സിനിമ

ഓർമ്മകളിൽ ജയൻ, ഷീലാമ്മ എന്നെ കെട്ടുമോ? ജയൻ്റെ ചോദ്യവും ഷീലയുടെ മറുപടിയും

മലയാളി യുവത്വത്തെ ഒരുകാലത്ത് ഹരം കൊള്ളിച്ച നടനായിരുന്നു ജയന്‍.ബെല്‍ബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് തിര അടക്കി വാഴുകയായിരുന്നു ജയൻ.അകാലത്തില്‍ പൊലിഞ്ഞ ആ താരത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1980 നവംബര്‍ 16ന് ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ മരിച്ചത്. ഇപ്പോഴിതാ, ജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുകയാണ് മുന്‍കാല നായിക ഷീല.

ഒരുദിവസം കൊണ്ട് നടനായി മാറിയ താരമല്ല ജയനെന്ന് ഷീലാമ്മ ചൂണ്ടിക്കാട്ടുന്നു. ജയനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനിരുന്നതും ഒടുവില്‍ അത് ഉപേക്ഷിച്ചതിനെക്കുറിച്ചുമെല്ലാം ഷീല വെളിപ്പെടുത്തുന്നുണ്ട്.

ഷീലയുടെ വാക്കുകള്‍ ഇങ്ങനെ:

ജയന്റെ നായികയായി വീണ്ടും ഞാന്‍. സംവിധായികയായും വീണ്ടും ഞാന്‍. നാല്പത്തിരണ്ടുവര്‍ഷം മുന്‍പ് നവംബര്‍ 16ന് രണ്ടും ഒരേപോലെ പൊലിഞ്ഞു. അതിനുശേഷം മലയാളത്തില്‍ സിനിമ സംവിധാനം ചെയ്തില്ല. ഒരുപക്ഷേ എല്ലാം വിധി പോലെ സംഭവിച്ചതാകാം.നാല്‍പ്പത്തിയെട്ടു വര്‍ഷം മുന്‍പ് ശാപമോക്ഷം സിനിമയുടെ ലൊക്കേഷനിലാണ് ജയനെ ആദ്യമായി കാണുന്നത്. ആ സിനിമയില്‍ നായകനും നായികയുമായി ഉമ്മറും ഞാനും. ഞങ്ങളുടെ വിവാഹ സീനില്‍ ഗാനം ആലപിക്കുന്ന വേഷത്തില്‍ ജയന്‍. അന്ന് ജയന്‍ പ്രശസ്തിയിലേക്ക് എത്തിയിട്ടില്ല. ആദ്യമായി എന്നെ കണ്ടപ്പോള്‍ ജയന്‍ കാല്‍തൊട്ടു വന്ദിച്ചു . എനിക്ക് അത്ഭുതം തോന്നി. എല്ലാവരോടും വിനയത്തോടെയാണ് പെരുമാറ്റം. ഷോട്ട് കഴിയുമ്ബോള്‍ ‘എങ്ങനെയുണ്ട് ഷീലാമ്മേ” എന്നു ചോദിക്കും. വളരെ നന്നായിട്ടുണ്ടെന്ന് പറയുമ്ബോള്‍ മുഖത്ത് സന്തോഷം തെളിയും. ഷീലാമ്മയോട് മാത്രമേ ചോദിക്കുവെന്ന് അപ്പോള്‍ ഉമ്മര്‍. അല്ല സാറെ, സാറും പറയണം. ചിരിച്ചുകൊണ്ടു ജയന്‍. നാടും വീടുമെല്ലാം ഞാന്‍ ചോദിച്ചു. 

പിന്നീട് കുറെ സിനിമകളില്‍ ചെറിയ വില്ലന്‍ വേഷം. എന്റെ പിന്നാലെ ഓടിവരുന്നതും, നായികമാരെ മാനഭംഗപ്പെുത്താന്‍ ശ്രമിക്കുന്നതുമായ വേഷങ്ങളായിരുന്നു അതില്‍ അധികവും. ഒരുദിവസം കൊണ്ടു നടനായി മാറിയ താരമല്ല ജയന്‍. സിനിമയിലേക്ക് എത്താന്‍ നന്നായി കഷ്ടപ്പെട്ടെന്ന് പലപ്പോഴും പറഞ്ഞു. അപ്പോള്‍ കഴിവു തെളിയിക്കേണ്ടേ എന്നും ജയന്‍ ചോദിച്ചു. എനിക്ക് വലിയ ബഹുമാനം തോന്നി. ഇതിനു മുന്‍പ് ആരും അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ല.

വിവാഹം കഴിക്കാത്തതെന്തെന്ന് പിന്നീട് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. സിനിമയില്‍ ഒന്നു നന്നാകട്ടെ എന്നിട്ട് കല്യാണം കഴിക്കും. വീട്ടില്‍ പോവുമ്ബോള്‍ അമ്മയും ഇതേ കാര്യം ചോദിക്കും. സിനിമയില്‍ എന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്ന് ജയന്‍ പുഞ്ചിരിയോടെ പറഞ്ഞു.നല്ല മനസിന്റെ ഉടമയാണ് ജയന്‍ എന്ന് വീണ്ടും തോന്നിയ നിമിഷം.ആ സമയത്താണ് ശരപഞ്ജരം സിനിമയില്‍ അഭിനയിക്കുന്നത് . ജയന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ശരപഞ്ജരം.

ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞു ഞാന്‍ വീണ്ടും കല്യാണത്തെപ്പറ്റി ചോദിച്ചു. വിവാഹിതനായി ഭാര്യയെ കൂട്ടി വീട്ടിലേക്ക് വരണം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, ഷീലാമ്മ എന്നെ കെട്ടുമോ? എന്ന് ജയന്‍ ചോദിച്ചു. ഒരു പക്ഷെ തമാശയായിട്ടാകാമെങ്കിലും ആ ചോദ്യം കേട്ട് ഒരു നിമിഷം ഞാന്‍ നടുങ്ങി. എന്താ, സംസാരിക്കുന്നതെന്ന് ഞാന്‍ ആരാഞ്ഞപ്പോള്‍ ജയന്‍ ഇങ്ങനെ പറഞ്ഞു . ‘ ഷീലാമ്മയെ പോലൊരു പെണ്ണിനേയെ ഞാന്‍ കല്യാണം കഴിക്കൂ. എന്റെ സങ്കല്പത്തിലെ പെണ്ണ് ഇതേപോലെയാണ്. ഷീലാമ്മയെപ്പോലെ .എല്ലാം തികഞ്ഞ പെണ്ണ്.” ജയന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നും ഷീല ഓര്‍മ്മിക്കുന്നു.

Leave A Comment