സിനിമ

പൃഥ്വിരാജിനും മുരളിഗോപിക്കും അഭിനന്ദനങ്ങളറിയിച്ച് എഴുത്തുകാർ

 കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് എഴുത്തുകാർ.എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും ബെന്യാമിൻ അഭിനന്ദിച്ചു. ഫാസിസം ഇന്ത്യയിൽ എവിടെവരെ എത്തി എന്ന ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറിയെന്നും അദ്ദേഹം സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കുറിച്ചു.പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്‌ക്കുന്നതെന്ന് കൃത്യമായി മനസിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിർമാതാക്കളുടെ താൽപ്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചുമാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമിപ്പിച്ചതിന്റെ വേവലാതി ഈ സിനിമയ്‌ക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്.ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യം പിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്‌തിപ്പെടുത്തുക എന്നത് കലയുടെ ദൗത്യമല്ല. സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്നുതന്നെ. ഇവറ്റകളുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവും. അങ്ങനെ തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളിഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങൾ." ബെന്യാമിൻ കുറിച്ചു.

ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് പിന്തുണയുമായി സാഹിത്യകാരി സാറാ ജോസഫും കുറിച്ചു . ഭീരുക്കള്‍ വെട്ടിമാറ്റിയ ചരിത്രസത്യങ്ങള്‍ ഏച്ചുകൂട്ടാന്‍ കൈക്കരുത്തുള്ള ഒരു തലമുറ താങ്കള്‍ക്കൊപ്പമുണ്ടെന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എന്നും ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണ്. തന്റേടത്തോടെ സിനിമയെടുത്ത പൃഥ്വിരാജിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

സിനിമയെ സിനിമയായി കാണണമെന്ന അഭിപ്രായവുമായി നടന്‍ ആസിഫ് അലിയും രംഗത്തെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്‌ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.


Leave A Comment