തനിക്കും മകൾക്കുമെതിരെ വധഭീഷണി,25 കോടി സ്വത്ത് തട്ടിയെടുത്തു; പരാതിയുമായി നടി ഗൗതമി
ചെന്നൈ: വ്യാജ രേഖകൾ ഉണ്ടാക്കി തന്റെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തതായി നടി ഗൗതമി. ബിൽഡറായ അളഗപ്പനും ഭാര്യയ്‌ക്കുമെതിരെയാണ് നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകൾ തനിക്കും മകൾക്കുമെതിരെ വധഭീഷണി മുഴക്കിയതായും നടി പരാതിയിൽ പറയുന്നു,
സാമ്പത്തിക ആവശ്യത്തിനായി നേരത്തെ തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും വാഗ്ദാനം ചെയ്‌തിരുന്നു. അവരോടുള്ള വിശ്വാസത്തിൽ പവർ ഓഫ് അറ്റോണിയും ഒപ്പിട്ടു നൽകിയിരുന്നു. എന്നാൽ തന്റെ ഒപ്പ് അളഗപ്പനും കുടുംബവും ദുരുപയോഗം ചെയ്‌തുവെന്നും 25 കോടിയോളം രൂപയുടെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നുമാണ് നടിയുടെ പരാതി.
കമൽഹാസനുമായി പിരിഞ്ഞതിന് ശേഷം മകൾ സുബ്ബലക്ഷ്‌മിക്കൊപ്പമാണ് ഗൗതമി താമസിക്കുന്നത്. സ്വത്തുക്കൾ വീണ്ടെടുത്തു തരണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ സജീവ പ്രവർത്തക കൂടിയാണ് നടി ഗൗതമി.
Leave A Comment