വഴിത്തിരിവുകള്‍

ചരിത്രത്തിന്റെ തിരു സൂക്ഷിപ്പുകാരൻ ; അല്ലേശ് ചരിത്രം പങ്കു വെക്കുന്നു

ലക്ഷക്കണക്കിന് പേർ പത്രം വായിക്കാറുണ്ടെങ്കിലും ഒന്നൊ രണ്ടൊ പേർ മാത്രമെ അവ സൂക്ഷിച്ചു വെക്കാറുള്ളു.കഴിഞ്ഞ കാല സംഭവങ്ങളുടെ വാർത്തകളും ചിത്രങ്ങളും ശേഖരിക്കുന്നത് യഥാർത്ഥത്തിൽ ചരിത്രത്തിന്റെ തന്നെ നേർസാക്ഷ്യമാണ്.ചരിത്ര വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു നിധികുംഭം തന്നെയാണ്.സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരാൾക്കു മാത്രമെ ഇത്തരം മഹനീയ കർമം നിർവഹിക്കാനാവു
അംഗീകാരമൊ ആദരവൊ ലഭിക്കാതിരുന്നിട്ടും ഒരു ചരിത്ര നിയോഗം പോലെ പ്രധാനപ്പെട്ട പത്രവാർത്തകളും ചരിത്രമുഹൂർത്തങ്ങളുടെ ഫോട്ടൊകളും ശേഖരിച്ചു വെക്കുന്ന കൊച്ചിക്കാരൻ 
അല്ലേശ് എന്ന അസാധാരണ വ്യക്തിത്വം സ്വന്തം ചരിത്രം പങ്കു വെക്കുന്നു

ഞാൻ ജനിച്ചു വളർന്നതും ജീവിക്കുന്നതും കൊച്ചിയിൽത്തന്നെ. അച്ഛൻ ആന്റണിക്കും അമ്മ മോനിക്കക്കും ആറു മക്കൾ അതിൽ മൂന്നാമനാണ് ഞാൻ . കണ്ണമാലിയിലായിരുന്നു സ്ക്കൂൾ പഠനം കൊച്ചിൻ കോളേജിൽ പ്രീഡിഗ്രിയും.  ബിരുദമെടുത്തത് ഫിലോസഫിയിലായിരുന്നു പഠിച്ചത് പൂനൈയിൽ .പിന്നെ മൈസൂർ യുണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. ജേർണലിസത്തിന്റെ ഭാഗമായി പബ്ലിക് റിലേഷൻസിന്റെ ഡിപ്ലോമയും ചെയ്തു. ജർമ്മൻ ഭാഷയും പഠിച്ചു. എന്റെ അച്ഛൻ സ്വാതന്ത്ര സമര സേനാനിയായിരുന്നു.

അച്ഛന്റെ ഈ ജീവിത ശൈലിയായിരിക്കാം  ഇങ്ങയൊരു മേഖലയിലേക്ക് തിരിച്ചുവിട്ടത്

 പൊതുപ്രവർത്തകനും തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹം ഖാദി മാത്രമേ ധരിച്ചിരുന്നുള്ളു. മാതൃഭൂമി പത്രമാണ് അച്ഛൻ വരുത്തിയിരുന്നത്. അന്ന് കോൺഗ്രസ്സിന്റെ പത്രം മാതൃഭൂമിയായിരുന്നു. അച്ഛന് സ്വന്തംപലചരക്ക് കടയായിരുന്നു. അച്ഛന്റെ ഈ ജീവിത ശൈലിയായിരിക്കാം എന്നെ ഇങ്ങയൊരു മേഖലയിലേക്ക് തിരിച്ചുവിട്ടത്. പിന്നെ എന്റെ പഠനവും . ചരിത്രം വായിക്കാൻ എനിക്ക് ഒരു പാടിഷ്ടമായിരുന്നു. എന്റെ പഠനം പൂർത്തിയായതും ഞാൻ തോപ്പുംപടിയിൽ പാരലൽ കോളേജ് അധ്യാപകനായി. ആ കാലഘട്ടം മുതലാണ് ചിത്രങ്ങൾ ശേഖരിച്ചു തുടങ്ങുന്നത്. 


ഗാന്ധിജിയെക്കുറിച്ചുള്ള വാരികകൾ  ആദ്യ വഴിത്തിരിവ്  

1980 ന്റെ പകുതിയിൽ വഴിയരുകിൽ പ്രത്യേകിച്ച് മറൈൻ ഡ്രൈവ് ഭാഗങ്ങളിൽ സെക്കന്റ് ഹാന്റ് പുസ്തകം വിൽപ്പനക്ക് ഉണ്ടാകുമായിരുന്നു. ഇല്യുസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇൻഡ്യയും അതിൽ .ഉൾപ്പെടും. അതിന്റെ പ്രിന്റിംഗ്‌ ബോംബയിലും ഡൽഹിയിലുമായിരുന്നു.ഗാന്ധിജി വെടിയേറ്റു മരിച്ചതിന്റെ അമ്പത് വർഷം തുടങ്ങുന്ന കാലത്ത് അതിനെക്കുറിച്ച് പല ഫീച്ചറുകളും ചിത്രങ്ങളും ലക്കങ്ങളായി ഇല്യുസ്ടേറ്റഡ് വീക്കിലിയിൽ വന്നിരുന്നു. വഴിയരികിൽ നിന്ന് ഗാന്ധിജിയെക്കുറിച്ചുള്ള വാരികകൾ വാങ്ങി. അതായിരുന്നു. തുടക്കവും ആദ്യ വഴിത്തിരിവും .


അതിലെ ചിത്രങ്ങളെല്ലാം വെട്ടി ഓരോ കാലത്തിനനുസരിച്ച് വേർതിരിച്ച് ആൽബമുണ്ടാക്കി. നൂറോളം ചിത്രങ്ങൾ ഉണ്ടായിരുന്നു. പിന്നെ നെഹ്രുവിന്റെ ചിത്രങ്ങൾ ശേഖരിച്ചു തുടങ്ങി.ഗാന്ധിയൻ ഫോളോവേഴ്സിന്റെ ചിത്രങ്ങൾ കൊണ്ട് ആൽബം നിറഞ്ഞു.വാർത്തകളളെയും ചിത്രങ്ങളെയും പ്രത്യേകം വിഭാഗമാക്കി തരം തിരിച്ച് ക്രമത്തിൽ ആൽബം രൂപപ്പെടുത്തും. മുൻപ് ചിത്രങ്ങൾ മാത്രമായിരുന്നു സൂക്ഷിച്ചിരുന്നത് പിന്നീടത് വാർത്താ ചിത്രങ്ങളായി മാറി. പ്രകൃതി, പരിസ്ഥിതി. ചരിത്രം , ശിശുക്കൾ, വനിതകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ചിത്രങ്ങളും വാർത്തകളും സൂക്ഷിക്കും. 

 പരിപൂർണ്ണ പിൻതുണയുമായി  കുടുംബം 

1991 ൽ ആയിരുന്നു വിവാഹം. ഭാര്യ ലിസി. മക്കൾ ടോണി ജോസ് മകൾ അലെയ്ഡ ക്രിസ്റ്റീന. ഭാര്യയുടെയും മക്കളുടേയും പരിപൂർണ്ണ പിൻതുണ എനിക്ക് ഈ കാര്യത്തിലുണ്ട്. 
പാരലൽ കോളേജ് അധ്യാപകനായിരിക്കുമ്പോൾ പി.എസ്.സി വഴി മുൻസിപ്പൽ സർവ്വീസിൽ ജോലി ലഭിച്ചു കേരളത്തിലെ മിക്കയിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കുറച്ചു കാലം മുൻപ് വിരമിച്ചു. എങ്കിലും ഇപ്പോഴും വിശ്രമമില്ല. ലൈബ്രറി, സഹകരണ സംഘം . സാമൂഹ്യ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളുമായി മുൻപോട്ടു പോകുന്നു. സ്വന്തമായി പൂന്തോട്ടം പച്ചക്കറി കൃഷി ഗ്രൊ ബാഗ് കൾട്ടി വേഷൻ തുടങ്ങിയ പരിപാടികളുമുണ്ട്.

ആ  വാർത്ത മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നിന്നിരുന്നു

 രണ്ട് വർഷം മുൻപ് രസകരമായ സംഭവമുണ്ടായി. മകൻ ഫുട്ബോൾ പ്രേമിയാണ്. മകന് കുഞ്ഞു ജനിച്ചപ്പോൾയൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രസിദ്ധമായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ  ചാമ്പ്യൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി FC യിലെ പ്രധാന സ്ട്രൈക്കറായ അർജൻറീന താരം സെർജിയോ അഗ്വേറോ യുടെ പേരാണ് കുഞ്ഞിനിട്ടത്. സോഷ്യൽ മീഡിയ വഴി ഇതറിഞ്ഞ അഗ്വേറോ ഇൻഡ്യയിൽ വരുമ്പോൾ എന്റെ പേരുകാരനേയും രക്ഷിതാക്കളെയും കാണുമെന്ന് പ്രതികരിച്ചു. അന്ന് ഈ വാർത്ത മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നിന്നിരുന്നു.


 മൂന്നരപതിറ്റാണ്ട് പിന്നിട്ട ചിത്ര ശേഖരണത്തിൽ 4000  ചിത്രങ്ങളിൽ കൂടുതൽ കാണും. 40 ആൽബങ്ങളിലായാണ് ഇത് സൂക്ഷിച്ചു വച്ചിട്ടുള്ളത്. 
ഇന്ന് അച്ഛനും അമ്മയുമില്ല. എന്നാൽ അച്ഛനുള്ള കാലത്ത് തുടങ്ങിയ മാതൃഭൂമി പത്രം വായന ഇന്നും മുടക്കമില്ലാതെ തുടരുന്നു. വിജ്ഞാന വിനോദമായി തുടങ്ങിയ ഈ ആൽബം പുതിയ തലമുറക്ക് എന്നെങ്കിലും പ്രയോജനപ്പെടുമെന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ പ്രക്രിയ ഞാനുള്ള കാലം തുടർന്നുകൊണ്ടേയിരിക്കും.

തയ്യാറാക്കിയത് : ഉമ ആനന്ദ് 

Leave A Comment