സിനിമ

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ വഞ്ചനാ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സഹനിർമാതാവിനെ വഞ്ചിച്ച് 2 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ നടപടികൾക്കാണ് സിം​ഗിൾ ബെഞ്ചിന്റെ സ്റ്റേ. വൈക്കം മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്ന നിവിൻ പൊളിയുടേയും എബ്രിഡ് ഷൈനിന്റെയും ഹർജിയിലാണ് നടപടി.

നിർമാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ്. മഹാവീര്യർ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്ന് പണം നൽകാമെന്നും ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയിൽ നിർമാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചുവെന്നാണ് കേസ്.നിവിൻ പോളി നായകനായ എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറിന്റെ സഹനിർമാതാവാണ് പരാതി നൽകിയത്.

സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ഷംനാസിന് 95 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജു 2 സിനിമയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ ഷൂട്ടിംഗിനായി 1 കോടി 90 ലക്ഷം രൂപ ഷംനാസിൽ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാൽ ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിനിമയാണെന്നു മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേഴ്സ് ബാനറിൽ സിനിമയുടെ ഓവർസീസ് അവകാശം നേടി.2024 ഏപ്രിൽ മാസത്തിലാണ് സിനിമ നിർമാണത്തിനായി ഷംനാസിൽ നിന്നും ഇവർ പണം വാങ്ങുന്നത്. സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി. സിനിമയുടെ റൈറ്റ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേഴ്സ് 5 കോടിയുടെ ഓവർസീസ് വിതരണാവകാശം ഉറപ്പിച്ചു. രണ്ട് കോടി മുൻകൂറായി കൈപ്പറ്റുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.


Leave A Comment