പുണ്യ പുരാതനം; പാമ്പ് മേയ്ക്കാട്ടു മന
വാൽക്കണ്ണാടി
സർപ്പാരാധനയുടെ സാത്വിക തേജസ്സായിരിക്കുന്ന ഒരു പുണ്യ സങ്കേതമാണ് മാളയ്ക്കടുത്ത വടമയിലെ പാമ്പും മേയ്ക്കാട്ട് മന. ഇവിടെ പാമ്പുകൾ പരദേവതകളും കാവൽക്കാരുമാണ്. നൂറ്റാണ്ടുകൾ കൈമാറിയ വിശ്വാസത്തിന്റെ മാണിക്യത്തിളക്കത്തിലും തുടരുന്ന ഭക്ത പ്രവാഹത്തിലും പ്രശോഭിച്ചു നിൽക്കുന്ന പാമ്പും മേയ്ക്കാട്ട് മന ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ്. പുണ്യ പുരാതനമായ പാമ്പും മേയ്ക്കാട്ട് മനയിലെ കിഴക്കിനിയിലാണ് വാസുകിയുടെയും നാഗയക്ഷിയുടെയും സാന്നിധ്യമുള്ളതെന്നാണ് വിശ്വാസം. അനുദിനം അസംഖ്യം ഭക്ത ജനങ്ങൾ ഇവിടെ പ്രാർത്ഥന മന്ത്രങ്ങളുമായി ദർശനം നടത്തി സായൂജ്യമടയുന്നു. സർപ്പകോപം നിമിത്തം ക്ലേശമനുഭവിക്കുന്നവർ മനയിൽ ആശ്വാസം ലഭിക്കുവാൻ എത്തുന്നുണ്ട്.
പാമ്പുകള്‍ പാരമ്പര്യങ്ങൾ
കിഴക്കിനിയിലെ കെടാ വിളക്കുകൾക്കു മുമ്പിൽ നിത്യ പത്മമിട്ട പൂജയാണ് പതിവായിട്ടുള്ളത്. ഈ കെടാവിളക്കുകളിലെ എണ്ണയും മഷിയുമാണ് സർപ്പ കോപം മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്ക് സിദ്ധ ഔഷധമായി നൽകുന്നത്. എണ്ണയിൽ നോക്കി നാഗ കോപത്തിന് പ്രായശ്ചിത്തം നിശ്ചയിക്കുന്നതിൽ ഇല്ലത്തെ മുതിർന്ന അന്തർജ്ജനത്തിന് മുഖ്യ പങ്കുണ്ട്.

ഇപ്പോഴത്തെ അംഗങ്ങൾ പാമ്പുകളെ പാരമ്പര്യങ്ങൾ എന്നാണു അഭിസംബോധന ചെയ്യുന്നത്. പാരമ്പര്യങ്ങൾ ഇല്ലത്തെ ഉണ്ണികളോടൊപ്പം ഉണ്ണികളായി കളിച്ചു വളരുന്നുവെന്നും പറയുന്നു. ഇവിടെയുള്ളവരെ പാരമ്പര്യങ്ങൾ കടിക്കില്ലെന്നും അഥവാ കടിച്ചാൽ അവർക്ക് വിഷം ബാധിക്കുമെന്നും തൽസമയം പാരമ്പര്യങ്ങളെ വിഷം ഇറക്കി വിടണമെന്നുമുള്ള വിശ്വാസവും നില നിൽക്കുന്നു. അന്യരെ സർപ്പം ദർശിച്ചാൽ ഇല്ലത്ത് വിഷമിറക്കാറില്ല. പ്രതിവിധി മാത്രം നിർദേശിക്കുന്നു. സർപ്പക്കാവുകൾ ആവാഹിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനുമുള്ള അവകാശം പാമ്പും മേയ്ക്കാട് മനക്കുണ്ട്. ഈ അപൂർവ്വാധികാരം മനയുടെ തേജസ്സിന് മാറ്റു കൂട്ടുന്നു.
കദളിപ്പഴ നൈവേദ്യവും മഞ്ഞൾ പ്രസാദവും
അഞ്ചു കാവുകളാണ് ഇവിടെയുള്ളത്. പ്രതിഷ്ഠകളിൽ പാമ്പിന്റെ ഫണം വിടർത്തിയ ഉപ രൂപങ്ങളുമുണ്ട്. ഇല്ലപ്പറമ്പിൽ കൊത്തും കിളയും നിഷിദ്ധമാണ്. സൂര്യ പ്രകാശം നിലത്തു പതിയുമോയെന്ന് സംശയിക്കും വിധമുള്ള കൂറ്റൻ സർപ്പക്കാവുകളുടെയും കുറ്റി കാടുകളുടെയും വൻ മരങ്ങളുടെയും വിശാലമായ ആറേക്കർ ഇല്ലപ്പറമ്പ്. ഇല്ലത്തെ ആചാര പ്രകാരം എല്ലാ ഭക്തർക്കും കിഴക്കിനിയിലെ ആയില്യം, മീന മാസത്തിലെ തിരുവോണം മുതൽ ഭരണി വരെയാണ് ഈ ദിവസങ്ങൾ. ഭക്ത ജനപ്രവാഹം ആത്യന്തികം പ്രത്യേക പ്രാധാന്യമുള്ള മണ്ഡലാരംഭ ദിനത്തിൽ തന്നെയാണ് .

ഈ മാസത്തിൽ സർപ്പ പ്രീതിക്കായി നൂറും പാലും നൽകുന്നതിനു പുറമെ സർപ്പ ബലിയും സർപ്പപ്പാട്ടും പ്രത്യേക പൂജകളുമുണ്ട്. കദളിപ്പഴ നൈവേദ്യവും മഞ്ഞൾ പ്രസാദവുമാണ് മുഖ്യം. പാമ്പും മേയ്ക്കാട്ട് മനയിലെ കാരണവർ പറയുന്നു. പ്രസിദ്ധിയും പ്രചരണവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനായി ഞങ്ങൾ ഒന്നും ചെയ്യുന്നുമില്ല. ഇവിടുത്തെ പാരമ്പര്യ നിയമമനുസരിച്ച് തലമുറകളായി ആചാരാനുഷ്ഠാനങ്ങൾ മുറ പോലെ അനുസ്യൂതം തുടരുന്നു.

നാഗർ കോവിൽ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിൽ പാമ്പും മേയ്ക്കാട്ട് മനയിലെ നമ്പൂതിരിക്ക് പ്രഥമ സ്ഥാനമുണ്ട്. കേരള ഭരണത്തിന് പരശുരാമൻ നമ്പൂതിരിമാരെ കൊണ്ടു വന്നുവെന്നും ഓരോ ഇല്ലക്കാർക്ക് അവകാശങ്ങൾ പങ്കിട്ടപ്പോൾ സർപ്പാരാധനയ്ക്കുള്ള അവകാശം മേയ്ക്കാട്ട് മനയ്ക്ക് നൽകിയെന്നും പിന്നീട് പാമ്പുകൾ ഇവിടെ പരദേവതകളായി വർത്തിച്ചുവെന്നും പറയപ്പെടുന്നു.
മേയ്ക്കാട്ട് മന പാമ്പുംമേയ്ക്കാട്ട് മന ആയതിങ്ങനെ
വടക്കൻ മാള എന്ന പദ പ്രയോഗം ലോപിച്ചുണ്ടായതാണ് വടമ എന്ന സ്ഥല നാമം എന്ന് കരുതുന്നു. പുത്തൻ ചിറയിലെ പഴക്കമുള്ള തൃച്ചക്രപുരം ക്ഷേത്രത്തിൽ ഊരാൺമയുള്ള അഞ്ചു നമ്പൂതിരി ഇല്ലം ആയതു കൊണ്ട് സ്വത്തു ഭാഗ സമ്പ്രദായം അസ്ഥാനത്തായിരുന്നുവെങ്കിലും, 1961-ൽ ഇതുമായി ബന്ധപ്പെട്ട ധാരണകൾ ഇല്ലത്തെ ഇളം തലമുറയിലെ നമ്പൂതിരിമാർ തമ്മിൽ ഉണ്ടാക്കുകയും 1969 മുതൽ രജിസ്‌ട്രേഷനും നിയമാവലിയുമുള്ള ഒരു ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ് ഇവിടെത്തെ കാര്യ നിർവ്വഹണങ്ങൾ തുടർന്നു പോകുന്നത്.

മാളയിലെ വില്ലേജ് കോടതിയിൽ ആദ്യത്തെ നാമ നിർദേശം ചെയ്യപ്പെട്ട ജഡ്ജി ഇല്ലത്തെ നമ്പൂതിരിയായിരുന്നു. മേയ്ക്കാട്ട് മന പാമ്പും മേയ്ക്കാട്ട് മാന ആയതിന്റെ പിന്നിലെ ഐതിഹ്യം ഇതാണ്. പണ്ട് ദാരിദ്ര ദുഃഖമറിഞ്ഞിരുന്നത്രെ മേയ്ക്കാട്ട് മന. ദാരിദ്ര ദുഖത്തിന് ശമനം ലഭിക്കുവാൻ തിരുവഞ്ചിക്കുളം ശിവ ക്ഷേത്രത്തിൽ ഗൃഹസ്ഥനായ നമ്പൂതിരി പന്ത്രണ്ട് വർഷം ഭജനമിരുന്നു. ശുദ്ധ ഹൃദയനായ നമ്പൂതിരിയിൽ ശിവൻ സംപ്രീതനായിരുന്നു. ഭജനം കഴിഞ്ഞു നമ്പൂതിരി ഇല്ലത്തെത്തി. കിഴക്കിനിയിൽ തന്റെ ഓലക്കുട വച്ചു .കുളിയും നിത്യ കർമ്മാനുഷ്ഠാനങ്ങളും കഴിഞ്ഞ് തിരിച്ചെത്തിയപ്പപ്പോൾ കുടയിൽ നിന്നും ഒരു പാമ്പ് താഴോട്ട് ഇഴയുന്നത് കണ്ടു. അത് സാക്ഷാൽ വാസുകിയായിരുന്നുവെന്ന് പറയുന്നു.
വാസുകി ഒരു മാണിക്യ കല്ല് നൽകി പറഞ്ഞുവത്രേ. ഇതിരിക്കുന്നിടത്ത് ദാരിദ്ര്യമുണ്ടാകില്ല. ഒരടിയന്തിരത്തിനു പോയി തിരിച്ചു വന്ന ഇല്ലത്തെ മുതിർന്ന അന്തർജ്ജനം ഇറയത്ത് വച്ച മനക്കുടയിലും പാമ്പിനെ കണ്ടു. അത് നാഗയക്ഷിയായിരുന്നത്രേ. ഇല്ലത്തനുഷ്ഠിക്കേണ്ട ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് പറഞ്ഞതിന് ശേഷം അവർ അപ്രത്യക്ഷരായി. മനയിലെ ദാരിദ്ര്യം വിമുക്തമായി. പിന്നീട് മേക്കാട്ട് മന പാമ്പും മേക്കാട്ട് മനയായി പ്രശസ്തിയാർജ്ജിച്ചു. സ്നഹേവും ഐശ്വര്യവുമായി കാലത്തിലെന്നോ ഇവിടേക്ക് ഇഴഞ്ഞെത്തിയ ആ മഹാ സർപ്പങ്ങളുടെ ഓർമ്മ ഭക്തരെ ആനന്ദിപ്പിക്കുന്നു, ആശ്വസിപ്പിക്കുന്നു.
തയാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment