവതരിപ്പിക്കുമ്പോൾ കുറെയധികം സാധനങ്ങൾ ആവശ്യമുണ്ട്. ടെലഫോൺ , ക്ലോക്ക് തുടങ്ങി ഒരു പാട് സാധനങ്ങൾ. ഞാൻ അതെല്ലാം സംഘടിപ്പിച്ചു തരാമെന്ന് ചാടിക്കേറി ഏറ്റെടുക്കും. കാരണം എന്റെ അച്ഛൻ മരപ്പണിക്കാരനാണ്. ഉളി കട്ടെടുത്ത് വേണ്ടതൊക്കെ ഉണ്ടാക്കും.
ആ കൊല്ലം അതായത് എനിക്ക് പതിമൂന്ന് വയസ്സ് പ്രായം. സമിതി കുട്ടികളുടെ ബാലെ സംഘടിപ്പിച്ചു. ശ്രീരാമപട്ടാഭിഷേകം' അതിൽ ശ്രീരാമന്റെ അമ്പും വില്ലും ഹനുമാന്റെ മുഖം , ജടായുവിന്റെ ചുണ്ട് ഇതൊക്കെ ഞാൻ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു. കൂടാതെ അച്ഛനോട് പറഞ്ഞ് ഒരു ഇരുമ്പു കസേരയും വാങ്ങി സമിതിക്ക് സമ്മാനിച്ചു. ചെറുപ്പത്തിലേ ചിരട്ടത്തീ ഉണ്ടാക്കി ഞാൻ വിൽക്കുമായിരുന്നു. പകരം ചക്കയും കപ്പയും കിട്ടും.
ആർ എൽ വി ബേബി മാഷും ഞാനും
പത്താം തരം കഴിഞ്ഞു. പ്രീഡിഗ്രി പൂർത്തിയാകാതെ തന്നെ ഐ.ടി.സിക്ക് ചേർന്നു. പഠിച്ചിറങ്ങിയതും അച്ഛന്റെ അനുജന്റെ കൂടെ കൂടി. അദ്ദേഹം സ്റ്റീൽ ഫർണീച്ചറുകളുടെ വർക്കുകൾ എടുത്തു നടത്തുന്ന കോൺട്രാക്റ്ററാണ്. അങ്ങിനെ ആ കൈത്തൊഴിൽ പഠിച്ചു. ഒരു ദിവസം വീട്ടിൽ ജോലിയിലേർപ്പെട്ട സമയം. അപ്പുറത്ത് ഒരു മാഷ് കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഈ ശബ്ദം കാരണം അവർക്ക് പഠിക്കാൻ കഴിയുന്നില്ല.
ഞാൻ പണി നിർത്തി. അങ്ങോട്ടു ചെന്നു. നോക്കിയപ്പോൾ എപ്പോഴും കാണുന്ന മുഖം. സ്വതവേ അന്തർമുഖനായ മാഷ് അഞ്ച് വീട് അപ്പുറത്താണ് താമസമെങ്കിലും ഇന്നുവരെ എന്നോട് മിണ്ടിയിട്ടില്ല. അന്നാണ് ആദ്യമായി ആർ എൽ വി ബേബി മാഷ് എന്നോട് സംസാരിച്ചത്. സംസാരിക്കുക മാത്രമല്ല അവർക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ ഉണ്ടാക്കിത്തരുവാനും അഭ്യർത്ഥിച്ചു.
ആദ്യ കുറത്തിയാട്ടത്തിന്‍റെ കഥ
സംഗതി ഞാനവരുടെ ഒപ്പം കൂടിയെങ്കിലും മാഷിന്റെ കുറത്തിയാട്ടത്തോട് എനിക്ക് ഒരു ശതമാനം പോലും അംഗീകരിക്കാൻ കഴിഞ്ഞില്ല.കാരണം ആ കഥ തന്നെ തെറ്റായാണ് അവതരിപ്പിച്ചിരുന്നത്. ശനിദേവനെ ശിവൻ ഒരിക്കലും വധിക്കുന്നില്ല. മാഷോട് വിയോജിപ്പ് ശക്തമായിത്തന്നെ പ്രകടിപ്പിച്ചു. മാഷ് അത് അംഗീകരിച്ചുമില്ല. മാറ്റാനും തയ്യാറായില്ല. ഇതറിഞ്ഞ മാഷിന്റെ സുഹൃത്ത് രവീന്ദ്രൻ മാഷ് എന്നോട് അനുകൂലിക്കുകയും നമുക്ക് ശരിയായ രീതിയിൽ അവതരിപ്പിക്കാം എന്ന് പറയുകയും ചെയ്തു. ശരിയായ കഥ ഒന്നുകൂടെ അറിയാനായി ഞാൻ എന്റെ ഗുരുവായ മണികണ്ഠൻ ആചാരിയെ സമീപിച്ചു.

തമിഴിലെ പെരിയപുരാണമെന്ന വായുപുരാണത്തിൽ കഥ വളരെ വിശദമായും വിശ്വാസ യോഗ്യമായും കൊടുത്തിരിക്കുന്നത് ഗുരു എനിക്ക് കാണിച്ചു തന്നു. അങ്ങിനെ 8 വർഷം മുൻപ് ഉദയാപുരം ക്ഷേത്രത്തിൽ ആദ്യമായി കുറത്തിയാട്ടം നടത്തി.
ഉത്സവകാലത്തിന്റെ തുടക്കം ഉദയനാപുരത്തു നിന്നാണ്. വളരെ മികച്ച പ്രതികരണം ലഭിച്ചു. ശരിക്കും കുറത്തിയാട്ടം ജനമധ്യത്തിലെത്തിക്കാൻ കഴിഞ്ഞു. ഇപ്പോൾ 8 വർഷമായി വൈക്കം വിപഞ്ചിക എന്ന ട്രൂപ്പുണ്ടാക്കിയിട്ട്. ഫാബ്രിക്കേഷൻ വർക്കും ഒപ്പം ചെയ്യുന്നുണ്ട്.
ഒപ്പം സൗപർണിക ചേര്‍ത്ത സന്യാസി
1986 ൽ വിവാഹം കഴിഞ്ഞു. ഭാര്യ ഷീല. മക്കൾ ദീപക്, ദിബിൻ. കൊറോണ കാലത്തിന് മുൻപ് വരെ മൂന്ന് ആധ്യാത്മിക മാസികകളിൽ ഹിന്ദു പുരാണം എഴുതിയിരുന്നു. ആറ് ഷോർട്ട് ഫിലിമുകളിലും നാല് മെഗാ സീരിയലുകളിലും ( സീത , അരയന്നങ്ങളുടെ വീട് സ്വന്തം സുജാത. റാണി രാജ ) മോശമല്ലാത്ത വേഷം ചെയ്യാൻ കഴിഞ്ഞു. 25 വയസുള്ളപ്പോൾ സുന്ദരൻ പനങ്ങാടിന്റെ സേതുബന്ധനം, മരട് രഘുനാഥിൻ്റെ ഹിപ്പോക്രസി, സി .എൽ ജോസിൻ്റെ ജ്വാല എന്നീ നാടകങ്ങളിൽ സജീവ സാന്നിധ്യം. എനിക്ക് ഗായത്രി മന്ത്രം പഠിപ്പിച്ചതും ഗുരുവാണ്.
പഠിച്ചിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ഒരു എഞ്ചിനിയർ എന്നെ കാണാൻ വന്നതും മുകാംബിക ദേവിയെക്കുറിച്ച് പറയുന്നതും. മൂന്നാം നാൾ ഞാൻ സുഹൃത്തുമൊത്ത് മൂകാംബികയിലെത്തി.

കുടജാദ്രിയിൽ പോയി തിരിച്ചു വന്ന് സൗപർണ്ണികയിൽ മുങ്ങിക്കുളിക്കുമ്പോഴാണ് എത്ര നല്ല പേരാണ് സൗപർണ്ണിക എന്ന് ഞാൻ ഉറക്കെ പറഞ്ഞത്. ഇത് കേട്ട പേരറിയാത്ത ഒരു സന്യാസി- 'നിങ്ങളുടെ പേരിന്റെ കൂടെ സൗപർണ്ണിക എന്നു ചേർത്തോളു നല്ലതേ വരൂ'-എന്ന് പറഞ്ഞു. എനിക്കെന്തൊ അത് വല്ലാത്ത അനുഭവമായിരുന്നു. അന്ന് മുതൽ പേരിന്റെ ഒപ്പം സൗപർണിക എന്ന് കൂടി ചേർത്ത് തുടങ്ങി.
അതിന് ശേഷം ഇന്ന് വരെ നല്ലതേ ഉണ്ടായിട്ടുള്ളു.ഇപ്പോൾ 10 കലാകാരന്മാരെ ചേർത്ത് പിടിച്ച് കേരളത്തിലുടനീളം സ്റ്റേജ് പരിപാടി നടത്തി വരുന്നു.
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം ലഭിച്ചു
കഴിഞ്ഞ ജനുവരി 12-ാം തിയ്യതി തിരുവനന്തപുരത്ത് വച്ച് ഭാരതത്തിൻ്റെ ദേശീയ ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം ലഭിച്ചു.വളരെ ശുഷ്ക്കിച്ച് പോയിരുന്ന കുറത്തിയാട്ടം എന്ന ക്ഷേത്രകലയെക്കുറിച്ച് ആധികാരികമായി ഗവേഷണം ചെയ്ത് കേരളത്തിലങ്ങോളമിങ്ങോളം കഴിഞ്ഞ 8 വർഷമായി സ്റ്റേജ് പരിപാടി നടത്തി വരുന്നു.

ഭഗവാൻ പരമശിവന് ശനിദോഷം വരികയാൽ മഹാദേവനും പാർവതി ദേവിയും കുറവനും കുറത്തിയുമായി വേഷം മാറി കാനനത്തിൽ വസിക്കുകയും ശനിദോഷത്തിൻ്റെ അവസാന ഘട്ടത്തിൽ ശനിദേവനുമായി ഘോര യുദ്ധത്തിൽ ഏർപ്പെടുകയും ശനിദേവനെ തോൽപ്പിച്ച് അനുഗ്രഹം കൊടുത്ത് ശനീശ്വരനായി പ്രഖ്യാപിക്കുകയും കുറത്തി രൂപിണിയായ പാർവതി ദേവിയെ വനദുർഗ യാ യി അ നുഗ്രഹിക്കുകയും ചെയ്യുന്ന കഥ തമിഴിലെ വായു പുരാണത്തിൽ നിന്നും അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന വിഷയം കണക്കിലെടുത്താണ് ഭാരത് സേവക് സമാജിൻ്റെ ദേശീയ ചെയർമാൻ ബാലചന്ദ്രൻ മൊമെന്റെയും ഷാളും നൽകി ആദരിച്ചത്.
അവിസ്മരണീയ മഹാമൃത്യുജ്ഞയഹോമം
18 വയസിൽ താഴെയുള്ള കുട്ടികളുടെ കലാ സാംസ്കാരിക സംഘടനയായ ദേശീയ ബാല തരംഗ ത്തിൻ്റെ എല്ലാ വർഷവും എറണാകുളത്ത് വച്ച് നടത്തുന്ന കലാ മത്സരങ്ങളിൽ വിധികർത്താവ് ആകുകയും മാർക്ക് ഇടുന്ന കാര്യത്തിൽ ഒരു പ്രത്യേക മാനദണ്ഡരീതിക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താമസിക്കുന്നത്. എറണാകുളം പിറവത്തിനടുത്ത് വെളിയനാട് .ആദിശങ്കരൻ്റെഅമ്മ വീടായ

ഇല്ലത്തിന് തൊട്ടടുത്ത്. പാഴൂർ പടിപ്പുരയും തൊട്ടടുത്താണ് ഐതിഹ്യമാലയിലുള്ള പാഴൂർ പെരും തൃക്കോവിലും ഇവിടെ തന്നെ.
എന്റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവം എന്റെ ഗുരുവിനൊപ്പം രണ്ടായിരാമാണ്ടിൽ കണ്ണൂർ കാമാക്ഷി ക്ഷേത്രത്തിൽ 216 മണിക്കൂർ നീണ്ടു നിന്ന അതായത് 9 ദിവസം തുടർച്ചയായി രാവും പകലും നടന്ന മഹാമൃത്യുജ്ഞയഹോമത്തിൽ പങ്കു കൊള്ളാനായി എന്നതാണ്. അന്യം നിന്നു പോകുമായിരുന്ന കുറത്തിയാട്ടത്തെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നത് ഏറ്റവും വലിയ പുണ്യ പ്രവർത്തിയായി കരുതുന്നു.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment