സിനിമ

യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്:സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസെടുത്തു.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് നടപടി. 

കഴിഞ്ഞ ദിവസം കോഴിക്കോട് മാളില്‍ സിനിമയുടെ പ്രമോഷന്‍ ചടങ്ങിന് എത്തിയപ്പോഴാണ് നടിമാര്‍ക്കു നേരെ ലൈം​ഗികാതിക്രമമുണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ നടിമാരെ കയറിപ്പിടിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് നിര്‍ദേശിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. 

അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനാണെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു.പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave A Comment