കുറ്റാന്വേഷണത്തിലെ രഞ്ചു സ്റ്റൈൽ.
വഴിത്തിരിവുകള്‍
ലോകമാകമാനം ആരാധകരുള്ള കഥാപാത്രമാണ് ഷെർലക് ഹോംസ്. ഇനി പിറക്കാനിരിക്കുന്ന തലമുറയെയും കയ്യിലെടുക്കുന്ന കാലത്തെ അതിജീവിച്ച നിത്യവിസ്മയമാണ് ആ കഥാപാത്രം.
കേരളത്തിലും ഹോംസിന് ആരാധകരേറെയുണ്ട്. അതോടൊപ്പം മലയാളികൾ നെഞ്ചിലേറ്റിയ രണ്ട് കുറ്റാന്വേഷകരാണ് കോട്ടയം പുഷപനാഥ് സൃഷ്ടിച്ച ഡിറ്റക്ടീവ് പുഷ്പരാജും ഡിറ്റക്ടീവ് മാർക്സിനും . കഥാകൃത്ത് കാലയവനികക്കുള്ളിലായെങ്കിലും കഥാപാത്രങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ഈ മേഖലയിലെ പുതിയ അവതാരമാണ് ഡിറ്റക്ടീവ് അലക്സി. മലയാളിയാണെങ്കിലും അലക്സിയുടെ അന്വേഷണ മികവ് അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. അതുകൊണ്ടു തന്നെയാണ് അലക്സി ക്ക് അനുദിനം ആരാധകർ കൂടി വരുന്നത്. അലക്സിയുടെ സൃഷ്ടാവായ രഞ്ചു കിളിമാനൂർ പുതിയ അവതാരത്തിന്റെ സൃഷ്ടി രഹസ്യം വെളിപ്പെടുത്തുന്നു.
എന്നെക്കുറിച്ച്
ജനിച്ചത് തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റമായ കിളിമാനൂരാണ്. അച്ഛന്റെ പേര് രാവിരാജൻ, അമ്മയുടെ പേര് സുമം. ഭാര്യ ബിസ്മി. രോഹിത്, രോഹൻ എന്നിവർ മക്കൾ. പഠനം 12 വരെ കിളിമാനൂർ ഗവണ്മെന്റ് എച്ച് എസ് എസ്ല്‍. ഡിഗ്രി വർക്കല എസ് എന്‍ കോളേജിൽ. സിവിൽ എഞ്ചിനീയറിങ് കടക്കൽവികെഎം ഐ ടിസിയിൽ. ഈ സോഫ്റ്റ് എന്നൊരു ഡിസൈനിങ് കമ്പനിയിൽ ഓട്ടോക്കാഡ് ഡ്രാഫ്റ്റർ ആയി ജോലി ചെയ്യുന്നതിനിടെ KSRTC യിൽ കണ്ടക്ടർ ആയി ജോലിക്ക് കയറി. 12 വർഷമായി അവിടെ ജോലി തുടരുന്നു.

അലക്സിയുടെ ത്രില്ലർ എന്‍ട്രി
ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ത്രില്ലർ മത്സരം നടന്നപ്പോൾ അതിലൊന്ന് പങ്കെടുക്കണമെന്ന് കരുതി ഒരു കഥയെഴുതിയിട്ടു. ആദ്യ പാർട്ട് വായിച്ചവർ ബാക്കിയുള്ള ഭാഗത്തിന് വേണ്ടി ഗ്രൂപ്പിൽ ബഹളമുണ്ടാക്കിയപ്പോഴാണ് അതിൽ എന്തൊക്കെയോ ഉണ്ടെന്ന് തോന്നിയത്. അങ്ങനെ അതിന്റെ രണ്ടാമത്തെ പാർട്ട് എഴുതിയിട്ടു. അപ്പോഴും ബാക്കിക്ക് വേണ്ടി ഒരുപാട് പേര് ആവശ്യപ്പെട്ടു. തുടർന്ന് ഗ്രൂപ്പിലെ ഒരു എഴുത്തുകാരൻ ഫോൺ ചെയ്ത് ചേട്ടൻ ഇത് പൂർത്തിയാക്കരുത് എന്നും പൂർത്തിയാക്കിയാൽ ആരെങ്കിലും എടുത്ത് സിനിമയാക്കിക്കളയുമന്നും എന്നോട് പറഞ്ഞു. അങ്ങനെ പൂർത്തീകരണം കൊടുക്കാത്ത രീതിയിൽ ആ കഥ ഞാൻ ഫിനിഷ് ചെയ്തു. ഇതേ കഥ പ്രതിലിപിയിൽ പബ്ലിഷ് ചെയ്തപ്പോൾ ഒത്തിരി വായനക്കാർ എന്നെ ഫോളോ ചെയ്യാനും അലക്സിയുടെ അന്വേഷണം ഇഷ്ടപ്പെടുന്നുവെന്ന് മെസ്സേജ് ചെയ്യുകയും ചെയ്തു.

ഷെർലക് ഹോംസിന്റെ കടുത്ത ആരാധകന്‍
ഷെർലക് ഹോംസിന്റെ കടുത്ത ആരാധകനായ ഞാൻ എന്റെ പാത്രസൃഷ്ടിയും ആ നിലവാരത്തിലുള്ളതാവണമെന്ന് ആഗ്രഹിച്ചു. ഹോംസിന് പകരം വെക്കാൻ ആർക്കുമാവില്ലെങ്കിലും അന്വേഷണ മികവ് അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കണമെന്ന് ഞാൻ തീരുമാനിച്ചു എങ്കിൽ മാത്രമെ അനുവാചകരെ തൃപ്തിപ്പെടുത്താനാവുകയുള്ളു. ഒരു ക്രൈം നോവലിന് അതിന്റെ തായ സവിശേഷതകളുണ്ട്.ഉദ്വേഗം ജനിപ്പിക്കുകയും അത് അവസാനം വരെ നിലനിർത്തുകയും ചെയ്യുക എന്നതാണ് പരമപ്രധാനം.

ബുദ്ധി പരമായ നീക്കങ്ങളിലൂടെയാണ് കുറ്റവാളിയെ കണ്ടെത്തുന്നതെങ്കിലും കഥയുടെ പരിണാമഗുപ്തി (ക്ളൈമാക്സ് ) അനുവാചകനെ അമ്പരപ്പിക്കുന്നതായിരിക്കണം.
എങ്കിൽ മാത്രമെ കുറ്റാന്വേഷകന് വായനക്കാരുടെ മനസ്സിൽ ഇടം നേടാനാവു എന്റെ ആദ്യ പുസ്തകമായ അലക്സി കഥകളിൽ നാല് കേസുകളുടെ വിവരണമാണുള്ളത് നാലും വ്യത്യസ്തമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ്.
ആദ്യ പുസ്തക വിജയം ആത്മവിശ്വാസം നൽകി
ഹോംസിന് ഡോക്ടർ ജോൺസൺ എന്ന പോലെ
അലക്സിയെ സഹായിക്കുന്നത് ജോണി യാണ്. ആദ്യ പുസ്തകത്തിന് നല്ല സ്വീകരണം ലഭിച്ചതോടെ രണ്ടാമത്തെ പുസ്തകമെഴുതാൻ എനിക്ക് ആത്മവിശ്വാസം ഉണ്ടായി. 'ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും' എന്ന പുസ്തകം മാതൃഭൂമി ബുക്സ് ഏറ്റെടുത്തു എന്നത് തന്നെ വലിയ അംഗീകാരമായി ഞാൻ കാണുന്നു. എനിക്ക് ലഭിക്കുന്ന വിളികളും സന്ദേശങ്ങളും അലക്സിയെ വായനക്കാർ സ്നേഹിച്ചു തുടങ്ങി എന്നതിന്റെ തെളിവായി ഞാൻ കണക്കാക്കുന്നു. '261 ബി.സി' എന്ന എന്റെ മൂന്നാമത്തെ പുസ്തകം അടുത്തു തന്നെ വെളിച്ചം കാണും .

ഹോം സിന്റെ ആരാധകനായ ഞാൻ ഒരു ക്രൈം നോവലിസ്റ്റായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്.
കെ.എസ്.ആർ.ടി.സിയിലെ ജോലി എന്റെ ഉപജീവനം മാത്രമാണ്. അതിജീവനം അലക്സിയുമായുള്ള കെട്ടിമറിയലാണ് !
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment