ചരിത്രമെഴുതിയ 'തൃച്ചക്രപുരം ക്ഷേത്രം'
പുത്തന്‍ചിറയിലെ തൃച്ചക്രപുരം ക്ഷേത്രം
സുദർശനമൂർത്തിയുടെ പ്രധാന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ദേവാലയമാണിതെന്ന് വിശ്വസിക്കുന്നു. ശ്രീകോവിലിന്റെ ഗർഭ ഗൃഹത്തിൽ മഹാവിഷ്ണുവിന്റെ ആയുധമായ മഹാസുദർശനച്ചക്ക്രം പ്രതിഷ്ഠിച്ചിരിക്കുന്നത് കൊണ്ട് തൃച്ചക്രപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവല്ല ക്ഷേത്രത്തിലും തുറവൂർ നരസിംഹ ക്ഷേത്രത്തിലും സുദർശനച്ചക്രം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും ഉപദേവ സ്ഥാനമാണുള്ളത്. ഒരു ദേവന്റെ ആയുധത്തെ മൂല സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഈ ആരാധനാലയത്തിന്റെ സ്ഥാപന കാലത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും ശിവപുരം ചക്രപുരമായതെന്നും പരശുരാമനാൽ പ്രതിഷ്‌ഠിതമായതെന്നും സ്ഥലപുരാണം ഉദ്‌ഘോഷിക്കുന്നു.

വൈഷ്ണവ ശൈവ സങ്കല്പം സംഗമിക്കുന്നത് കൊണ്ട് ശിവ സാന്നിധ്യത്തിനും പ്രസക്തിയുണ്ട്. ആരാധന സമ്പ്രദായങ്ങളിലും ആചാര വിശേഷങ്ങളിലും ദ്വയ സംക്രമിച്ചിട്ടുള്ളതും വൈശിഷ്ട്യവുമുളവാക്കുന്നു. ഊരാണ്മക്കാർ പെരുവനം, ഇരിങ്ങാലക്കുട എന്നീ രണ്ടു ഗ്രാമങ്ങളിൽ ഉള്ളവരാണ്. കിടങ്ങശ്ശേരി തരണനല്ലൂർ, കിഴക്കിനിയേടത്ത് മേയ്ക്കാട്ട് എന്നിങ്ങനെ ഇരട്ടപ്പേരുള്ള ഇല്ലങ്ങളിൽ ഉള്ളവരാണ് കഴകക്കാർ. തൃപ്പേക്കുളവും ചാമപറമ്പുമാണ് മാരാർമാർ. രാവിലെയും വൈകീട്ടും നിവേദ്യം പാകം ചെയ്യുന്നതിന് തെക്കും വടക്കുമായി തിടപ്പള്ളികളുണ്ട്.
പരശുരാമൻ ദേവചൈതന്യം ദർശിച്ച പുണ്യ തീർത്ഥം
പകൽ പൂജക്കും രാത്രി പൂജക്കും സമ്പ്രദായവുമുണ്ട്. ഉഷസിനും ഉച്ചക്കും ധൂപ ദീപാദികൾ സഹിതമുള്ള മണിക്കൊടി പൂജ നടത്തുമ്പോൾ അത്താഴ പൂജക്ക് താന്ത്രിക വിധി പ്രകാരമുള്ള കൈ മുദ്രകൾ മാത്രമാണുള്ളത്. വൻ മതിൽക്കെട്ടും വൃത്താകാരത്തിലുള്ള ശ്രീകോവിലും വിസ്തൃതമായ പുണ്യ തീർത്ഥവുമെല്ലാം ക്ഷേത്രത്തിന്റെ പുരാതന പ്രാധാന്യത്തിന് തിളക്കം ചാർത്തുന്നു. കിഴക്കു ഭാഗത്ത് ആറടിയിലധികം താഴ്ചയുള്ള പുണ്യ തീർത്ഥത്തിലെ വെള്ളമാണ് പൂജാദി കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്. ഈ തീർത്ഥത്തിലാണ് പരശുരാമൻ ദേവ ചൈതന്യം ദർശിച്ചതെന്നും വിശ്വസിക്കുന്നു. ഗർഭ ഗൃഹത്തിൽ പ്രവേശിക്കേണ്ടവർ ഇതിലെ നിശ്ചിത കടവിൽ കുളിച്ചിരിക്കണമെന്നുമുണ്ട്.

ശ്രീകോവിലിനോട് ചേർന്ന് തൃപ്പടിക്ക് തെക്കു ഭാഗത്തായി ഗണപതി, ശാസ്താവ് ,എന്നീ പരദേവതമാരുമുണ്ട്. മതിൽക്കകത്ത് ബ്രഹ്‌മ രക്ഷസിനും സ്ഥാനമുണ്ട്. പെരുമയും പഴമയുമുള്ള ചുവർ ചിത്രങ്ങൾ തൃച്ചക്രപുരം ക്ഷേത്രത്തിന്റെ മാഹാത്മ്യത്തിന് മാറ്റു കൂട്ടുന്നു. ശ്രീകോവിലിന്റെ പുറം ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുള്ള വർണ്ണ ചിത്രങ്ങൾ അത്യധികം ആകർഷകങ്ങളാണ് . ഇത്തരം ദേവാലയങ്ങൾ അപൂർവ്വമാണ്.
വർണ്ണ ചിത്രങ്ങൾ അത്യധികം ആകർഷകം
ദ്വാരകയിൽ എത്തിയ ദേവകീ വാസുദേവന്മാരെ ബാലനായ കൃഷ്ണന് പരിചയപ്പെടുത്തുന്നതാണ് അവിസ്മരണീയമായ ഒരു ചിത്രം. കൂടാതെ വൈകുണ്ഡത്തിലിരിന്നു സംഭാഷണം നടത്തുന്ന ശിവനും വിഷ്ണുവും സമീപത്തെ സൗധത്തിലിരുന്നു സന്തോഷിക്കുന്ന ലക്ഷ്മീ പാർവ്വതിമാരും വ്യത്യസ്തയുള്ള ചിത്രങ്ങളിൽ ഒന്നാണ്. ശ്രീകര സങ്കൽപ്പത്തിലുള്ള വിഷ്ണു, സിംഹാരൂഢ ദുർഗ്ഗ, ശിവ പാർവ്വതിമാർ തുടങ്ങി ബീഡി വലിക്കുന്ന ഒരു പരദേശിയുൾപ്പെടെ സാമാന്യ ജനങ്ങളെയും ആവിഷ്കരിച്ചിട്ടുള്ള ചിത്രങ്ങൾ ശ്രദ്ധേയമാണ്.

കാലപ്പഴക്കം കൊണ്ടും സംരക്ഷണക്കുറവുകൊണ്ടും ഈ ചുവർ ചിത്രങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്. ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജ കുടുംബം വക വിശേഷാൽ പതിവുകളുമുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലായപ്പോൾ സർക്കാർ നിശ്ചയിച്ച അന്വിറ്റി മാത്രമായി വരുമാനം. പുത്തൻചിറ ദേശത്തെ തൊണ്ണൂറ് ശതമാനം ഭൂമിയും ഒരു കാലത്ത് ഈ ക്ഷേത്രത്തിന്റേതായിരുന്നു. ഭൂ നിയമങ്ങളും കീഴ്വഴക്കങ്ങളും കയ്യേറ്റങ്ങളും കൊണ്ട് എല്ലാം അന്വാധീനപ്പെട്ടുപോയി. ഇപ്പോൾ അമ്പലം നിലനിൽക്കുന്നത് ഏകദേശം രണ്ടേക്കർ ഭൂമിയിലാണ്. ഇതിൽ അര ഏക്കർ വിസ്തൃതിയുള്ള വിശാലമായ കുളം ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഈ കുളത്തിന് 50 മീറ്റർ നീളവും 45 മീറ്റർ വീതിയുമുണ്ട്. കർണ്ണാടകയിൽ തൃച്ചക്രപുരം മാതൃകയിൽ ക്ഷേത്രമുള്ളതായി അറിയുന്നു.
മകര മാസത്തിലെ വെളുത്ത വാവിന് ആറാട്ട്
മേയ്ക്കാളി, ആലക്കാട്, പള്ളത്തേരി, പാമ്പും മേക്കാട്, താന്നിയിൽ മതിയത്ത് എന്നീ ഇല്ലക്കാർ ക്ഷേത്രത്തിന്റെ ഉടമസ്ഥവകാശം ഊരാൺമക്കാരായി സ്ഥാപിച്ചിരിക്കുന്നു. ഇവരുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റായ ഭരണസമിതി കാര്യ നിർവ്വഹണങ്ങൾക്ക് സ്ഥാനം വഹിക്കുന്നു.

മകര മാസത്തിലെ വെളുത്ത വാവിന് ആറാട്ട് വരത്തക്ക വിധം അഷ്ടമിക്ക് കൊടി കയറി എട്ടു ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം. പള്ളി വേട്ടക്ക് തലേ ദിവസം രാത്രി മതിൽക്കപ്പുറത്ത് കിഴക്കോട്ടുള്ള എഴുന്നള്ളിപ്പ് മറ്റെങ്ങും കാണാത്ത പ്രത്യേകതയാണ്. അഷ്ടമി രോഹിണി, നവരാത്രി, വിഷു എന്നീ വിശേഷങ്ങളും ആഘോഷിക്കുന്നു. തിരുവോണം നാളിൽ വാരം പതിവുണ്ടായിരുന്നു. അഷ്ടമി രോഹിണിക്ക് അപ്പവും ആറാട്ടിന് കൊടിക്കൽ പറയും വിശിഷ്ടമാണ്.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment