നാടകം പ്രാണവായുവാക്കിയ ശിവകുമാർ തന്റെ സ്വന്തം കഥ പങ്കു വെക്കുന്നു
വഴിത്തിരിവുകള്‍
കലാരൂപങ്ങളിൽ നാടകത്തിന്റെ സ്വാധീനം അദ്വിതീയമാണ്. നാടകാന്തം കവിത്വം എന്നാണല്ലൊ പ്രമാണം. നാടകം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.ഐക്യ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ പിറവിക്ക് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമാണ്. നമ്പൂതിരി സമുദായത്തെ കീഴ്മേൽ മറിച്ചത് വി.ടി. ഭട്ടതിരിപ്പാട് എഴുതിയ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകമാണ്.
ചിലപ്പോൾ നാടകം ചിലരിൽ ലഹരിയായി പെയ്തിറങ്ങും. നാടകം തന്നെയായിരിക്കും അവരുടെ ചിന്തയും പ്രവർത്തിയും .അരങ്ങിൽ നിന്നും അരങ്ങിലേക്കായിരിക്കും അവരുടെ യാത്ര. അണിയറയിലെ അവരുടെ പ്രവർത്തനവും നാടകവുമായി ബന്ധപ്പെട്ടതായിരിക്കും. നാടകത്തെ പ്രാണവായുവായി കരുതുന്ന ശിവകുമാർ തന്റെ സ്വന്തം കഥ പങ്കു വെക്കുന്നു.
തലക്ക് പിടിച്ച നാടകം
ഞാൻ ജനിച്ചത് അമ്മയുടെ നാടായ വല്ലാർപാടത്താണെങ്കിലും പിന്നീട് ജീവിച്ചതും പഠിച്ചതും കുട്ടനാട്ടിലെ എടത്വയിലാണ്. അച്ഛൻ സുനിലിനും അമ്മ സുരേഖക്കും രണ്ടു മക്കൾ ഞാൻ മൂത്തവൻ. എനിക്കിളയത് അനുജൻ അതുൽ . സെന്റ് അലോഷ്യസ് സ്ക്കൂളിലും കോളേജിലുമായിരുന്നു എന്റെ വിദ്യാഭ്യാസം. അമ്മ നന്നായി പാടും അച്ഛന്റെ കുടുംബത്തിലും കലാകാരൻമാരുണ്ട്. അച്ഛന്റെ അടുത്ത ബന്ധു അഡ്വ.പ്രദീപ് പടനാട് നാടൻ പാട്ടു ഗവേഷകനും ഫോക് ലോർ അക്കാദമി കൗൺസിൽ അംഗവുമാണ്.
എനിക്ക് നാടകം തലക്ക് പിടിച്ചത് ആറാം തരം മുതലാണ് . ആദ്യം നാടകം പഠിപ്പിച്ചത് ജയചന്ദ്രൻ തകഴിക്കാരൻ . പത്താം തരത്തിൽ പഠിപ്പിച്ചത് സന്തോഷ് തകഴി . നാടകവും നാടൻ പാട്ടും സ്ക്കൂൾ കാലഘട്ടത്ത് ഞാൻ സ്ഥിരമായി പങ്കെടുത്ത പരിപാടികളായിരുന്നു.
കോളേജ് പഠനകാലത്ത് പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാമെന്നു വെച്ചു. ബിരുദത്തിന് ഫിസിക്സ് ആണ് എടുത്തതെങ്കിലും ബിരുദം പൂർത്തിയാക്കിയില്ല.
രക്തത്തിൽ നാടകവും അഭിനയവും തന്നെയായിരുന്നു. വേറൊരു കോഴ്സ് ചെയ്തെങ്കിലും അതും വൃഥാവിലായി.

നാടകം പഠിപ്പിച്ച് വഴിത്തിരിവ്
പിന്നീട് ഗൾഫിൽ ജോലിക്ക് പോയി. അതേ വേഗത്തിൽത്തന്നെ ഒരു മാസം പൂർത്തിയാവുന്നതിനുള്ളിൽ തിരിച്ചെത്തി. എത്തിയതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലാ ജാഥയിൽ ഒരു കണ്ണിയായി. അപ്പോൾ മുതൽ അഭിനയമായിരുന്നു ജീവിതം. ശാസ്ത്ര കലാജാഥയിൽ നാലു ജാഥ നടത്തി. പിന്നീട് ലോകധർമ്മി തിയേറ്ററിലും നെയ്തൽ നാടക സംഘത്തിലും പ്രൊഫണൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. നെയ്തൽ നാടക സംഘത്തിൽ അഭിനയിച്ച കക്കുകളി എന്ന നാടകം കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ തിരഞ്ഞെടുത്തു. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ് ഞാൻ പഠിച്ച സ്ക്കൂളിലെ കുട്ടികൾക്ക് ഞാൻ നാടകം പഠിപ്പിച്ചു എന്നതാണ്.

