ജീവിതം മാറ്റിമറിച്ച മേളങ്ങൾ
തൃശൂര്‍ ജില്ലയിലെ ചെറു ഗ്രാമമാണ് പെരുവനം. ആ ഗ്രാമത്തിന്റെ പേരും പെരുമയും ലോകമാസകലം വ്യാപിപ്പിച്ച അതുല്യ കലാകാരനാണ് പെരുവനം കുട്ടന്‍ മാരാര്‍. അച്ഛന്‍ കൊട്ടുകാരനയതിനാല്‍ മകന്‍റെ ബാല്യവും കൌമാരവും ആ താളത്തിനൊപ്പമായിരുന്നു . യവ്വനതിലെത്തിയപ്പോള്‍ കൊട്ട് ജിവിതത്തിന്റെ അവിഭാജ്യഘടകമായി. ഒരിക്കല്‍ ഇലഞ്ഞിത്തറമേളംതുടങ്ങുന്നതിന് മുന്‍പ് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശങ്കപ്പെട്ടിരുന്ന ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ഏതാനും മിനിറ്റുകള്‍ക്കകം മടങ്ങിയെത്തി കൊട്ടിക്കയറിയ പെരുവനം കുട്ടന്മാരാര്‍ സ്വന്തം കഥ പറയുന്നു.മേള ഗ്രാമത്തില്‍ പാരമ്പര്യ കലാ കുടുംബത്തിലാണ് എന്റെ ജനനം. അച്ഛന്‍ പ്രഗത്ഭനായ മേള കലാകാരന്‍ പെരുവനം അപ്പുമാരാര്‍. അമ്മ മാക്കോത്ത് ഗൌരി മാരസ്യാര്‍. എന്റെ ആദ്യ ഗുരു നാഥനും അച്ഛന്‍ തന്നെ.
എന്നെ തായമ്പക പഠിപ്പിച്ചത് കുമരപുരം അപ്പുമാരാര്‍ ആണെങ്കില്‍ കഥകളിക്കൊട്ടു പഠിപ്പിച്ചത് ശ്രീനാരായണപുരം അപ്പുമാരാരാണ്. അവിടെ നിന്നാണ് എന്‍റെ കലാജീവിതം തുടങ്ങിയത്. അവരാണ് എന്റെ അനുഗ്രഹവും.
1960ല്‍ ഞാന്‍ പത്താം തരം ജയിച്ചു. ടൈപ്പ് രൈറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചു. അന്നും ഞാന്‍ മേളം കൊട്ടിയിരുന്നു. എന്നെ ജോലിക്ക് പറഞ്ഞയക്കണമെന്ന തീരുമാനത്തിലായിരുന്നു വീട്ടുകാര്‍. കാരണം 1970ല്‍ ഭൂനിയമത്തില്‍ മാറ്റം വന്നതോടെ ക്ഷേത്ര സങ്കേതങ്ങള്‍ ക്ഷയിച്ചു തുടങ്ങി. ക്ഷേത്ര കലകള്‍ക്ക് സുസ്ഥിരത ഇല്ലാത്ത അവസ്ഥ വന്നു. ജന്മിമാരും ക്ഷയിച്ചു തുടങ്ങി. കലാ കുടുംബത്തില്‍ പെട്ടവര്‍ക്ക് ജീവിക്കണമെങ്കില്‍ മറ്റ് ജോലികള്‍ അന്വേഷിക്കേണ്ട സ്ഥിതിയായി.
ദൈവ കൃപ കൊണ്ട് അച്ഛന്റെ മോഹം പോലെ എനിക്ക് ജോലി കിട്ടി.അതും ഞാന്‍ പഠിച്ച സ്കൂളില്‍ ക്ലര്‍ക്കായിട്ട്. അന്ന് പ്രായം പത്തൊമ്പതര വയസ്. ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അത്.ഞാന്‍ ജോലി ചെയ്തിരുന്ന സ്കൂളിലെ മാനേജര്‍ ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തിലെ ട്രസ്റ്റികളില്‍ ഒരാളാണ്. അദ്ദേഹം എനിക്ക് കലാകാരനെന്ന പരിഗണന
നല്‍കി.സ്കൂളില്‍ നിന്ന് ധാരാളം ഇളവുകളും ലഭിച്ചു.
ജോലിയും മേളവും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിഞ്ഞു. എനിക്കത് വലിയ അനുഗ്രഹമായി. സാമ്പത്തിക സുരക്ഷിതത്വം ലഭിച്ചു. പ്രതിഫലം പറയാതെയാണ് മേളത്തിന് പോയിരുന്നത്.അച്ഛന്‍ മാത്രമല്ല അന്ന് എല്ലാവരും അങ്ങനെയായിരുന്നു. വീടും സ്കൂളും അടുത്തായത് കൊണ്ട് തന്നെ ജോലിക്ക് പോകാം. പരിപാടിക്കും പോകാം. രണ്ടും ഒപ്പം കൊണ്ട് പോയി. ഇരുപത്തി ഒന്‍പതാമത്തെ വയസിലാണ് രണ്ടാമത്തെ വഴിത്തിരിവുണ്ടാകുന്നത്. ഗുരുവായൂരില്‍ ദശമി വിളക്കിന് ആദ്യമായി എനിക്ക് മേള പ്രമാണിയാവാന്‍ ഭാഗ്യം ലഭിച്ചു. അന്ന് അച്ഛനുള്ള കാലഘട്ടം ആയിരുന്നു. അന്ന് അന്‍പത് വയസ്സെങ്കിലും ആകണം മേള പ്രമാണിയാകാന്‍.
ഇപ്പോള്‍ കലാരംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു.
ആഞ്ഞം നമ്പൂതിരിപ്പാട് നടത്തുന്ന നാമ സങ്കീര്‍ത്തനം ട്രസ്റ്റുണ്ട്. നാമ സങ്കീര്‍ത്തനം ട്രസ്റ്റാണ് ദശമി വിളക്ക് നടത്തിയിരുന്നത്. 1982ല്‍ അദ്ദേഹത്തിനും യുവ കലാകാരന്മാരുടെ മേളം ദശമി വിളക്കിന് നടത്തണമെന്നാഗ്രഹം. ആഞ്ഞം തിരുമേനിയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും എന്റെ പ്രമാണത്തില്‍ മേളം നടത്തണമെന്ന് തീരുമാനിച്ചു. അവിടെ ചെല്ലുമ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്. മേള പ്രമാണിയായി അവിടെ നിന്നായിരുന്നു തുടക്കം.ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണത്. 1983 മാര്‍ച്ചില്‍ പെരുവനം പൂരത്തിനും ഒരു മേളത്തിന്റെ പ്രമാണിയായി. ഇപ്പോള്‍ പെരുവനം നടവഴയിയിലൂടെ നാല് പൂരങ്ങള്‍ക്കും പ്രമാണിയായി. അച്ഛന്‍ അലങ്കരിച്ചിരുന്ന പദം എന്നിലെത്തിയിരിക്കുന്നു.എല്ലാം ഈശ്വര നിശ്ചയം.
Leave A Comment