കുഴൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം
വാൽക്കണ്ണാടി
സമാനതകളില്ലാത്ത സവിശേഷതകളുടെ സംസ്‌കാര സമ്പന്നവും സർവ്വൈശ്യര്യങ്ങളുടെ സാക്ഷ്യവുമാണ് കുഴൂർ സുബ്രമണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ 51 സുബ്രമണ്യ ക്ഷേത്രങ്ങളിലൊന്നാണിത്. കെട്ടിലും മട്ടിലും ഇത്രയും വലിപ്പമുള്ള
മുരുക ക്ഷേത്രം കേരളത്തിൽ ഉണ്ടോയെന്നത് സംശയമാണ്. അതുകൊണ്ട് തന്നെ ഇതൊരു നാടുവാഴി ഭരണത്തിന്റെ ബാക്കി പത്രമാണ്.
കുഴുമൂർ എന്ന കുഴൂർ
പഴയ ചേര രാജ വംശം ആദ്യം പാർത്തിരുന്നത് കൊടുങ്ങല്ലൂരിന് ഏകദേശം പത്തു നാഴിക കിഴക്കു തെക്കായി കിടക്കുന്ന കുഴൂർ എന്ന സ്ഥലത്തായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. കുഴുമൂർ എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. ചേര രാജ വംശത്തിന്റെ തുടക്കം കുഴൂമൂർ എന്ന കുഴൂരിലായിരുന്നുവെന്ന് കരുതാനുള്ള തെളിവുകൾ ലഭ്യമാണ്.

കുഴുമൂർ എന്ന സ്ഥലനാമം ഉൾക്കൊള്ളുന്ന ഒരു ശിലാ ലിഖിതം മാളക്കടുത്തുള്ള കുഴൂരിൽ നിന്നും 1936 ൽ കണ്ടെത്തിയതായി രേഖയുണ്ട്. ക്രിസ്തുവിന് മുൻപ് ജനവാസമുള്ള ഈ സ്ഥലം പുരാവൃത്തങ്ങളിൽ ഇടം തേടിയിട്ടുണ്ട്. ഇന്നത്തെ ആധുനിക മാളയുടെ കേന്ദ്രീകൃത വളർച്ചക്ക് മുൻപും കുഴൂർ തന്നെയായിരുന്നു പ്രമാണിത്വമുണ്ടായിരുന്ന ജനവാസ കേന്ദ്രം. കുഴൂർ സുബ്രമണ്യ ക്ഷേത്രം ഇന്നും പ്രൗഢിയോടെ ആചാരാനുഷ്ടാങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ഇതിന്റെ സ്ഥാപന കാലം ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതുന്നു.
കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നാണ് കുഴൂർ. ഇത് ഗ്രാമ ക്ഷേത്രമാണ്. പ്രധാന മൂർത്തി സുബ്രമണ്യനാണ്. ബാലസുബ്രമണ്യൻ എന്നാണ് സങ്കല്പം. വിഗ്രഹത്തിന് ആറടിയോളം ഉയരമുണ്ട്. ഇത്രയും വലുപ്പമുള്ള വിഗ്രഹം അപൂർവ്വമാണ്. കിഴക്കോട്ട് ദർശനമായി മൂന്നു നിലകളോട് കൂടിയ ശ്രീകോവിലിന് 66 അടി ഉയരമുണ്ട്.
പ്രധാനികളായ 10 ഇല്ലങ്ങൾ ചേർന്ന് ക്ഷേത്ര ഭരണം നിർവ്വഹിച്ചിരുന്നു
വലിയമ്പലം, ചുറ്റമ്പലം, ബലിപ്പുര, കൂത്തമ്പലം, ഊട്ടുപുര എന്നിവയെല്ലാം ക്ഷേത്ര സമുച്ചയത്തിന് മാറ്റു കൂട്ടുന്നു. കൊല്ലവർഷം 1086 ലാണ് ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുതുക്കിപ്പണി കഴിപ്പിച്ചത്. നിരവധി നമ്പൂതിരി ഇല്ലങ്ങൾ ഉണ്ടായിരുന്ന ഇവിടെ പ്രധാനികളായ 10 ഇല്ലങ്ങൾ ചേർന്നാണ് ക്ഷേത്ര ഭരണം നിർവ്വഹിച്ചിരുന്നത്. ഊരായ്മക്കാരിൽ പ്രധാനി നെന്മേനിയായിരുന്നു. അരയണ മംഗലവും തേന്ത്ര മംഗലവും മാത്രമാണ് ഇത്തവണ ശേഷിക്കുന്ന നമ്പൂതിരി ഗൃഹങ്ങൾ. ചേര രാജാക്കന്മാരുടെ ഭോജന ശാല എന്ന് കൂടി കുഴൂരിനെ വിശേഷിപ്പിച്ചിരുന്നു. ക്ഷേത്രത്തിൽ നമസ്‌കാര ഊട്ട് ഉണ്ടായിരുന്നു. .പക്ഷികൾക്കായി പനയോല വട്ടിയിൽ ഭക്ഷണം മരക്കൊമ്പിൽ തൂക്കിയിടുന്ന പതിവും ഉണ്ടായിരുന്നു.

ഉദിയൻ ചേരന്റെ തലസ്ഥാനമായിരുന്നു കുഴുമൂർ. ഇദ്ദേഹം കരികാല ചോളനോട് യുദ്ധം ചെയ്യുമ്പോൾ പുറത്ത് പരിക്കേറ്റതിനാൽ ലജ്ജിതനായി പട്ടിണി കിടന്ന് മരിച്ചു. ഇദ്ദേഹത്തിന്റെ മകൻ നെടുംചേരലാതനാണ് ചേര സാമ്രാജ്യത്തിന് അടിത്തറയിട്ടത്. സുബ്രമണ്യാരാധന കേരളത്തിൽ കടന്നു വരുന്നത് ആദി ചേരന്മാരിലൂടെയാണെന്ന് സംശയിക്കുന്നു. രാജകല്പന പ്രകാരം 1775 ൽ കുഴൂർ ക്ഷേത്രത്തിന്റെ കോയ്മ പാലിയത്തച്ചന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഊരായ്മ ഒരു സാമൂതിരിക്കും ലഭിക്കുകയുണ്ടായി. ഒരു നൂറ്റാണ്ടോളം ഈ സംവിധാനം തർക്കമില്ലാത്ത തുടരുകയും ചെയ്തു. അധികാര തർക്കങ്ങൾ 1865 ൽ ഉടലെടുത്തു. നിയമ പോരാട്ടത്തിലൂടെ കുഴൂർ ക്ഷേത്ര സംബന്ധമായ അധികാരാവകാശങ്ങൾ പാലിയത്തച്ചന് തന്നെ സിദ്ധിച്ചു. പരാജയ ഭീതി ഉളവായ നമ്പൂതിരി ഊരായ്മവകാശം കൊച്ചി ഇളയ രാജാവിന് വിൽക്കുകയും ചെയ്തു. ക്ഷേത്രാധികാരങ്ങൾ രാജാവിൽ നിക്ഷിപ്തമാകുന്നതിനും പാലിയത്തച്ചന്റെ അധികാര പരിധി വെട്ടിക്കുറക്കുന്നതിനും വേണ്ടിയാണ് ഇപ്രകാരം ചെയ്തത് എന്ന് പാലിയത്തച്ചന് മനസ്സിലായി.
സുബ്രമണ്യന് 16 ഭാവങ്ങൾ
ക്ഷേത്ര കാര്യങ്ങളിലെ കീഴ്വഴക്കങ്ങളും അനുദിന നടപടിക്രമങ്ങളും രണ്ടു വർഷം പിന്നിട്ടപ്പോൾ ലംഘിച്ചു കൊണ്ട് കൊച്ചി തമ്പുരാൻ കുഴൂർ ക്ഷേത്രത്തിൽ സ്വയം ഭരണം നിർവ്വഹിച്ചു തുടങ്ങി. ഇതിൽ കലി പൂണ്ട ജനം ഇരു പക്ഷത്തിലുമായി ലഹളയ്ക്ക് തുനിഞ്ഞു. ലഹളയുടെ പ്രധാന സ്വഭാവം തീവെപ്പുകളായിരുന്നു. വീടുകളും ക്ഷേത്രം വക ഗോശാലകളും ഗ്രന്ഥ ശേഖരങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. കുറെ ചരിത്ര രേഖകളും നശിച്ചു. ഈ ചരിത്രമെല്ലാം ഇന്നത്തെ തലമുറക്ക് അജ്ഞാനവും അവിശ്വസനീയവുമാകാം.

തൊണ്ണൂറ്റി നാൽപ്പതിൽ പരം ഇല്ലങ്ങളുണ്ടായിരുന്ന പരശുരാമ ഗ്രാമമായിരുന്നു കുഴൂർ. ഒരു കാലത്ത് എല്ലാ കാർത്തിക ദിവസവും ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് നടത്തിയിരുന്നു. അങ്ങനെ ഒരു ചാക്യാർ കുടുംബം കുഴൂരിലുണ്ടായിരുന്നു. സുബ്രമണ്യ പ്രതിഷ്ഠക്ക് ശേഷം തുടർച്ചയായി ഏഴു ദിവസം നമ്പ്യാർ കൂത്തും നടത്തിയിരുന്നു. ചാക്യാർ കുടുംബം നാടു വിട്ട ശേഷം കുട്ടഞ്ചേരി ചാക്യാർക്കാണ് ഇവിടുത്തെ അവകാശം ഉണ്ടായിരുന്നത്. ഇപ്പോൾ നങ്യാർകൂത്ത് നടത്തിപ്പോരുന്നുണ്ട്. മാത്രമല്ല നമ്പൂതിരിമാരുടെ സംഘക്കളിയിലെ പത്താമത്തെ രംഗവും നാടകരൂപവുമായ കുറത്തിയാട്ടവും തുടരുന്നുണ്ട്. കിടങുശ്ശേരി തരണനെല്ലൂർ മനക്കാണ് തന്ത്രി സ്ഥാനം. വൃശ്ചികത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു.
ഇടവത്തിലെ മകയിരം നാളിലാണ് പ്രതിഷ്ഠാദിനം. എല്ലാ മാസത്തിലും വെളുത്ത ഷഷ്ടി പ്രധാനമാണ്. ഒരു ഭക്തൻ 1104 മിഥുനം 24ന് ഈ ക്ഷേത്രത്തിൽ അഗ്നി പ്രവേശം നടത്തിയിരുന്നു. 51 പലം സ്വർണ്ണം കൊണ്ടുള്ള വേലും വെള്ളി കൊണ്ടുള്ള മയിലും ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെന്ന് പഴമയുണ്ട്. എ.ഡി 1880 -ൽ ഇത് കാണാതായി എന്നാണ് പുരാവൃത്തം. പ്രധാന മൂർത്തി ബാലസ്വാമിയായതിനാൽ സ്ത്രീകൾ നടക്കു നേരെ നിന്ന് തൊഴുതിരുന്നില്ല. സുബ്രമണ്യന് 16 ഭാവങ്ങൾ എന്നാണ് കുമാര തന്ത്രം വെളിവാക്കുന്നത്.

ശക്തിധരൻ, സ്കന്ദൻ, സേനാപതി, സിബ്രമണ്യൻ, ഗജവാഹനൻ, ശ്രവണ ഭവൻ, കാർത്തികേയൻ, കുമാരൻ, ഷണ്മുഖൻ, താരകാരി, സേനാനി, ബ്രഹ്മശാസ്താ, വള്ളികല്യാണ സുന്ദര മൂർത്തി, ബാലസ്വാമി, ക്രൗഞ്ചദേതാ , ശിഖവാഹനൻ എന്നിവയാണത്. ഇവിടെ ബാലസ്വാമി ഭാവത്തിലായിരുന്നു പ്രതിഷ്‌ഠ .
ബാല മുരുക പ്രതിഷ്ഠയുടെ ഐതിഹ്യം
ശിവൻ, ഗണപതി, ശാസ്താവ്, ഭഗവതി, നാഗരാജാവ്, ബ്രഹ്മരക്ഷസ് എന്നിവരാണ് ഉപദേവന്മാർ. ഭഗവാന് അഭിമുഖമായി ഗണപതിയും ചുറ്റമ്പലത്തിനകത്ത് തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിനു തെക്കു ഭാഗത്തായി വനദുർഗയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ വന ദുർഗ്ഗാ സങ്കൽപം ഒരു പക്ഷെ കർണ്ണകിയുടെ സ്വർഗാരോഹണവുമായി ബന്ധപ്പെട്ട് ഉണ്ടയാതാകുവാൻ സാധ്യതയുണ്ട്. ശക്തി സ്വരൂപിണിയായതു കൊണ്ടാണ് കാവിന്റെ സമ്പ്രദായത്തിൽ ആചരിക്കുന്നത്.
തെക്കു പടിഞ്ഞാറ് ഭാഗത്ത് ശാസ്താവും സമീപത്തായി സർപ്പക്കാവും ഉണ്ട്. ക്ഷേത്രത്തിലുള്ള മുഖ മണ്ഡപത്തിന്റെ വടക്കേ ഭാഗത്തുള്ള സോപാനപ്പടിയുടെ മുകൾ ഭാഗത്ത് ചുവരിലും താഴെ നിലത്തും ഉണ്ടായിരുന്ന രണ്ട് ശിലാ ലിഖിതങ്ങളാണ് അതിനുള്ള തെളിവായി കണക്കാക്കാനുള്ളത്. ചരിത്രകാരനായ ഗോവിന്ദ വാര്യർ, 1941 - ൽ വട്ടെഴുത്തിൽ എഴുതിയ ലിഖിത പ്രകാരം ഉദയൻ ചേരലാതൻ രാജാവ് തന്നെയാണ് ക്ഷേത്രം പണി കഴിപ്പിച്ചതാണെന്നും കണ്ടെത്തുകയുണ്ടായി.

പഴയ കാലത്ത് കോലെഴുത്തും വട്ടെഴുത്തും നില നിന്നിരുന്നു. പുരാ വസ്തു ഗവേഷകർ 1982 ൽ ലിഖിതവായനക്കായി ഇത് കൊണ്ട് പൊയിരുന്നു. പയ്യന്നൂർ, കരിക്കാട്, ചെമ്മണ്ട, കിടങ്ങൂർ എന്നീ ഗ്രാമങ്ങളിലെ ഗ്രാമ ദേവൻ സുബ്രമണ്യനാണ്. കുഴൂർ ഗ്രാമത്തിലെ നമ്പൂതിരിമാരും മൂത്തേൻമാരും തമ്മിൽ നടന്ന വഴക്കിനെ തുടർന്ന് മൂത്തേന്മാരുടെ വംശനാശത്തിനായി താരകാസുര നിഗ്രഹത്തിനൊരുങ്ങിയ ഘോരമൂർത്തി സങ്കല്പങ്ങളിൽ ബാല മുരുകനെ ഇവിടെ പ്രതിഷ്ടിച്ചതാണെന്നും ഐതിഹ്യമുണ്ട്.
പ്രതികാരമായി മൂത്തേന്മാർ ഇതിനടുത്തുള്ള താണിശ്ശേരി താനൂരിൽ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചു. മൂത്തേന്മാർ ഇന്ന് കുഴൂർ ഗ്രാമത്തിലില്ല. താനൂർ വിഷ്ണു ക്ഷേത്രം ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ കീഴേടമാണ്. നടുവത്തുശ്ശേരി ഭഗവതി, തിരുമുക്കുളം ദുർഗ്ഗ, കുന്നുകര തേയ്‌ക്കാനം ഭഗവതി എന്നീ ക്ഷേത്രങ്ങളും കീഴേടമത്രേ. കുഴൂർ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കൂത്തമ്പലം 1099 -ലെ വെള്ളപ്പൊക്കത്തിൽ തകർന്ന് വീണ് നശിച്ചു പോയി.
നെടുങ്കോട്ടയുടെ വലിയൊരു ഭാഗം ഉൾക്കൊണ്ട ഗ്രാമം കൂടിയാണ് കുഴൂർ
കേരളത്തിലെ ഒരു കാലത്തെ അത്ഭുതമായ നെടുങ്കോട്ടയുടെ വലിയൊരു ഭാഗം ഉൾക്കൊണ്ട ഗ്രാമം കൂടിയാണ് കുഴൂർ. കൊച്ചി രാജാവിന്റെ അനുമതിയോടെ തിരുവിതാംകൂർ ധർമ്മരാജ കാർത്തിക തിരുനാൾരാമ വർമ്മയുടെ കാലത്താണ് 1758 ൽ കോട്ട പണിയിച്ചത്. നിരന്തരമായ സാമൂതിരിയുടെ ആക്രമണം തടഞ്ഞു നിർത്തലായിരുന്നു അന്നത്തെ ഉദ്ദേശ്യം.

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഗ്രാമമായ പള്ളിപ്പുറത്തെ പള്ളിപ്പുറം കോട്ടയിൽ നിന്നാരംഭിച്ച് പുഴ കഴിഞ്ഞ് വീണ്ടും കോട്ടപ്പുറം കോട്ടയിൽ നിന്നും തുടങ്ങി കൃഷ്ണൻകോട്ട, സമ്പാളൂർ, കുഴൂർ, ചാലക്കുടി വഴി ആനമല വരെ നീണ്ടു കിടന്നിരുന്ന കോട്ടക്ക് 56 കിലോ മീറ്റർ നീളമുണ്ടായിരുന്നു. ഒരറ്റം അറബിക്കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ട മലനിരകളെയും ബന്ധിപ്പിക്കുന്ന കോട്ടയുടെ നിർമ്മാണ പദ്ധതിയുടെ രൂപരേഖ തയാറാക്കിയത് തിരുവിതാംകൂറിന്റെ സേനാ നായകനായിരുന്ന ഡിനനോയിയാണ്.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment