കലാമണ്ഡലം ക്ലാര പിന്നിട്ട വഴികള്‍
സംഗീതത്തിനും നൃത്തത്തിനും ജാതിയും മതവും ഇല്ലെങ്കിലും പരിശീലനത്തിന്റെയുമൊക്കെ മേഖലകളില്‍ ഇപ്പോഴും ആവ നിലനില്‍ക്കുന്നുണ്ട് എന്നത് വേദനാജനകമായ വസ്തുതയാണ്. മാമൂലുകളെ ലംഘിക്കുന്ന കലാകാരന്മാര്‍ ശ്രദ്ധേയരാവുന്നത് അത് കൊണ്ടു കൂടിയാണ്. വാഹനാപകടത്തെ തുടര്‍ന്ന് ആകാല മൃത്യുവിനിരയായ കലാ മണ്ഡലം ഹൈദരാലി അതിന് ഉത്തമോദാഹരണമാണ്.
എന്നാല്‍ ഹൈദരലിക്കും വളരെ മുമ്പ് ഏഴാം വയസില്‍ മോഹിനിയാട്ടം ആദ്യ ബാച്ചില്‍ കാള മണ്ഡലത്തില്‍ ചേര്‍ന്ന ക്ലാര എന്ന പെണ്‍കുട്ടി പിന്നിട്ട വഴികള്‍ ഇന്നത്തെ തലമുറക്ക് തികച്ചും അജ്ഞാതമാണ്. നൃത്തം പഠിച്ച ശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ടിടിസി പഠിച്ച അദ്ധ്യാപികയാണെങ്കിലും നൃത്തത്തോടും നാടകത്തോടുള്ള അവരുടെ അഭിനിവേശത്തിന് കുറവൊന്നും വന്നിരുന്നില്ല.ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് മകളുടെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ക്ലാര ടീച്ചര്‍ വഴിത്തിരിവുകളായ ജീവിതം പറയുന്നു.
മൂന്നാം ക്ലാസ്സില്‍ നിന്ന്‍ കലാമണ്ഡലത്തിലേക്ക്
കലാമണ്ഡലത്തില്‍ പഠിച്ചു എന്നത് എല്ലാവരും അഭിമാനത്തോടെ പറയുമ്പോള്‍ ഒന്നുമറിയാത്ത പ്രായത്തിലാണ് ഞാന്‍ കലാമണ്ഡലത്തില്‍ പോകുന്നത്.തൃശൂര്‍ പൂങ്കുന്നം തെക്കേക്കര തറവാട്ടില്‍ ശൌരുണ്ണിയുടെയും അന്നമ്മയുടെയും ഒമ്പതാമത്തെ മകളായി ജനിച്ചു. എന്റെ അമ്മ എനിക്ക് നാലര വയസുള്ളപ്പോള്‍ മരിച്ചു. അച്ഛന്‍ സീതാറാം മില്ലിലെ ഡ്രൈവര്‍ ആയിരുന്നു.
എന്റെ മൂത്ത സഹോദരന്‍ കൊച്ചപ്പന്‍ ചേട്ടന്‍ ടെയ്‌ലര്‍ ആയിരുന്നു.വീട്ടില്‍ ഇരുന്നാണ് തയ്ക്കുന്നത്. പിന്നെ അമ്മിണി ചേച്ചി. ഇവര്‍ രണ്ടു പേരുമാണ് കുടുംബം പോറ്റിയിയിരുന്നത്. അച്ഛന്റെ വരുമാനം കൊണ്ട് മാത്രം കുടുംബം മുന്നോട് കൊണ്ട് പോകാന്‍ കഴിയില്ലായിരുന്നു.വീട്ടില്‍ ചേട്ടന്‍ പാര്‍ട്ടി മെമ്പറായിരുന്നു. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നല്ലോ.ഞാനവരുടെ ഇടയിലൂടെ ഓടി നടക്കും. ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് വള്ളത്തോളിന്റെ മരുമകനും ദേശാഭിമാനി പത്രാധിപരുമായിരുന്ന ഇന്ധുചൂഡന്‍ എന്നെ കലാ മണ്ഡലത്തില്‍ ചേര്‍ക്കാന്‍ പറഞ്ഞത്.
കലാമണ്ഡലം കൃഷ്ണന്‍ നായരും കല്യാണിക്കുട്ടിയുമുണ്ടായിരുന്ന ആദ്യ ബാച്ച് നിര്‍ത്തിയതിനു ശേഷം മുകുന്ദരാജയും വള്ളങ്ങളും കൂടി പെണ്‍കുട്ടികള്‍ക്കായി ഒരു ബാച്ച് തുടങ്ങി. മോഹിനിയാട്ടം പഠിപ്പിക്കാനായി ഒരു ടീച്ചറെയും നിയമിച്ചു. മൂന്നാം തരം ജയിച്ച് കലാമണ്ഡലത്തിലെത്തിയ ഞാന്‍ അവിടത്തെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. 1950ലാണ് കലാമണ്ഡലത്തില്‍ ചേര്‍ന്നത്.ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു. പിന്നെ നൃത്തം പഠിപ്പിക്കാന്‍ വന്ന ചിന്നമ്മു അമ്മ ടീച്ചറും കലാമണ്ഡലത്തില്‍ നിന്ന് അധികം അകലെയല്ലാത്ത ഒരു വീട്ടിലാണ് ഞങ്ങളും ടീച്ചറും താമസിച്ചിരുന്നത്. ടീച്ചറെ കൂടാതെ കൃഷ്ണന്‍കുട്ടി വാര്യര്‍ ഭരത നാട്യവും അനുജന്‍ അച്യുതവാര്യര്‍ ശാസ്ത്രീയ സംഗീതവും ഭരതനാട്യവും പഠിപ്പിച്ചിരുന്നു. വള്ളത്തോളിനെ ഞങ്ങള്‍ കുട്ടികള്‍ 'മുത്തശാ' എന്നാണ് വിളിച്ചിരുന്നത്.
ഇടയ്ക്ക് അവധി ലഭിക്കുമ്പോള്‍ കൂട്ടുകാരികളെ വിളിക്കാന്‍ വീട്ടില്‍ നിന്ന് ആളുകള്‍ വരും. എന്നെ എല്ലാ അവധിക്കും വിളിച്ചു കൊണ്ട് പോകാനുള്ള അവസ്ഥയിലായിരുന്നില്ല കൊച്ചപ്പന്‍ ചേട്ടന്‍.അതറിഞ്ഞ കൂട്ടുകാരികളുടെ രക്ഷിതാക്കള്‍ എന്നെയും ഏറ്റെടുക്കുകയായിരുന്നു.അവിടെ താമസിച്ചു പഠിച്ച മൂന്ന് വര്‍ഷവും അവധി ദിനങ്ങളില്‍ ഞാന്‍ കൂട്ടുകാരികളുടെ വീട്ടിലാണ് കഴിഞ്ഞത്.
എനിക്കുവേണ്ടി ചെറുകാട് എഴുതിയ കഥാപാത്രം
മൂന്നു വര്ഷം കഴിഞ്ഞതും കലാമണ്ഡലത്തിലെ സര്‍ട്ടിഫിക്കറ്റുമായി വീട്ടിലെത്തി. തൃശൂര്‍ ടൌണിലെ മോഡല്‍ സ്കൂളില്‍ നാലാം ക്ലാസ്സില്‍ ചേര്‍ന്നു. പൂങ്കുന്നത്ത് നിന്ന് നടന്നു പോയി വരും. ഒരു നാലാം ക്ലാസുകാരിയുടെ വളര്‍ച്ചയല്ലായിരുന്നു എനിക്ക്. പ്രായവും അതായിരുന്നല്ലോ. ടി.എന്‍.നമ്പൂതിരിപ്പാടിന്റെ കേരള കലാവേദിയില്‍ ഞാനും ഉണ്ടായിരുന്നു. "നമ്മളൊന്ന്" എന്ന നാടകം തെക്ക് മുതല്‍ വടക്കു വരെ പല സ്ഥലങ്ങളിലും അഭിനയിച്ചു. അതിലെ റോൾ എനിക്കുവേണ്ടി ചെറുകാട് എഴുതി ഉണ്ടാക്കിയതാണ്. ആമിന മാത്രമുള്ള നാടകത്തിൽ നൃത്തം ചെയ്യാൻ ആയിഷ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചു. "ചവിട്ടിക്കുഴച്ച മണ്ണ്" നാടകത്തിലും ഞാനുണ്ടായിരുന്നു. ഒരു സിനിമയിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

കലാമണ്ഡലത്തില്‍ നിന്നും വന്നത് മുതലേ ഞാന്‍ മറ്റു കുട്ടികളെ നൃത്തം പഠിപ്പിച്ചു തുടങ്ങി. സ്കൂളിലും ടീച്ചര്‍മാര്‍ സഹപാഠികളെ പഠിപ്പിക്കാന്‍ പറയും. അങ്ങനെ നൃത്തവും ക്ലാസുമായി നടന്നതു കൊണ്ട് ക്ലാസ്സില്‍ അധിക ദിവസവും ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല.കൂട്ടുകാരും അധ്യാപകരുമാണ് പഠന കാര്യത്തില്‍ ഏറെ സഹായിച്ചത്.
പത്താം തരം ജയിച്ചതും ടിടിസിക്ക് ചേര്‍ന്നു. നൃത്തം പഠിപ്പിക്കല്‍ നിര്‍ത്തിയിരുന്നില്ല. ധാരാളം കുട്ടികളെ പഠിപ്പിച്ചു.വിവിധ ക്ഷേത്രങ്ങളില്‍ അരങ്ങേറ്റം നടത്തി. ഞാന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടതായത് കൊണ്ട് അമ്പലത്തിനു പുറത്തായിരിക്കും സ്റ്റേജ്. റേഡിയോ നിലയത്തിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.ശബ്ദം ശരിയാകുന്നില്ല എന്ന് തോന്നിയപ്പോള്‍ പിന്നീട് പോകേണ്ട എന്ന് തീരുമാനിച്ചു. അവസാനം അവതരിപ്പിച്ചത് വയലും വീടും എന്ന പരിപാടിയാണ്. വരുന്നില്ലെന്നു പറഞ്ഞിട്ടും പദ്മരാജനും മണ്ണൂര്‍ രാജകുമാരനുണ്ണിയും ചേര്‍ന്ന് നിര്‍ബന്ധിക്കുകയായിരുന്നു.എങ്കിലും പിന്നീട് ഞാന്‍ റേഡിയോ നിലയത്തിലെ പരിപാടി അവസാനിപ്പിച്ചു.

വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ ജോലി
ടിടിസി കഴിഞ്ഞതും എന്‍എസ് യുപിഎസ് ചെറൂര്‍ സ്കൂളില്‍ അധ്യാപികയായി. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സ്കൂളില്‍ അദ്ധ്യാപികയായി. മൂന്നുവർഷം കഴിഞ്ഞപ്പോൾ സർക്കാർ സ്കൂളിൽ ജോലി ലഭിച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ജോലിയുടെ ഉത്തരവ് വന്നത്. എറണാകുളം സ്വദേശിയായ ഭർത്താവും അങ്കമാലിക്ക് അടുത്ത് ഒരു സ്കൂളിൽ അധ്യാപകനായിരുന്നു. ആദ്യം രണ്ടിടത്തായി ജോലി ചെയ്യേണ്ടി വന്നെങ്കിലും എന്നെയും ഭർത്താവ് സ്കറിയയെയും ഷോളയാറിലെ സ്കൂളിലേക്ക് മാറ്റി. വീണ്ടും സ്ഥലം മാറ്റവും ജോലിയുമായി വിരമിക്കുന്നത് വരെ അദ്ധ്യാപനം തുടർന്നു. 96ൽ വിരമിച്ചു. അതിന് അഞ്ചുവർഷം മുമ്പ് ഭർത്താവും വിരമിച്ചു. ഇപ്പോൾ ഭർത്താവ് ഓർമ്മയായിട്ട് പത്തുവർഷമായി. ഞങ്ങൾക്ക് മൂന്നു മക്കൾ ബിന്ദു, ബീന, സ്റ്റീഫൻ. ഞാനിപ്പോൾ മകളുടെ കൂടെയാണ്.
മറക്കാനാകാത്ത ഒരടി
കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ രണ്ടു കാര്യങ്ങളുണ്ട്. ഒരിക്കലും മനസ്സിൽ നിന്ന് മായാത്തവ. ടീച്ചറും ഞങ്ങൾ അഞ്ചു പെൺകുട്ടികളും ചേർന്നാണ് എന്നും കുളത്തിൽ കുളിക്കാൻ പോവുക. വള്ളത്തോളിന്റെ വീട്ടുമുറ്റത്ത് കൂടി വേണം പോകാൻ. അവിടെ എല്ലാവരോടും മിണ്ടിയും പറഞ്ഞുമാണ് യാത്ര. ഞാൻ ഹിന്ദു അല്ലാത്തതുകൊണ്ട് തന്നെ കുളികഴിഞ്ഞ് മറ്റു കുട്ടികളെ തൊടാതെ മാറിനിൽക്കും. അവർ അമ്പലത്തിൽ തൊഴാൻ പോകും. അന്ന് തിരുവാതിരയായിരുന്നു.
കുളിച്ച് തിരിച്ചു വരുന്ന വഴി വള്ളത്തോളിന്റെ വീട്ടുവാതിക്കൽ നളിനിയുമായി സംസാരിച്ചു നിന്നു ( വള്ളത്തോളിന്റെ മകളുടെ മകളാണ് നളിനി ) നാളെ കാണാം എന്നു പറഞ്ഞു കയ്യിൽ കുഞ്ഞടി കൊടുത്തു ഞാൻ നടന്നു. പെട്ടെന്ന് നളിനി വലിയ വായിൽ കരയാൻ തുടങ്ങി. ആദ്യം എനിക്കൊന്നും മനസ്സിലായില്ല ഇതെല്ലാം കണ്ടുകൊണ്ട് വള്ളത്തോളിന്റെ മൂത്തമകൻ ബാലേട്ടൻ നിൽപ്പുണ്ടായിരുന്നു. നളിനിയോട് കാര്യം തിരക്കിയപ്പോൾ ഞാൻ ഇന്ന് തിരുവാതിര നോയമ്പ് ആദ്യമായി എടുക്കാൻ പോവുകയാണ്. പക്ഷേ ക്ലാര എന്നെ തൊട്ടു എന്നു പറഞ്ഞു. 'ഇവിടെ വാടി' എന്ന് ഉറക്കെ ബാലേട്ടൻ എന്നെ വിളിച്ചു. ഞാൻ പേടിച്ചുവിറച്ച് അടുത്തുചെന്നു. 'നളിനിയെ കെട്ടിപ്പിടിക്കടി' എന്നു പറഞ്ഞു. നളിനി തള്ളിയിടുമോ എന്ന ഭയം ഉണ്ടായെങ്കിലും കെട്ടിപ്പിടിച്ചു.
ബാലേട്ടന്റെ കൈയിൽ വടിയുണ്ടായിരുന്നു. ബാലേട്ടൻ നളിനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു "നിനക്ക് നാണമില്ലേ? മഹാകവിയുടെ കൊച്ചുമകൾ ആണത്രേ, ക്ലാര തൊട്ടപ്പോൾ അശുദ്ധം പറയുന്നു. മുത്തശ്ശൻ എഴുതിയ പുസ്തകങ്ങൾ പോയി വായിച്ചു നോക്ക്" അങ്ങനെ പറഞ്ഞു ബാലേട്ടൻ നളിനിയെ കണക്കെറ്റ് ശകാരിച്ചു. ഈ സംഭവം ഒരിക്കലും മറക്കാൻ കഴിയില്ല.

നെഹ്രുവിന്‍റെ മുന്നില്‍ നൃത്തം
ജവഹർലാൽ നെഹ്റു കൊച്ചിയിൽ വന്ന സമയം കലാമണ്ഡലത്തിലേക്ക് ക്ഷണിക്കാനായി എന്നെയും കൂട്ടുകാരിയെയും കൂട്ടിക്കൊണ്ട് വള്ളത്തോൾ എറണാകുളത്തെത്തി. നെഹ്റുവിനെ കണ്ട് ക്ഷണിച്ചു. ഞങ്ങളെക്കൊണ്ട് നെഹ്റുവിന്റെ മുൻപിൽ നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു. അത് ഒരിക്കലും മനസ്സിൽ നിന്ന് മായില്ല.
കഴിഞ്ഞമാസം തീരെ പ്രതീക്ഷിക്കാതെ എന്നെ തേടി ഒരു അവാർഡ് എത്തി. സ്വാതന്ത്ര്യ സമര സേനാനിയും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ആണ് ലഭിച്ചത്. എന്റെ ചിന്തകൾ വർഷങ്ങൾക്കപ്പുറത്തേക്ക് പോയി. എത്ര നാടകം കളിച്ചിരിക്കുന്നു. കലാമണ്ഡലത്തിൽ പഠിച്ച ക്രിസ്തീയ സമുദായത്തിലെ ആദ്യ വിദ്യാർഥിനി ഞാനായിരുന്നു. ഇന്ന് ഓർക്കുമ്പോൾ പലതും വിശ്വസിക്കാനാവുന്നില്ല.
ഈ ഓർമ്മകൾ മാത്രം മതി, എന്റെ മുന്നോട്ടുള്ള ജീവിതത്തിന്.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment