ഓണം: ഒത്തൊരുമയുടെ സംസ്കാരം
വാൽക്കണ്ണാടി
പ്രാചീന കേരളത്തിന്റെ കാർഷിക സംസ്‌കൃതിയുടെ ഓർമ്മകൾ ഉണർത്തുന്ന ആഘോഷമാണ് ഓണം. കാലവർഷക്കാലത്തെ ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും ആശ്വാസം നൽകിയിരുന്നത് ആവണി മാസത്തിന്റെ ആഗമനമായിരുന്നു. അന്ന് കാലവർഷത്തിനും തുലാവർഷത്തിനും സ്ഥിരതയുണ്ടായിരുന്നു. കലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നീ വാക്കുകൾ അന്യമായിരുന്നു .
ചിങ്ങമാസത്തിൽ കൊയ്ത്ത്. കൊയ്തെടുത്ത നിറകതിർ ഐശ്വര്യത്തിൻ്റെ സൂചനയായി വീടുകളിൽ സൂക്ഷിച്ചിരുന്നു. ഓണസദ്യയ്ക്ക് പുത്തരിനെല്ല്. അതിന്റെ ചോറ് തുമ്പപ്പൂച്ചോറ്, കൊയ്ത്തുകാലം അറകളും പത്തായങ്ങളും നിറയുന്ന കാലം. മത്തനും വെള്ളരിയും കുമ്പളവും പാവലും തൊടികളെ സമ്പന്നമാക്കുന്ന കാലം. ജന്മിത്ത വ്യവസ്ഥ നില നിന്നിരുന്ന പഴയ കാലത്ത് കാർഷിക രംഗത്ത് പണിയെടുക്കുന്ന പാവം തൊഴിലാളികൾക്ക് നിറവയർ ഉണ്ണാൻ കഴിഞ്ഞിരുന്നത് ഓണ നാളുകളിലാണ് .
പൂവേ പൊലി; പൂവിളി
അത്തം നാൾ മുതലാണ് കളം വരച്ച് പൂവിട്ടു തുടങ്ങുന്നത്. വൃത്താകൃതിയിലാണ് സാധാരണ പൂക്കളമൊരുക്കുന്നത്. ചിലയിടങ്ങളിൽ മൂല വരയ്ക്കാറുണ്ട്. പ്രത്യേക ആകൃതിയിൽ ചില ദിനങ്ങളിൽ കളമെഴുതുന്ന രീതിയും നിലവിലുണ്ട്.
പൂവിളിയോടെയാണ് പൂ പറിക്കുന്നതും പൂക്കളത്തിന്റെ പൂക്കൾ ഇടുന്നതും പൂവേ പൊലി എന്നാണ് പൂവിളി. പൊലി എന്നാൽ വർധനവ് എന്നാണർത്ഥം .പൂക്കളുടെ വർധനവിനാണ് പൂവിളിക്കുന്നത്. ഓണത്തിന് എത്ര പൂ കിട്ടിയാലും മതിയാകില്ല. അതുകൊണ്ടാണ് പൂ പറിക്കുമ്പോഴും പൂക്കളമിടുമ്പോഴും പൂവേ പൊലി എന്ന് വിളിക്കുന്നത്.

പൂക്കളമിടുന്നത് പെൺകുട്ടികളും സ്ത്രീകളുമാണ്. മുറ്റത്ത് പൂത്തറയുണ്ടാക്കി വായ്ക്കുരവയോടെ പൂവേ പൊലി പാടിയാണ് പൂക്കളത്തിൽ പൂവിടുന്നത്. പൂവിടുന്നതിന് ചില വിധികളൊക്കെയുണ്ട്. പത്തു നിലയിലാണ് പൂക്കളമുണ്ടാക്കേണ്ടത്. ഒന്നാമത്തെ നിലയിൽ പൂക്കളമിടേണ്ടത് ഗണപതിയെ സങ്കല്പിച്ചാണ്. രണ്ടാമത്തേതിൽ ശിവശക്തിയെ സങ്കല്പിക്കണം. മൂന്നാമത്തേതിൽ ശിവൻ, നാലാമത്തേതിൽ ബ്രഹ്‌മാവ് അഞ്ചാമത്തേതിൽ പഞ്ച പ്രാണൻ, ആറാമത്തേതിൽ സുബ്രമണ്യൻ, ഏഴാമത്തേതിൽ ഗുരുനാഥൻ, എട്ടിൽ അഷ്ടദിക്പാലകന്മാർ, ഒമ്പതിൽ ചന്ദ്രൻ, പത്തിൽ വിഷ്ണു, വ്രത ചൂടാമണിയിലാണ് ഇത്തരത്തിൽ സങ്കൽപ്പിച്ചുവേണം പൂക്കളമിടുവാനെന്നു പറഞ്ഞിരിക്കുന്നത്.
ഓണനാൾ സസ്യ ജാലങ്ങളെ നോവിക്കരുത്
ഉത്രാടം തുടങ്ങി നാലു നാളുകളിലാണ് പ്രധാനമായും ഓണം ആഘോഷിക്കുന്നത്. ഉത്രാടം അസ്തമിക്കുമ്പോൾ ഗണപതിക്കൊരുക്കി അറയിൽ വച്ച് നിലവിളക്കു കൊളുത്തുന്ന പതിവുണ്ട്. ചിലയിടങ്ങളിൽ ഉത്രാടം നാളിൽ പിതൃ പൂജയും ചെയ്യും. കൂടാതെ തിരുവോണത്തിന് വേണ്ട പൂ പറിക്കലും വാഴയില മുറിക്കലും മറ്റും അന്നു തന്നെ തീർത്തു വയ്ക്കും. കാരണം ഓണനാൾ സസ്യ ജാലങ്ങളെ നോവിക്കരുതെന്നുള്ള ആചാരം പരക്കെ പ്രചാരത്തിത്തിലുണ്ട്.
തിരുവോണം നാൾ പുലരും മുമ്പേ കുടുംബാംഗങ്ങൾ എല്ലാം കുളിച്ച് ചന്ദനം കൊണ്ട് ഓണക്കുറി അണിഞ്ഞ് കോടി വസ്ത്രങ്ങൾ ധരിക്കും. അതിനു ശേഷം കുടുംബത്തിലെ ഒരു മുതിർന്ന അംഗം പൂക്കളമിടാനുള്ള സ്ഥലത്ത് അരിമാവ് കൊണ്ട് ഭംഗിയായി അണിