സിനിമ

നടി ചാര്‍മി കൗറിനെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും ഇഡി ചോദ്യം ചെയ്തു

ഹൈദ്രാബാദ് : നടി ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.യുവതാരം വിജയ് ദേവരക്കൊണ്ട നായകനായ ലൈഗര്‍ എന്ന സിനിമയിലൂടെ ഫെമ നിയമം ലംഘിച്ച്‌ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം. 

ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് നടി ചാര്‍മി കൗര്‍. കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്‌സണ്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ സിനിമാക്കാരെ കൂടാതെ രാഷ്ട്രീയക്കാരും പണം ഇറക്കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. 

ഈ സിനിമയുടെ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ചിത്രത്തിനായി ചാര്‍മി കൗറും പുരി ജഗന്നാഥും കൂടി 120 കോടി മുതല്‍ മുടക്കിയെന്നാണ് വിവരം. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. 

15 ദിവസം മുൻപാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടിക്കും സംവിധായകനും ഇഡി നോട്ടീസ് നല്‍കിയത്. പാന്‍-ഇന്ത്യന്‍ സിനിമയുടെ നിര്‍മ്മാണത്തിന് ഫെമ നിയമം ലംഘിച്ച്‌ വിദേശ രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിച്ചതായി വിവരം ലഭിച്ചെന്ന് ഇഡി സൂചിപ്പിച്ചു. 

സിനിമയ്ക്ക് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും സിനിമ നിര്‍മ്മാണത്തിന് വിദേശ നിക്ഷേപകര്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെന്നും ഇഡി ഇവരോട് ആരാഞ്ഞു. രണ്ട് നിര്‍മ്മാതാക്കളുടെ അക്കൗണ്ടിലേക്ക് നിരവധി കമ്പനികൾ പണം കൈമാറിയതായിട്ടാണ് ഇഡി സംശയിക്കുന്നത്. 

ആരാണ് പണം അയച്ചതെന്നും എന്ത് ആവശ്യത്തിനാണ് പണം അയച്ചതെന്നും ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് വിശദീകരണം തേടി. 2017ല്‍ സ്‌റ്റേറ്റ് എക്‌സൈസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രജിസ്റ്റര്‍ ചെയ്ത,മയക്കുമരുന്ന് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ 2021ല്‍ പുരി ജഗന്നാഥും ചാര്‍മിയും ഉള്‍പ്പെടെ നിരവധി സിനിമാക്കാരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Leave A Comment