ജീവിതം മാറ്റി മറിച്ച യൂത്ത് ക്വയർ; ജയചന്ദ്രൻ മനസ്സ് തുറക്കുന്നു
സംഗീതം ശബ്ദ കോലാഹലങ്ങള്‍ക്ക് വഴിമാറുന്ന കാലത്തും മലയാളത്തനിമ ചോരാതെ കാത്തു സൂക്ഷിക്കുന്ന ശുദ്ധ സംഗീതത്തിന്‍റെ വക്താവും പ്രയോക്താവുമാണ് എം.ജയചന്ദ്രന്‍ എന്ന സംഗീത സംവിധായകന്‍. ലക്ഷ്യ വേധിയും അദമ്യവുമായ സമര്‍പ്പണത്തിന്റെ ഫലശ്രുതിയാണ് ജയചന്ദ്രന്റെ സംഗീത ജീവിതം.
ഗായകനാവുക എന്ന സ്വപ്നത്തില്‍ നിന്ന് സംഗീത സംവിധാനത്തിലേക്ക് ജയചന്ദ്രനെ ആനയിച്ചത് അനുഭവങ്ങളുടെ തീവ്രത ആയിരിക്കണം.
പരിശ്രമങ്ങളുടെ യാതനാഭരിതമായ വഴികളില്‍ ദൈവം കരുതി വെച്ച നിയോഗം സംഗീത സംവിധാനമായിരുന്നു.എന്ന് ജയചന്ദ്രന്‍ തിരിച്ചറിയുന്നുണ്ടെങ്കിലും പാട്ടുകാരനാവുക എന്ന അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ജയചന്ദ്രന്‍ പാടുന്നു.
ജീവിതത്തിന്‍റെ കാല്‍ നൂറ്റാണ്ട് മലയാളികളുടെ സംഗീത ബോധത്തിലേക്ക് ഇമ്പമാര്‍ന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച എം ജയചന്ദ്രന്‍ തന്‍റെ സംഗീത ജീവിതത്തിലെ വഴിത്തിരിവിനെക്കുറിച്ച്മനസ്സ് തുറക്കുന്നു.
ആത്മ വിശ്വാസമാണ് സുഹൃത്ത്.

പാടി തീര്‍ന്നതും സ്റ്റേജില്‍ നിന്ന് ഇറങ്ങി നേരെ പോയി കാറില്‍ കിടന്നു. സമ്മാനം കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അമ്മ ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. ഒടുവിലതാ മൈക്കിലൂടെ ഫലപ്രഖ്യാപനം ഒന്നാം സമ്മാനം എം.ജയചന്ദ്രന്‍. അന്ന് മനസ്സിലാക്കി ആത്മ വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ സുഹൃത്ത്. അത് വീണ്ടെടുത്ത് വീണ്ടും പാടിയത് കൊണ്ടാണല്ലോ സമ്മാനം ലഭിച്ചത്.
സംസ്ഥാന തല മത്സരത്തിന് പാടാന്‍ എത്തിയപ്പോള്‍ പ്രായമേറിയ ആ വിധി കര്‍ത്താവ് അവിടെയും ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടപ്പോള്‍ പറഞ്ഞു. 'അന്ന് ഒന്നാം സമ്മാനം തന്നത് ഒരു തെറ്റ് പറ്റിയെന്നറിഞ്ഞിട്ടും വീണ്ടും പാടാന്‍ കാണിച്ച ആത്മവിശ്വാസത്തിനാണ് '.
ആ വ്യക്തിയുടെ വാക്കുകള്‍ കുറച്ചൊന്നുമല്ല എനിക്ക് പ്രചോദനമായത്. പിന്നീടാണ് ആ മഹാമനുഷ്യന്‍ ആരെന്ന് അറിയുന്നത്- ഗായിക കെ.എസ് ചിത്രയുടെ അച്ഛന്‍.
എം.ബി.ശ്രീനിവാസന്‍ വഴിത്തിരിവായി

കര്‍ണ്ണാടക സംഗീതം പഠിക്കുന്നുണ്ടെങ്കിലും അച്ഛന് ഞാന്‍ എഞ്ചിനീയറാകണമെന്ന മോഹം കൂടി ഉണ്ടായിരുന്നു. പ്രീഡിഗ്രി കാലഘട്ടങ്ങളില്‍ യുണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ കര്‍ണ്ണാടക സംഗീതമത്സരത്തില്‍ പങ്കെടുക്കുകയും ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
എനിക്ക് സിനിമയില്‍ പാട്ടുകാരനാകണം എന്ന് തന്നെയായിരുന്നു ആഗ്രഹം. ആ സമയത്താണ് എം.ബി.ശ്രീനിവാസന്‍ സാറിനെ പരിചയപ്പെടുന്നതും സംഗീത സംവിധായകന്‍ ആകണമെന്ന മോഹം മനസ്സില്‍ മുള പൊട്ടുന്നതും. കേരള സര്‍വ്വകലാശാല ഒരു യുത്ത് ക്വയര്‍ തുടങ്ങുന്നു. എം.ബി.ശ്രീനിവാസന്‍ സാറിന്‍റെ നേതൃത്വത്തിലാണ് ക്വയര്‍. അദ്ദേഹത്തെ കാണുന്നതും അപ്പോഴാണ്. എം.ബി.എസിന്‍റെ പാട്ടുകള്‍ ഒരുപാട് ഇഷ്ടമായിരുന്നു. ദേവരാജന്‍ മാഷെപ്പോലെ തന്നെ ഇഷ്ടമായിരുന്നു അദ്ദേഹത്തെ. നേരിട്ട് കാണണമെന്ന ആഗ്രവും ഉണ്ടായിരുന്നു.
87-88ല്‍ നടന്ന യുത്ത് ക്വയറിലൂടെ അദ്ദേഹത്തെ കാണാനുള്ള ഭാഗ്യമുണ്ടായി. അത് ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മുമ്പില്‍ ഞാന്‍ പാടി. അദ്ദേഹം പറഞ്ഞു തന്ന ചെറിയ ചെറിയ കാര്യങ്ങള്‍ വരെ കുറിച്ചു വച്ചു. ക്വയറിലുണ്ടായിരുന്ന 300 പേരുടെയും പേരുകള്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു.
എന്നെ ഒരു മ്യൂസിക് കംപോസര്‍ എന്ന നിലയിലേക്ക് എത്തിച്ചതും അതാണ് . ഇനി നിന്‍റെ കൂട് അവിടേക്ക് ചെക്കേറണമെന്ന് തോന്നിപ്പിച്ചതും ആ ഗുരുവാണ്. എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവും അതു തന്നെ.
ഇടത്തും വലത്തും സൗഹൃദങ്ങൾ
അന്ന് പങ്കെടുത്ത ക്വയര്‍ ഒരുപാട് പേരുമായി കൂടാനും ധാരാളം ശ്രദ്ധ കിട്ടാനും സഹായിച്ചു. ക്വയര്‍ സംഗീതത്തില്‍ ഉണ്ടായ സൗഹൃദങ്ങള്‍ ഇപ്പോഴും എന്‍റെ ഇടത്തും വലത്തുമായുണ്ട്.
എന്നെ മുന്നോട്ട് വഴി നടക്കാന്‍ പ്രേരിപ്പിച്ച് കൂടെ നിന്ന ആ നാല് പേരാണ് രാകേഷ്, അലോഷ്യസ്, ആശിഫ്, ജോണ്‍ മത്തായി. എന്‍റെ വഴിത്തിരിവില്‍ എന്റെ കൂടെ എന്നും ചേര്‍ന്നു നില്‍ക്കുന്നവര്‍.
തയ്യാറാക്കിയത് :ഉമ ആനന്ദ്
Leave A Comment