വാല്‍ക്കണ്ണാടി

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം

വാൽക്കണ്ണാടി 

ചാരാനുഷ്ഠാനങ്ങളുടെ അപൂർവത കൊണ്ടും ചരിത്ര മാഹാത്മ്യം കൊണ്ടും പൗരാണിക പ്രൗഢി കൊണ്ടും പ്രസിദ്ധവും പുണ്യ പൂരിതവുമായ തീർഥാടന കേന്ദ്രമാണ് കൊടുങ്ങല്ലൂർ ശ്രീ കുരുംബ  ഭഗവതി ക്ഷേത്രം. ഭക്ത ജന ഹൃദയങ്ങളിൽ അനവധി നൂറ്റാണ്ടുകളായി കുടി കൊള്ളുന്ന സർവ്വാഭീഷ്ടദായിനിയാണ് പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂർ ഭഗവതി. ലോകത്തിലെ നൂറ്റിയെട്ട് ശക്തി പീഠങ്ങളിൽ മാകോതയിലെ മുക്തേശ്വരി കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതിയെന്നാണ് വിശ്വാസം. 

കേരളത്തിലെ കാവുകളുടെ കാവ് 

കേരളത്തിൽ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണിത്. വളരെയധികം താന്ത്രിക വിദ്യകൾ ഇതിന് വേണ്ടി പ്രയോഗിച്ച ശേഷമാണ് കുടിയിരുത്താൻ കഴിഞ്ഞതെന്നാണ് ഐതിഹ്യം. കേരളത്തിലെ ആരാധനാലയങ്ങളിൽ ശ്രദ്ധേയമാണ് കൊടുങ്ങല്ലൂർ കാവ്. കാവിലുള്ള ജന പങ്കാളിത്തത്തിന്റെ ആധിക്യമാണ് ഇതിനു കാരണം. കൊടുങ്ങല്ലൂർകാവ് കേരളത്തിലെ കാവുകളുടെ കാവാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂല ക്ഷേത്രമാണിത്. 



കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളിൽ ഇവിടെ നിന്ന് ആവാഹിച്ചു കൊണ്ട് പോയ ഭദ്രകാളിയെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. പുരാതന കാലത്ത് ശിവ ക്ഷേത്രമായി കരുതിയിരുന്ന ഈ ക്ഷേത്രത്തിൽ ശിവന്റെ തെക്കേ ഭാഗത്ത് മണ്ഡപത്തിന്റെ തെക്കേ അറ്റത്ത് ഭഗവതിയെ പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നിരുന്നതായി കരുതാം. കേരളോല്പത്തി എന്ന ഗ്രന്ഥത്തിൽ ഈ ക്ഷേത്രം എ ഡി  339 -ൽ പണിതതായി കൂലി സംഖ്യ കാണിക്കുന്നു. ശിവ പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് മണ്ഡപം, വലിയ ബലിക്കല്ല്, തിടപ്പള്ളി, നാലമ്പലം, മുതലായ ക്ഷേത്ര അംഗങ്ങൾ കാണുന്നത്. ഈ ക്ഷേത്രത്തിൽ കൊടിമരമില്ല. ശിവന് പ്രത്യേക ഉത്സവങ്ങളും ഇല്ല. ക്ഷേത്രത്തിലെ രഹസ്യ അറയിലെ  ശ്രീ മൂല സ്ഥാനം എന്ന് പറഞ്ഞ്  വക്കുന്നു.

രുരുജിത്ത് സംവിധാനത്തിന്റെ തുടക്കം 

ക്ഷേത്രത്തിൽ വടക്കോട്ടു തിരിഞ്ഞുള്ള  ദേവി പ്രതിഷ്ഠയാണ് ഭദ്രകാളി പ്രതിഷ്ഠയായി കണക്കാക്കി വരുന്നത്. വടക്കോട്ട്‌ ദർശനമായ  അഷ്ടബന്ധമുറപ്പിച്ച ബലിക്കല്ലിന്മേലാണ് ദാരു ബിംബത്തോട്‌ അനുബന്ധിച്ചുള്ള അഭിഷേകവും പൂജാദി കർമ്മങ്ങളും നടക്കുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ഭദ്രകാളിയുടെ ഒരു വിഗ്രഹത്തിന് ആറടി ഉയരമുണ്ട്. രുരുജിത്ത് സംവിധാനത്തിന്റെ തുടക്കം ഈ ക്ഷേത്രത്തിൽ നിന്നാണെന്ന്  കരുതുന്നു. രുരു എന്ന അസുരനെ ജയിക്കാൻ യോഗ മായാ പ്രത്യേക രൂപമെടുത്ത്  ആവിർഭവിച്ചതാണ്  രുരുജിത് ദേവതാ ഭാവം. തന്ത്ര വിഭാഗത്തിൽ രുരുവിന് എന്ന വിധാനം തന്നെയുണ്ട്. 



ഈ ഭാവത്തിന് പൂജാ വിതാനങ്ങളും പ്രത്യേകമാണ്‌. ചാമുണ്ഡിയുടെ ശ്രീകോവിൽ അടച്ചിട്ട്  പിന്നീട് എന്തോ കാരണത്താൽ സപ്‌തമാതൃക്കളിലെ ചാമുണ്ഡിയെ ഭദ്രകാളിയായി സങ്കൽപ്പിച്ച് ഇവിടെ വടക്കോട്ടു ദർശനമായി ദാരു വിഗ്രഹം പ്രതിഷ്ടിച്ചതാണ്. എങ്കിലും ചാമുണ്ഡിക്ക്  തന്നെയാണ് പൂജ നടക്കുന്നത്‌. പഴയ ശ്രീകോവിലിനു മുന്നിൽ പീഠമുണ്ട്. ആ ശ്രീകോവിലിൽ നിന്നും പീഠത്തിലേക്ക് ശക്തി ആവാഹിക്കും അതിനാണ് പൂജയുള്ളത്. അത്താഴ പൂജ കഴിഞ്ഞാൽ  ഈ ശക്തിയെ പഴയ ശ്രീകോവിലിലെ മൂല സ്ഥാനത്തേക്ക് ഉദ്ധവസിക്കും മിക്കവാറും സപ്ത മാതൃക്കളിലെ  ചാമുണ്ഡിയായിരിക്കും  രുരു ജിത് സംവിധാനത്തിലുള്ളത്. ചില സ്ഥലത്ത് വൈഷ്ണവിയുമുണ്ട്. മറ്റു ചിലയിടങ്ങളിൽ ബ്രാഹ്മിയുമുണ്ട് . ഇത് കാല, ദേശ, വിശ്വാസ ഭേദമനുസരിച്ച് വന്ന മാറ്റങ്ങളായിരിക്കണം. രുരു ജിത്  സംവിധാനത്തിന് കാർമ്മികന്റെ കഠിന തപസ്യയും കർമ്മത്തിനാവശ്യമായ അതി നിപുണതയും വേണം.

 ശാക്ത ശൈവ സംയോജന കാലത്ത് എല്ലാ വിഭാഗത്തിൻേറയും ദേവ ഭാവങ്ങളെ ഉൾക്കൊണ്ട്  ചൈതന്യ സംരക്ഷണത്തിനു വേണ്ടി തയാറാക്കിയ  ബൃഹത്തായ പദ്ധതിയാണിതെന്ന് കരുതുന്നു. കൊടുങ്ങല്ലൂരിലാണ് ഇത് വിജയിച്ചതാണെന്നാണ് വിശ്വാസം. പിന്നീട് ഇവിടെ ചാമുണ്ഡിയുടെ ശ്രീകോവിലിൽ ശങ്കരാചാര്യർ മഹാമേരു ശ്രീചക്രം സ്ഥാപിച്ച് അതി ചൈതന്യം വരുത്തിയപ്പോഴാണ്  ശ്രീകോവിൽ അടച്ചിട്ട് സപ്ത മാതൃക്കൾക്ക് കിഴക്കു ഭാഗത്ത്  
വടക്കോട്ടു ദർശനമായി ചാമുണ്ഡിക്ക് പ്രത്യേക സ്ഥാനം കൊടുത്ത് രൂപപ്പെടുത്തിയ സംവിധാനം നിലവിൽ വന്നതെന്ന് കരുതുന്നു. 

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജാരിയാണ്

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ഏറ്റവും പ്രധാന ശാക്തേയ കേന്ദ്രീകൃതമാണ്. അരൂപവും അഖില ലോക വ്യാപ്തവുമായ ദേവി ചൈതന്യത്തെ ഉൾക്കൊള്ളാനും ധ്യാനിക്കാനും ആരാധിക്കാനും  ഋഷീശ്വരന്മാർ ആവിഷ്കരിച്ച ഏറ്റവും നല്ല രൂപ മാതൃകകളാണ് ശ്രീ ചക്രം എന്നാണു വിലയിരുത്തുന്നത്. ഇതിന് 43 കോണുകളുണ്ട്.

 അഗ്രം കീഴ്‌പ്പോട്ടായ അഞ്ചു ത്രികോണങ്ങളും ശക്തി ചക്രങ്ങൾ മേൽപ്പോട്ടായ നാലു ത്രികോണങ്ങളും ശിവ ചക്രങ്ങൾ ചേർത്തു വച്ചിരിക്കുന്നതായാണ് ശ്രീചക്രത്തിന്റെ ഘടന. കൗല മാർഗ്ഗം ലോകത്തിനു ചെയ്ത ഏറ്റവും വലിയ സംഭാവനയാണ് ശ്രീചക്രം എന്നാണ് അഭിപ്രായം. ഗണിത ശാസ്ത്ര രംഗത്ത് മഹാത്ഭുതമായി ശ്രീചക്രം നിലനിൽക്കുന്നു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ ഗണപതി, ക്ഷേത്രപാലകൻ, വസൂരിമാല, എന്നിവരാണ്. ശ്രീമൂല സ്ഥാനത്തിന്റെ പടിഞ്ഞാറേ നടയൊത്തവിധം കിഴക്കു പടിഞ്ഞാറ് നീളത്തിൽ വടക്കോട്ടു മൂന്നു നടകളുമായുള്ള ഒരു ശ്രീകോവിലാണ്  സപ്തമാതൃക്കളായ ബ്രാഹ്മി, മഹേശ്വരി,വൈഷ്ണവി, കൗമാരി, ഇന്ദ്രാണി, വരാഹി , ചാമുണ്ഡി,എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. 



ഈ ബിംബങ്ങൾക്ക് കൊല്ലം തോറും ചാഞ്ചാട്ടം ഉള്ളത് കൊണ്ട് കറുത്ത നിറമാണ്. ബിംബങ്ങൾ പീൺശില കൊണ്ടുള്ളതാണ്. ഏകദേശം എല്ലാ ബിംബത്തിനും പീഠമടക്കം നാലടി ഉയരം കാണാം. പ്രധാന മൂർത്തിയായ ഭഗവതിയെയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും .അഷ്ടമാതാവായി മഹാലക്ഷ്മിയും  ഈ എട്ടു മാതാപിതാക്കളുടെ യോജിച്ചുള്ള ചൈതന്യ രൂപമായ   സമഷ്ടി ദേവതയും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്പം. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജാരിയാണ്. നമ്പൂതിരിമാരിൽ നിന്നും അൽപ്പം താഴെയെന്നു കരുതുന്ന അടികൾമാരാണ് ക്ഷേത്രത്തിലെ പൂജാരികൾ. 

ഉപദേവനായ ക്ഷേത്രപാലകൻ 

സാത്വിക പൂജകൾ നമ്പൂതിരിയാണ് നടത്തുന്നത്. ഓത്തില്ലാത്ത നമ്പൂതിരിയാണ് ക്ഷേത്രത്തിൽ പൂജക്ക് വരാറുള്ളത്. അടികൾമാരുടെ കീഴിൽ പൂജിക്കാൻ പഴയ കാലത്ത് മറ്റുള്ളവർ തയാറാകാത്തതു കൊണ്ട് ഓത്തില്ലാത്തവരെ തെരഞ്ഞെടുത്തതാണോ എന്ന് സംശയിക്കാം. ഉപദേവനായ ക്ഷേത്രപാലകന് എട്ടടി കൂടുതൽ ഉയരം ഉണ്ട്. മലബാറിലെ ക്ഷേത്ര പാലക ക്ഷേത്രങ്ങളിലുള്ള ക്ഷേത്ര പാലകൻ കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്നാണു പഴമ. ഇതാണ് കേരളത്തിലെ ഏറ്റവും ഉയർന്ന വിഗ്രഹമെന്നും പറയപ്പെടുന്നു. 



ക്ഷേത്ര പാലകന് പ്രത്യേക ക്ഷേത്രമാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു പുറത്ത് വടക്കേ നടയുടെ കിഴക്കു ഭാഗത്താണ് ക്ഷേത്ര പാലകന്റെ പ്രതിഷ്ഠയുള്ളത്.  ഇപ്പോൾ ഇവിടെ ശ്രീകോവിലും മുൻ വശത്ത് വലിയമ്പല സ്ഥാനത്ത് മേൽപ്പൂരയോടു കൂടിയ രണ്ടു മുറികളും ചുറ്റും മതിൽക്കെട്ടുകളുമാണുള്ളത്. ശ്രീകോവിൽ വളരെ വലുപ്പമുള്ളതും പടിഞ്ഞാറോട്ട് ദർശനമായതു കൊണ്ട് ക്ഷേത്ര നദിയുടെ രണ്ടു ഭാഗങ്ങളും ഉള്ള ദ്വാര പാലകന്മാരുടെ വിഗ്രഹങ്ങൾ വളരെ ഭംഗിയുള്ളതും വലുപ്പമേറിയതുമാണ്. ഏകദേശം മൂന്നടി ഉയരമുള്ള പീഠത്തിലാണ് പ്രതിഷ്‌ഠ  ക്ഷേത്ര പാലകന്റെ നിവേദ്യത്തിനു പുളിഞ്ചാമൃത് എന്നാണു പറയപ്പെടുന്നത്. 

ശിവന്റെ വടക്കു ഭാഗത്ത് പ്രദക്ഷിണ വഴിയിൽ കിഴക്കോട്ടു ദർശനമായി ഒരു ചെറിയ ബിംബമുള്ളത് തവിടു മുത്തശ്ശി എന്ന് സങ്കൽപ്പിക്കുന്നു. ഇവിടെ തവിട് ആടിക്കുക പതിവാണ്. ക്ഷേത്രത്തിൽ കിഴക്കോട്ട്  ദർശനമായി  ഒരു മാളികയുണ്ട് .ഇതാണ് പള്ളിമാടം . അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ടു ദർശനമായി  വസൂരി മാലയുടെ പ്രതിഷ്ഠയുണ്ട് ഇതിന് മേൽക്കൂരയില്ല. 

വസൂരിമാലക്കാണ് ഗുരുതി ചാർത്തുന്നത്
ചേരന്മാരുടെ കുലദേവതയായ കൊറ്റായ വയ്ക്കും മുകളിൽ മേൽക്കൂരയുണ്ടായിരുന്നില്ല. ഇവിടെയാണ് പണ്ട് ഗുരുതി നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലക്കാണ് ഗുരുതി ചാർത്തുന്നത്. ഇത് വസൂരി ദേവത എന്നാണ് സങ്കല്പം. മസൂരിയാണ് വസൂരിയായതെന്നും മുസിരിസ് എന്ന പേര് ഈ ദേവി ക്ഷേത്രം ഉണ്ടായിരുന്നതു കൊണ്ടാണ് നഗരത്തിന് പഴയ കാലത്ത് കൈ വന്നതെന്നും വാദമുണ്ടായിരുന്നു. 



അത്താഴ പൂജക്ക് ശേഷമാണ് ഗുരുതി നടത്തുന്നത്. കുംഭ ഭരണി മുതൽ മീന ഭരണി കഴിഞ്ഞ് നട  തുറക്കുന്നത് വരെയും വൃശ്ചികം ധനു മാസക്കാലത്തും ഗുരുതി നടത്താറില്ല. വസൂരിമാല വിഗ്രഹം കരിങ്കല്ലിൽ നിർമ്മിച്ചതാണ്. ആദ്യ കാലത്ത് ക്ഷേത്രത്തിൽ താന്ത്രികാരാധന മാത്രമായിരുന്നു എന്ന് സംശയമുണ്ട്. ആത്മീയ പുരോഗമന മാർഗങ്ങളിൽ ഒന്നാണ് താന്ത്രികാരാധന ക്രമം എന്നാണ് നിഗമനം. തന്ത്രം എന്നാൽ സൂത്രം. ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ ഉതകുന്ന സൂത്രമാണിത്. ചില വൈദികാനുഷ്ഠാനങ്ങളും പതഞ്‌ജലി യോഗിയുടെ ചിത്ത വൃത്തി നിരോധന സാധനകളും ഭക്തി മാർഗത്തിലെ ശരണാഗതിയും ഇതിൽ അടങ്ങിയിരിക്കുന്നുണ്ടെന്ന് അഭിപ്രായമുണ്ട്. 

 കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം
ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മാംസത്തിന് വേണ്ടി കോഴി വെട്ടും മദ്യപാനവും മൈഥുനത്തെ പ്രതിനിധീകരിക്കുന്ന തെറിപ്പാട്ടും ആചാരമായി വന്നത് പഞ്ചതത്വ ആരാധനയെ അടിസ്ഥാനമാക്കിയാണെന്നാണ് വിശ്വാസം. പണ്ട് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കൊടുങ്ങല്ലൂർ ഭഗവതിക്ക് വെളിച്ചപ്പാടുണ്ടായിരുന്നു. അവരുടെ നേതൃത്വത്തിലാണ് ഭരണിക്ക് കാവു തീണ്ടൽ സംഘങ്ങൾ എത്തിയിരുന്നത്. ഇപ്പോഴും നിരവധി തറകളിൽ നിന്നും വെളിച്ചപ്പാടന്മാർ എത്താറുണ്ട്. തെറിപ്പാട്ട് ശക്തി ആരാധനയുടെ  ഭാഗമാണെന്നും അല്ല മറച്ചു വയ്ക്കാൻ ഒന്നുമില്ലെന്നു കരുതുന്ന ഗ്രാമ ദർശനമാണ്  ഇതിൽ നിഴലിക്കുന്നതെന്നും വിശ്വാസമുണ്ട്.  കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിശേഷമാണ് ഭരണി മഹോത്സവം. ഈ ഉല്സവത്തിൽ പണ്ടത്തെ ആരാധന സമ്പ്രദായത്തിന്റെ സത്ത് ഇന്നും ഊനം കൂടാതെ ആചരിച്ചു വരുന്നതായി കാണാം. 



കുംഭ ഭരണി നാളിൽ  കൊടി  കയറുന്നതോടെ ഉത്സവം ആരംഭിക്കുന്നു. വടക്കേ നടക്കലും കിഴക്കേ നടയിലും ഉള്ള ആനപ്പന്തലുകളുടെ നാലതിരുകളിലും കയറു കെട്ടി കൊടിക്കൂറകൾ അരങ്ങു പോലെ തൂക്കുകയും ക്ഷേത്ര പരിസരത്തുള്ള ആൽ വൃക്ഷങ്ങളിൽ കൊടിക്കൂറകൾ കെട്ടി തൂക്കുകയും ചെയ്തു കഴിഞ്ഞാൽ കൊടി കയറ്റൽ കഴിഞ്ഞു.

 മന്ത്ര തന്ത്രാദികൾ ഒന്നും തന്നെയില്ലാത്ത കൊടി കയറ്റമാണ് ഇവിടെ നടക്കുന്നത്. ഈ കൊടിക്കൂറകൾ എല്ലാം തന്നെ ഭരണി മഹോത്സവ കാലത്ത് ക്ഷേത്രത്തിലേക്ക് വഴിപാടായി വരുന്നതുമാണ്. അശ്വതി നാളിൽ നടത്തുന്ന തൃച്ചന്ദന പൂജ വളരെ പ്രധാനമാണ്.  മീന ഭരണി മഹോത്സവത്തിന് കൊടി കയറിയാൽ ചടങ്ങിന് മുൻപ് അതിനുള്ള അവകാശിയായ മലയൻ തട്ടാൻ തലേ ദിവസം തന്നെ കൊടുങ്ങല്ലൂർ വലിയ തമ്പുരാനെ കണ്ട് തിരുമുൽക്കാഴ്ച കഴിച്ച് കൊടി കയറുവാൻ അനുവാദം വാങ്ങിക്കുന്നു . 



ഈ ചടങ്ങിന് ശേഷം മീന ഭരണി കഴിയുന്നത് വരെ പുരാതനകാലം മുതൽക്കു തന്നെ അന്യ മതസ്ഥരല്ലാത്ത എല്ലാവര്ക്കും ക്ഷേത്രത്തിൽ കടന്ന് ദർശനം നടത്തുവാൻ വിരോധമുണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരത്തെപ്പറ്റി ചിന്തിക്കാത്ത കാലത്ത് പോലും പുരോഗമനപരമായ ഈ ഏർപ്പാട് നില നിന്നിരുന്നു.  കാവു  തീണ്ടൽ ചടങ്ങിന് തയ്യാറായി ക്ഷേത്രത്തിന് ചുറ്റുമുള്ള  അവകാശ തറകളിൽ ഭക്തന്മാർ സംഘം ചേർന്ന് നിൽക്കും.

 കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ നിലപാടു  തറയിൽ ഉപവിഷ്ടനായി പ്രതീകമായ ചുവന്ന പട്ടുകുട ഉയർത്തുന്നതോടെ തറയിലുള്ളവരും  ക്ഷേത്രത്തിനു ചുറ്റും കൂടി നിൽക്കുന്നവരും ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ വടി  കൊണ്ടടിച്ച് ഓടി പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങാണ് കാവു തീണ്ടൽ. ചോഴന്മാരെ നേരിടാൻ പുറപ്പെടുന്നതിന് മുൻപ് ആത്മീയമായും സമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖര രാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമാണോ എന്ന നിഗമനവുമുണ്ട്. 

മകര മാസത്തിലെ താലപ്പൊലി മഹോത്സവം

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മകര മാസത്തിലെ ഒന്നാം തിയതി മുതൽ അഞ്ചാം തിയതി പുലർച്ചെ വരെ നടത്തി വരാറുള്ള താലപ്പൊലി മഹോത്സവം ഭക്തി സാന്ദ്രമാണ്. ഇവിടുത്തെ താലപ്പൊലി മറ്റു കാവുകളിൽ താലപ്പൊലിയിൽ നിന്നും വ്യത്യസ്തമാണ്. പകൽ താലപ്പൊലിക്ക് താലം  തീരെ ഇല്ല. 



രാത്രി താലപ്പൊലിക്ക് താലം എഴുന്നള്ളിച്ചു കൊണ്ട് വരികയും ക്ഷേത്ര സങ്കേതത്തിൽ എത്തിയാൽ താലം ക്ഷേത്രത്തിലേക്ക് ആനയിച്ചതിനു ശേഷം ഉത്സവം പിന്നെയും നടക്കുന്നു. ഇവിടെ ഉത്സവം തികച്ചും രാജസമാണ്. എല്ലാ പ്രൗഡിയോടും കൂടി ദേവി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളുന്നു എന്നതാണ് സങ്കല്പം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പകൽ താലപ്പൊലി 1892 ലാണ് ആരംഭിച്ചത്. താലപ്പൊലി ആഘോഷത്തോടനുബന്ധിച്ചുള്ള സവാസിനി എന്ന ചടങ് ഏറെ പ്രാധാന്യം അർഹിക്കുന്നു. 

മകരസംക്രമ ദിവസത്തിനു രണ്ടു ദിവസം മുൻപ് സംഘക്കളിക്കാർ എന്ന ചാത്തിരി നമ്പൂതിരിക്കാർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ക്ഷേത്രത്തിലെ കൊച്ചു നിവേദ്യങ്ങളും വഴിപാടുകളും അവർക്ക് അവകാശപ്പെട്ടതാണ്. ചാത്തിര നമ്പൂതിരിമാർ ഇവിടെ എഴുന്നള്ളിപ്പിന് അകമ്പടി സേവിക്കുന്നത് ശ്രദ്ധേയമാണ് . ക്ഷേത്രത്തിൽ ഒന്നു കുറെ ആയിരം യോഗം പലതും ചെയ്തു വരുന്നു. ഇവയിൽ ഏറ്റവും പ്രധാനം ഒന്നാം ദിവസത്തെ താലപ്പൊലി മഹോത്സവം നടത്തുക എന്നതാണ്. ഈ സംഘടനാ വളരെ പുരാതനമാണ്. പഴയ കാലത്തെ ഓർമ്മക്കായി ഇന്നും ചില അനുഷ്ഠാനങ്ങൾ ഈ സംഘടന നടത്തിപ്പോരുന്നു . 

ചിലപ്പതികാരത്തിലെ പതിവ്രതയായ നായകിയാണ് കണ്ണകി
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ മൂല ക്ഷേത്രത്തിന് കണ്ണകി സങ്കല്പവുമായി ബന്ധപ്പെട്ട ഐതിഹ്യമുണ്ട്. ചിലപ്പതികാരത്തിലെ പതിവ്രതയായ നായകിയാണ് കണ്ണകി. ഈ കണ്ണകിയെ. പത്തിരി ദേവിയായി  എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ചേരന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിൽ  പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. എ.ഡി.രണ്ടാം നൂറ്റാണ്ടിലെ സിംഹള ചക്രവർത്തി ഗജബാഹുചേരൻ ചെങ്കുട്ടവൻ കൊടുങ്ങല്ലൂരിൽ പത്തിനി ദേവിയെ പ്രതിഷ്ഠിക്കാൻ നടത്തിയ ആഘോഷത്തിൽ പങ്കെടുത്തതായും പറയപ്പെടുന്നു. കൊടുങ്ങല്ലൂരിലെ  ഈ കണ്ണകി  ക്ഷേത്രമാണ് കച്ചവടക്കാരായ  വൈശ്യ വംശത്തെ കേരളത്തിലേക്ക് ആകർഷിച്ചതെന്നു കരുതുന്നു. കണ്ണകി ജനിച്ചത് വൈശ്യ കുലത്തിലാണ് .



കേരളത്തിലെ കണ്ണകി ക്ഷേത്രങ്ങളുടെ മുഴുവൻ സ്ഥാപകർ വൈശ്യവംശജരായിരുന്നു. ഇവരാണ് മണിഗ്രാമം നായന്മാർ എന്നും ചിലർ കരുതുന്നു. ഈ ക്ഷേത്രത്തെ പുതിയ സങ്കൽപ്പത്തിൽ പ്രതിഷ്ഠ നടത്തി മഹാക്ഷേത്രമാക്കി മാറ്റുന്നതിന് നേതൃത്വം നൽകിയത് മഹാത്മാവായ ശ്രീശങ്കരാചാര്യരാകാം. കേരളത്തിലെ പഴയ ആചാരങ്ങളിൽ ഒന്നായ കൂട്ടമിരിപ്പ്  ഇപ്പോൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മാത്രമാണ് ഉള്ളത്. മലയാള മാസം ഒന്നാം തിയതിയാണ് കൂട്ടമിരിപ്പ്. ഇത് പഴയ കാലത്തെ സഭയാണെന്ന് വിശ്വസിച്ച് പോരുന്നു. വിധാതാ എന്ന പണ്ഡിതന്മാരുടെ കൂട്ടമാണിത്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തന്ത്രം താമരശ്ശേരി മേയ്ക്കാട്ട് മനയ്ക്കാണ്. ആദ്യം കുട്ടമശ്ശേരി മനക്കായിരുന്നെന്ന് പഴമയുണ്ട്. കൊടുങ്ങല്ലൂർ രാജാവിന്റെ പ്രധാന ക്ഷേത്രമായിരുന്നു ഇത്.

കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസവും നില നിൽക്കുന്നു.

തയ്യാറാക്കിയത്-സുരേഷ് അന്നമനട

Leave A Comment