സിനിമ

പ്രണയം വെളിപ്പെടുത്തി മഞ്ജിമ; “ നടന്‍ ഗൗതം കാര്‍ത്തിക്ക് എന്റെ കാവല്‍മാലാഖ”

പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും. മൂന്ന് വര്‍ഷത്തെ പ്രണയം ഒടുവില്‍ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.ഇരുവര്‍ക്കും ആശംസങ്ങള്‍ നേര്‍ന്ന് താരങ്ങളടക്കം നിരവധിപ്പേര്‍ കമന്റുകള്‍ കുറിച്ചു. എല്ലാം നഷ്ടപ്പെട്ട് നിന്ന അവസ്ഥയില്‍ ഒരു കാവല്‍ മാലാഖയെപ്പോലെ ജീവിതത്തിലേക്ക് കടന്നുവന്ന ആളാണ് ഗൗതം എന്നാണ് മഞ്ജിമ കുറിച്ചത്. സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കെത്തിയ ബന്ധത്തെക്കു‌റിച്ച്‌ വിവരിച്ചായിരുന്നു ഗൗതമിന്റെ കുറിപ്പ്. ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചു.

 

“മൂന്ന് വര്‍ഷം മുമ്ബ്, ഞാന്‍ എല്ലാം നഷ്ടപ്പെട്ട് നിന്ന അവസ്ഥയില്‍ നീയെന്റെ ജീവിതത്തിലേക്ക് ഒരു കാവല്‍ മാലാഖയെപ്പോലെ കടന്നുവന്നു. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് നീ മാറ്റി, ഞാന്‍ എത്രമാത്രം അനുഗ്രഹീതയാണെന്ന് മനസിലാക്കാന്‍ നീയെന്നെ സഹായിച്ചു.

എല്ലാം തകര്‍ന്നെന്ന് എനിക്ക് തോന്നുമ്ബോഴും നീ എന്നെ മുന്നോട്ട് വലിച്ചു. എന്റെ കുറവുകളെ അംഗീകരിക്കാനും എപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാന്‍ എന്താണോ, ആ എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നു എന്നതാണ് ഞാന്‍ നിന്നില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. നീ എന്നും എന്റെ ഏറ്റവും ഫേവറേറ്റ്”, എന്ന് കുറിച്ചാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ മഞ്ജിമ പങ്കുവച്ചത്.


മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബാലതാരമായി അഭിനയരംഗത്തെത്തി പിന്നീട് നായികയായും തിളങ്ങിയ നടിയാണ് മഞ്ജിമ മോഹന്‍. പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 2015ല്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. പഴയകാല നടന്‍ മുത്തുരാമന്റെ ചെറുമകനും നടന്‍ കാര്‍ത്തിക്കിന്റെ മകനുമാണ് ഗൗതം കാര്‍ത്തിക്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം.

Leave A Comment