എറണാകുളം ഗവ ലോ കോളേജിലെ വിദ്യാർത്ഥികൾക്കാണ് കോളേജ് തലത്തിൽ ആദ്യമായി പഠിപ്പിച്ചത്. അതിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി എം.ജി യുണിവേഴ്സിറ്റി നടത്തിവരുന്ന കലോൽസവത്തിൽ ഞാൻ എഴുതി പഠിപ്പിച്ച നാടകങ്ങൾക്കു തന്നെയായിരുന്നു ഒന്നാം സ്ഥാനം.
കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ 32 നാടകങ്ങളായിരുന്നു മാറ്റുരക്കാൻ ഉണ്ടായിരുന്നത്. അതിൽ ഞാനെഴുതി സംവിധാനം ചെയ്ത "പറച്ചി"ക്ക് ഒന്നാം സമ്മാനം ലഭിച്ചു. സമ്മാനം ലഭിക്കുന്നതും അല്ലാത്തതും എന്റെ വിഷയമായിരുന്നില്ല. പക്ഷെ നാടകം കണ്ട പലരും ഞങ്ങളുടെ കഥ കൂടി, ജീവിതം കൂടി ഇതിലുണ്ട് എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരയുമ്പോൾ നമ്മൾ വല്ലാത്ത മാനസികാവസ്ഥയിലേക്ക് പോകും. ഇത്തവണ ഗവ.ലോ കോളേജിന് വേണ്ടി ചെയ്ത സ്കിറ്റിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
നാടകം തന്നെ അനുയോജ്യം
ഗൾഫിൽ നിന്ന് വന്ന കാലത്ത് ഒറ്റക്ക് തെരുവുനാടകം കളിച്ചിരുന്നു. ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം തുടങ്ങി പല സ്ഥലങ്ങളിലും അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളെ, വിഷയങ്ങളെ ആസ്പദമാക്കിയാണ് ഏകാങ്ക നാടകം ചെയ്യുന്നത്. ഇപ്പോൾ കുറച്ച് കാലമായി സമയ പരിമിതിമൂലം നിർത്തി വെച്ചിരിക്കുകയാണ്. ഇപ്പോൾ സ്ക്കൂളുകളിലും കോളേജുകളിലും നാടകം പഠിപ്പിക്കുന്നു.
ജൂൺ ജൂലായ് മഴ മാസങ്ങൾ ഒഴിച്ചാൽ എല്ലാ മാസവും കുടുംബശ്രീ, എക്സൈസ്, പോലീസ് എന്തിന് വലിയ തുണിക്കടകളടക്കം കലാമേള നടത്തുന്നുണ്ട്. എനിക്ക് എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യമായി തോന്നിയതും നാടകം തന്നെയാണ്.

സിനിമയിലേക്കുള്ള ചുവട് വയ്പ്പില്‍
വീട്ടുകാർ ആദ്യം ശക്തമായി എതിർത്തെങ്കിലും ഇപ്പോൾ സമ്മാനങ്ങൾ ലഭിക്കുന്നതു കാണുമ്പോൾ അറിയപ്പെടുന്നു എന്നറിയുമ്പോൾ, പ്രോത്സാഹനം നൽകുന്നു. അനുജൻ അതുൽ മഹാരാജാസിൽ ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു. എന്നിലും നല്ല നടനായ അതുൽ സംഘടനാ പ്രവർത്തനത്തിനൊപ്പം ഈ മേഖലയിലേക്ക് വരാൻ തന്നെ എന്തൊക്കെയോ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഞാനിപ്പോൾ സിനിമയിലേക്കുള്ള ചുവട് വയ്പ്പിലാണ് അണിയറയിൽ കഥകളുടെ ചർച്ച നടക്കുന്നു. എന്തായാലും സിനിമയും നാടകവുമില്ലാതെ ജീവിതമില്ല.

തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment