വാല്‍ക്കണ്ണാടി

ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ തനിമ

വാൽക്കണ്ണാടി 


ത്യപൂർവ്വമായ ആചാരാനുഷ്ഠാനങ്ങൾ  അലിഞ്ഞുചേർന്ന അലൗകിക അന്തരീക്ഷത്തിൽ ആത്മീയ വിശുദ്ധി വഴിഞ്ഞൊഴുകി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമ ക്ഷേത്രം സർവ്വൈശ്വര്യങ്ങളുടെ  സാക്ഷ്യവും സമാനതകളില്ലാത്ത സവിശേഷതകളുടെ സംസ്‌കാര സമ്പന്നമായ സംഗമ സ്ഥാനവുമാണ്.

വാസ്തു വിദ്യയുടെ വിസ്മയ കേദാരം 
രാണിക്കുളം മഹാദേവ ക്ഷേത്രം പഞ്ചൈശ്വര്യപ്രസിദ്ധമായി പ്രകീർത്തിക്കപ്പെടുന്നു. ഈ ആരാധനാ കേന്ദ്രത്തിൽ അഞ്ച് ഐശ്വര്യങ്ങളും കുടി കൊള്ളുന്നു. കേരളത്തിലെ അറുപത്തിയൊന്ന് ഗ്രാമങ്ങളിൽ ഒന്നായിരുന്നു ഐരാണിക്കുളം. ഐരാണിക്കുളം ഗ്രാമത്തെ  രക്ഷിക്കുന്നതിനായി  നൂറ്റിയെട്ട് ശിവാലയങ്ങളിൽ ഒന്നായി  ഈ ക്ഷേത്രം നിലകൊള്ളുന്നു. ഐരാണിക്കുളം ഗ്രാമത്തിലെ നാൽപ്പത്തി ഒന്ന് ഇല്ലക്കാരുടെ ക്ഷേത്രമാണിതെന്നും പുരാവൃത്തമുണ്ട്. മാത്രമല്ല, ഈ ഗ്രാമം നാട്ടുക്കൂട്ടങ്ങളിൽ ഐരാണിക്കുളം അഥവാ ഐരാണിക്കൂട്ടത്തിന്റെ ആസ്ഥാനവുമായിരുന്നു. പഴയ കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമങ്ങളിൽ ഒന്നാണ് ഐരാണിക്കുളം.



രാണിക്കുളം മഹാദേവക്ഷേത്ര  സമുച്ചയത്തിൽ ഒരേ പീഠത്തിൽ ശിവ പാർവ്വതി സുബ്രമണ്യ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്നത് ഏറെ വൈശിഷ്ട്യമുളവാക്കുന്നു. ഈ മഹാദേവ ക്ഷേത്രത്തിന്റെ പ്രതിനിധിയായി ഗ്രാമന്ത്രങ്ങളിൽ ഭക്തിസാന്ദ്രമായി എഴുന്നള്ളിയിരുന്ന ശ്രീപാർവ്വതി തദ്ദേശീയരുടെ ചിന്തകളിലും നിത്യ ജീവിതത്തിലും ഒഴിച്ചുകൂട്ടാനാവാത്ത നിറസാന്നിധ്യമാണ്.

 ഐരാണിക്കുളം പണ്ട് പരശുരാമൻ തപസ്സനുഷ്ഠിച്ച സ്ഥലമായി അറിയപ്പെട്ടിരുന്നു. ഈ ക്ഷേത്രം മുപ്പത്തിമുക്കോടി ദേവ ചൈതന്യം അവകാശപ്പെടുന്നു. ഐരാണിക്കുളം മഹാദേവ ക്ഷേത്രം വാസ്തു വിദ്യയുടെ വിസ്മയമായി കേദാരമാണ് ആരെയും അതിശയിപ്പിക്കുന്ന വൈചിത്ര്യങ്ങളുടെ വില നിലമാണ്. രണ്ടു നിലകളുള്ള ബ്രഹത്തായ വട്ടശ്രീകോവിൽ അത്ഭുതക്കാഴ്ചയായി നിലകൊള്ളുന്നു. ഐരാണിക്കുളം ക്ഷേത്രത്തിന്റെ അഞ്ച് ഐശ്വര്യങ്ങളും പാർവ്വതി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പീഠത്തിൽ മൂന്ന് പ്രതിഷ്ഠ, കിണറിൽ കിണർ, കുളത്തിൽ കുളം, ഇലയിൽ മഞ്ഞൾ, പൂവിൽ പൂവ് എന്നിവയാണ് പഞ്ചൈശ്വര്യങ്ങൾ.

ഐരാണിക്കുളം എന്ന പേര് 
ശ്രീപാർവ്വതി ദേവിയുടെ തൃപ്പൂത്ത് കുളത്തിൽ നിന്നുയർത്തിയിരുന്ന ആഭരണപ്പെട്ടി, കടലടച്ച കല്ല്, രാത്രിയിൽ സഞ്ചരിക്കുന്ന കൽകാളകല്ലാറുകുന്നിലെ കമിഴ്ത്തിയിട്ട  കൽ വഞ്ചി ഇതാണ് അഞ്ച് ആശ്‌ചര്യങ്ങൾ. ഇന്ദ്രനും ഇന്ദ്രാണിയും ജയന്തനുമായിരുന്നു ഇവിടുത്തെ മൂർത്തികൾ എന്നും വിശ്വസിച്ച് പോരുന്നു .



ഇന്ദ്രാണി ഐറണിയായതെന്നും ഐരാണിക്കുളം എന്ന പേര് ഇങ്ങനെ കൈവന്നതാണെന്നും കരുതി വരുന്നു. ഐരാണിക്കുളം മഹാദേവ ക്ഷേത്ര സമുച്ചയത്തിന്റെ മധ്യബിന്ദുവിൽ ഭൂനിരപ്പിൽ നിന്ന് പത്തടിയോളം ഉയർന്ന പീഠത്തിൽ പരശുരാമനാൽ ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

 
ദേവിയെ കാരോട്ടമ്മ എന്ന് വിളിച്ച് പ്രാർഥിക്കുന്നു
വിടുത്തെ ശിൽപ്പ സുന്ദരവും ഭീമാകാരവുമായ ഉയർന്ന ബലിക്കല്ല് ഏറെ പ്രത്യേകതയുളവാക്കുന്നു. നമസ്‌കാര മണ്ഡപത്തിന്റെ തെക്കുഭാഗത്താണ് ഭണ്ഡാരത്തറയുടെ അസ്ഥിവാരം. ഇതോട് ചേർന്ന് ഗണപതി വിഗ്രഹവുമുണ്ട്. ശ്രീകോവിലിന് താഴെയാണ് ഓവ് താങ്ങി നിൽക്കുന്ന അംഗഭംഗം വന്ന അപസ്‌മാര ഭൂതം. 

വലിയ ബലിക്കല്ലിന് കിഴക്കായി മില്ലത്ത് ദുഃഖിതനായി കിടക്കുന്നുവെന്ന് തോന്നുന്നതും നിത്യവും പൂജയില്ലാത്തതുമായ രണ്ടാമതൊരു നന്ദി വിഗ്രഹവും ദർശിക്കാനാകും.
 


നാഗ ദൈവങ്ങളെ തൊഴുത് പ്രദക്ഷിണ വഴിയിലൂടെ മഹാദേവന്റെ പൊൻ വിളക്കും വണങ്ങി നീങ്ങുമ്പോൾ പ്രദക്ഷിണ വഴി പടിഞ്ഞാറോട്ട് നീങ്ങി പ്രകൃതി ദത്തമായ ഒരു ഉയർന്ന പീഠത്തിലെത്തുന്നു. ഇതിന്റെ നടുവിലായി ഒരു കൊടിലിൽ ആദിവാസികളുടെ 'അമ്മ ദൈവം, നാട്ടുകാരുടെ പോറ്റമ്മ, വനദുർഗയും ഭദ്രകാളിയും രാജരാജേശ്വരിയുമായി പൂജിക്കപ്പെടുന്ന മഹാമായയും ഇന്നും പ്രാചീന ശിലാഖണ്ഡത്തിൽ പടിഞ്ഞാറ് അഭിമുഖമായി വിരാജിക്കുന്നു. ഈ ദേവിയെ കാരോട്ടമ്മ എന്ന് വിളിച്ച് ഭക്തർ പ്രാർഥിക്കുന്നു.



ഇവിടെ നിന്നും തിരിച്ചിറങ്ങി പ്രദക്ഷിണ വഴിയിലെത്തുമ്പോൾ വടക്കേടത്ത് ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾ ദർശനം നടത്തുന്നു. ഇവിടുത്തെ ഇരു നിലയുള്ള സമചതുരമായ ശ്രീകോവിലിനുള്ളിൽ  പഞ്ച ലോഹ നിർമ്മിതമായ ആൾ വലുപ്പമുള്ള വിഗ്രഹത്തിൽ സ്കന്ദോമാപരമേശ്വരൻമാരാണ്. തെക്കു ഭാഗത്തുള്ള മുഖ മണ്ഡപവും ശ്രീകോവിലും ചേരുന്ന കോണിൽ പുറം ചുമരിലെ ശ്രീപാർവ്വതിയുടെ  സൗന്ദര്യ ദേവതാരൂപമായ സുന്ദരയക്ഷി അഭീഷ്ട വരദായിനിയായി അരുളിച്ചെയ്യുന്നു.

വട്ടെഴുത്തിലുള്ള  മൂന്ന് ശിലാ ലിഖിതങ്ങൾ 
ടക്കേടത്ത് അമ്പലത്തിൽ പഞ്ചലോഹത്തിലുള്ള മൂന്നു വിഗ്രഹങ്ങളും തെക്കേടത്ത് അമ്പലത്തിൽ രണ്ടു ദ്വാരപാലകന്മാരും ഉണ്ടായിരുന്നു. ഈ ദ്വാരപാലകന്മാരെ പുരാവസ്തു വകുപ്പ് പരിരക്ഷിച്ചു പോരുന്നു. ഈ ക്ഷേത്രത്തിൽ ഇനിയും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലാത്ത വട്ടെഴുത്തിലുള്ള  മൂന്ന് ശിലാ ലിഖിതങ്ങൾ കാണാനാകും. തെക്കേടത്ത് ശ്രീകോവിലിന്റെ ചുറ്റുമതിലിന് പുറത്ത് തെക്കു പടിഞ്ഞാറ് മൂലയിൽ മണ്ഡപവും ശ്രീകോവിലും സ്ഥിതി ചെയ്യുന്നു. 

ശ്രീകോവിലിൽ ധർമ്മ ശാസ്താവാണ്. പണ്ട് ആയിരം അടി ചതുരത്തിന്റെ ഒരാൾ പൊക്കത്തിലുണ്ടായിരുന്ന തറയിൽ ആലും മാവും പ്ലാവും ഇലഞ്ഞിയും തെങ്ങിനോളം വണ്ണമുള്ള കാട്ടുവള്ളിയും ചുറ്റിപ്പിണഞ്ഞ് കട ഒരു മരവും തല പല മാറ്റങ്ങളുമായി നിന്നിരുന്ന ഘോരവനത്തിന്റെ പ്രതീകത്തിന് ചുവട്ടിൽ വാനശാസ്താവും സർപ്പദേവതകളും പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവെന്ന് സങ്കൽപ്പിക്കുന്നു. 



പിന്നീട് അയ്യപ്പനെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ വട്ട ശ്രീകോവിലിന്റെ അസ്ഥിവാരത്തിനു മുകളിൽ അരഞ്ഞാണമെന്നോണം ആശ്ച്ചര്യജനകമായ മൃഗശാല വളരെ പ്രസിദ്ധമാണ്. ഒന്നിനൊന്ന് വ്യത്യസ്‍തങ്ങളായ അഞ്ഞൂറിലധികം വ്യാളീമുഖങ്ങളുള്ള മൃഗ രൂപങ്ങൾ ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഭൂതഗണങ്ങൾ കൊത്തിവച്ചതാണെന്ന് ആരാധകർ വിശ്വസിക്കുന്നു.

 ഇന്ന് ക്ഷേത്രം ഒരു പഴയ പ്രതാപ കാലത്തിന്റെ ഗാംഭീര്യവും തലയെടുപ്പും പ്രകടിപ്പിക്കുന്നു. ധനുമാസത്തിലെ തിരുവാതിരക്കു മുൻപ് വരുന്ന കാർത്തിക നാളിൽ ഗ്രാമ പ്രദക്ഷിണം കഴിഞ്ഞ് ശ്രീകോവിലിൽ എത്തുന്ന മഹാദേവൻ തന്നെ ദർശിക്കാനെത്തുന്ന ദേവതേജസ്സുകളെ സ്വീകരിച്ചാണിയിക്കുവാൻ ശ്രീപാർവ്വതിക്ക്  അനുമതി നല്കിയത്രെ ശ്രീകോവിലിൽ നിന്നും കൊളുത്തികൊണ്ടു വരുന്ന ഒരു ദീപശിഖയിലൂടെയാണ് പ്രതീകാത്മകവുമായി ഈ അനുമതി നല്കിയത്രെ. ശ്രീകോവിലിൽ നിന്നും കൊളുത്തികൊണ്ടു വരുന്ന  ഒരു  ദീപശിഖയിലൂടെയാണ് പ്രതീകാത്മകമായി  ഈ അനുമതി ലഭിക്കുന്നത്. ഇവിടെ ഇതൊരു ദീപക്കാഴ്ചയോ ദീപാലങ്കാരമോ അല്ല. മറിച്ച് ഒരു യജ്ഞമാണ്. ജീവിത സായൂജ്യം നൽകുന്ന യജ്ഞം. മഹാദേവ സന്നിധി  മുഴുവൻ ദേവസങ്കല്പങ്ങളെയും സഞ്ചയങ്ങളെയും പ്രതിനിധീകരിക്കുന്ന യജ്ഞമാണ് കാർത്തിക ദീപം. താമരശ്ശേരി മേക്കാട്ട് നമ്പൂതിരിമാർക്കാണ് ക്ഷേത്രത്തിലെ തന്ത്രി സ്ഥാനമുള്ളത്.

ഐരാണിക്കുളം ക്ഷേത്രത്തിലെ മാത്രം സങ്കല്പം 
ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും കാർത്തിക വിളക്കുമെല്ലാം ക്ഷേത്രത്തിൽ വർഷം തോറും മുഖ്യമായി  ആഘോഷിക്കുന്നു. പഴയ കാലത്ത് വൃശ്ചികത്തിലെ ഉത്സവം നടന്നിരുന്നു, പാർവ്വതിയുടെ വരവിന് തടസമുണ്ടാകുമെന്ന് വിശ്വാസമുള്ളതിനാൽ ഈ ഗ്രാമത്തിൽ പഠിപ്പുര പണിയാറില്ല. കൂടിയാട്ടത്തിന്റെ ഉപജ്ഞാതാവായ തോലനും ശുകസന്ദേശത്തിന്റെ കർത്താവായ ലക്ഷ്മീ ദാസും ഒറവങ്കരക്കവികളും  ഈ ഗ്രാമക്കാരായിരുന്നു. 

ഐരാണിക്കുളം ക്ഷേത്രം 1789 -ൽ അക്രമത്തിന് വിധേയമായിട്ടുണ്ട്. അമേരിക്കയിൽ 1985 -ൽ നടന്ന ഇന്ത്യാ ഫസ്റ്റിവലിൽ ഇവിടുത്തെ ദ്വാരപാലകനെ പ്രദർശിപ്പിച്ചിരുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുലശേഖര കാലത്തെ നാല് ശിലാ ലിഖിതങ്ങൾ കണ്ടെത്തിയിരുന്നു. ഐരാണിക്കുളം മഹാദേവക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ  കീഴിലാണ്.



ദൈവീക തലത്തിൽ നിന്ന് മാനുഷിക തലത്തിലേക്ക് ദേവിയിറങ്ങി വരുന്ന അനുഭവം ഐരാണിക്കുളം ക്ഷേത്രത്തിലെ മാത്രം സങ്കല്പമാണ്. ശിവ സങ്കൽപ്പത്തിന്റെ ഗഹനതയും ശിവ കുടുംബ പ്രതിഷ്ഠയുടെ സരളതയും ഒരു ക്ഷേത്ര ദർശനം കൊണ്ട് സാധിക്കുന്നുവെന്നത് ഐരാണിക്കുളം ക്ഷേത്രത്തിന്റെ മാഹാത്മ്യമാണ്.

 ഈ മഹാദേവ ക്ഷേത്ര സമുച്ചയത്തിലെ വടക്കേടത്ത് അമ്പലത്തിൽ നടത്തുന്ന മലർ നിവേദ്യം വിവാഹതടസ്സങ്ങൾ നീങ്ങുക, സുദീർഘ ദാമ്പത്യം, സന്താന ലാഭം എന്നീ ഫലസിദ്ധികൾക്കു വേണ്ടിയാണ്. നല്ല മനസ്സോടെ ചെയ്യുന്ന സൽക്കാരം പ്രപഞ്ച വിധാതാവായ മഹാദേവൻ  പൂർണ്ണ സംതൃപ്തിയോടെ സ്വീകരിക്കുന്നു.

ക്ഷേത്രത്തിന്റെ ഭൗതീക സ്വരൂപങ്ങൾ 
 രാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ സഹസ്രാബ്‌ദങ്ങളായി എന്നും നില നല്കുന്ന ആചാരമാണ് ബ്രാഹ്മണിപ്പാട്ട്. പുഷ്പക സമാജകത്തിലെ സ്ത്രീകളാണ് ബ്രാഹ്മണിയമ്മകളായി അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പർവ്വതി ദേവിയെയും ജഗദംബയെയുമാണ് നിത്യേന ബ്രാഹ്മണിപ്പാട്ടു പാടി ഉണർത്തുന്നത്. ഇത് ഒരു ഉപാസന മാർഗവുമായി കരുതുന്നു. തെക്കേടത്ത് അമ്പലത്തിലാണ് ആദ്യം എല്ലാ പൂജകളും നടത്തുന്നത്.
 


സർവ്വ രക്ഷകരായ  ശിവശക്തി സംയോഗത്തിന്റെ അനുഗ്രഹം ഇവിടെ വരുന്ന ഭക്തർക്ക്  അനുഭവമാണെന്ന് സമ്മതിക്കുന്നു. ചുറ്റമ്പലത്തിന് പുറത്താണ് മീനം രാശിയിൽ തന്നെയുള്ള തീർത്ഥ കിണർ. ചുറ്റമ്പലത്തിന് പുറത്താണ് മീനം രാശിയിൽ തന്നെയുള്ള ഊട്ടുപുര കിണർ. ക്ഷേത്ര മൈതാനത്തിന്റെ വടക്കേകവാടം കടന്ന് താഴോട്ടിറങ്ങി നടന്നാൽ കിഴക്കോട്ട് ദർശനമായിട്ടുള്ള മഹാവിഷ്ണുവിന്റെ ശ്രീകോവിലാണ്. ശ്രീകോവിലിന് കിഴക്കു വശത്തായിട്ടാണ് വിശാലമായ ക്ഷേത്രക്കുളം. പ്രധാന ക്ഷേത്രത്തിൽ നിന്നും തെക്കോട്ടിറങ്ങിയാൽ തീർത്ഥക്കുളവും കുളപ്പുരയും സ്ഥിതി ചെയ്യുന്നു. വിസ്തൃതമായ കച്ചേരിവളപ്പുര മൈതാനവും ക്ഷേത്രത്തിന്റെ ഭൗതീക സ്വരൂപത്തിൽപ്പെടുന്നു.

ക്ഷേത്രത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്തുകൾ 

രാണിക്കുളത്തെ ചെമ്പാരിമഠത്തിൽ നിന്നും അടുത്തകാലത്ത് 600 വർഷം  മുൻപ് എഴുതിയ ഒരു താളിയോല ഗ്രന്ഥം ലഭിച്ചിരുന്നു. പ്രാകൃത മലയാളത്തിൽ എഴുതിയ ഈ ഗ്രന്ഥത്തിൽ ക്ഷേത്രത്തിന്റെ പൂർവ്വ സ്ഥിതി വിവരിച്ചിരിക്കുന്നു. 

തെക്കേടത്ത്  വടക്കേടത്ത് അമ്പലങ്ങളിലായി നാല് സ്വർണ്ണക്കൊടിമരങ്ങൾ, അഭിഷേകത്തിനായി രത്ന ചിതങ്ങളായി  സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള കലശങ്ങൾ, വെള്ളിയിൽ തീർത്ത പൂജാ പാത്രങ്ങൾ, പ്രതിഷ്ഠകൾക്കെല്ലാം രത്നങ്ങൾ പതിച്ച സ്വർണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ, നിവേദ്യങ്ങൾ ഉണ്ടാക്കാനുള്ള നിരവധി പാത്രങ്ങൾ എന്നിങ്ങനെ ക്ഷേത്രത്തിന്റെ സമ്പത്ത് വിലമതിക്കാത്തതായിരുന്നു.



അറബിക്കടൽ മുതൽ ആനമല വരെയും ആലങ്ങാട്  കോട്ടപ്പുറം മുതൽകോടശ്ശേരി മാളവരെയും വ്യാപിച്ചു കിടക്കുന്ന അനേകം പ്രദേശങ്ങൾ ഐരാണിക്കുളത്തെ  മഹാദേവന്റെ   അധീനതയിലായിരുന്നു . ക്ഷേത്രത്തിൽ മാസം തോറും വേദ പാരായണവും സൽക്കാരങ്ങളും നടന്നു വന്നിരുന്നു. വൈക്കം ശിവ ക്ഷേത്രത്തിലെ തന്ത്രിയെ ഇവിടെ നിന്നാണ് നിയോഗിച്ചിരുന്നത്. തെക്കേടത്ത് മണ്ഡപത്തിൽ വച്ച് രാജാവ് ഭരണ തീരുമാനങ്ങളെടുത്തിരുന്നു.
 
രാണിക്കുളം ക്ഷേത്രത്തിൽ ഉത്സവ നാളുകളിൽ സ്ത്രീകളിൽ വഴിപാടായി തിരുവാതിര കളിക്കുന്നത് പതിവാണ്. തങ്ങളോടൊത്ത് ശ്രീപാർവ്വതിയും തിരുവാതിര കളിക്കുന്നുവെന്നാണ് സങ്കല്പം. തിരുവാതിരക്കളി വഴിപാട് ജീവിത സാഫല്യത്തിനൊരു വഴിയായി ഭക്തർക്ക് അനുഭവപ്പെടുന്നു. കേരളത്തിലെ ആദ്യ ശിവ പ്രതിഷ്ഠയായി കണക്കാക്കുന്ന ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ സദാശിവ മഹാദേവന് ഇപ്പോൾ ധാരയും പൂർണ്ണാഭിഷേകവും നടത്താറില്ല.ഇതിനുള്ള കാരണം പ്രതിഷ്ഠയുടെ പുനരധിവാസ കഥയിൽ കണ്ടെത്തിയിരുന്നു.

പരമ്പരാഗത രീതിയിലുള്ള പുനർ നിർമ്മാണം
രാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദേശ ഗുരുതി, താലപ്പൊലി, മണ്ഡലപൂജ, സരസ്വതി പൂജ, നിറപുത്തരി, ഷഷ്‌ഠി എന്നിവയും പ്രധാന ആഘോഷങ്ങളാണ്. 

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവു ചെയ്ത് ഐരാണിക്കുളം ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടം പൂർത്തിയായി. പൗരാണിക പ്രൗഡിയുടെ തനിമ നഷ്ടപ്പെടാതെ പരമ്പരാഗത രീതി യിലാണ് പുനർ നിർമ്മാണം. സിമന്റ് ഉപയോഗിക്കാതെ തികച്ചും പൈതൃക മാതൃകയിലാണ് പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാക്കിയിട്ടുള്ളത്.



ആഞ്ഞിലിത്തടിയിൽ തീർത്ത മരപ്പണികളിലെല്ലാം സവിശേഷമായ അഷ്ടക്കൂട്ട് അടിച്ചിട്ടുണ്ട്. ആറ്റു മണലും ഖനനം ചെയ്തെടുത്തുമായ കുമ്മായവും കടുക്കയും വെള്ളവും ശർക്കരയും പ്രത്യേക അനുപാതത്തിൽ വലിയ ഗ്രൈൻഡറിലിട്ട്  അരച്ചെടുത്താണ് ചുമരുകൾ തേച്ചത്. നമസ്‌കാര മണ്ഡപം പുതുതായി നിർമ്മിച്ച് അതിൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന രണ്ട് പുരാണ ശിലാ ലിഖിതങ്ങളും തനിമയുടെ പ്രതിമയും സ്ഥാപിച്ചു. 

നൃത്ത മണ്ഡപം  പണിത് നാലു വശങ്ങളിലും മനോഹരമായ സോപാനപ്പടികൾ നിർമ്മിച്ചു. തെക്കേടത്ത് ക്ഷേത്രത്തിലെ വട്ട ശ്രീകോവിലിന്റെ മുകൾത്തട്ട് ആഞ്ഞിലിത്തടിയിൽ പുനർ നിർമ്മിച്ച് ബലപ്പെടുത്തി. മുംബൈയിൽ നിന്നും കൊണ്ട് വന്ന ചെമ്പു ഷീറ്റുകൾ ക്ഷേത്രത്തിൽ വിദഗ്ധരായ ശിൽപ്പികൾ മുറിച്ച് മടക്കി തകിടുകളാക്കി വട്ട ശ്രീകോവിലിന്റെ അടിയിലും മുകളിലും ചെമ്പു വിരിച്ചു. ചെമ്പു തകിടുകളിൽ മെറ്റാലിക് കോപ്പർ രണ്ടു പ്രാവശ്യം അടിച്ചു. ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രപ്പണികളോടെ തൂവാനം പിടിപ്പിച്ചു . ദ്വാരപാലകന്മാരെ പുനർ നിർമ്മിച്ചു. നാട്ടുകാരുടെ സഹായത്തോടെ സ്വർണ്ണം പൂശിയ താഴികക്കുടം ക്ഷേത്രത്തിൽ മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചു. ഗണപതി ക്ഷേത്രത്തിന്റെ നവീകരണവും പൂർത്തിയാക്കി.

തയ്യാറാക്കിയത് - സുരേഷ് അന്നമനട 

Leave A Comment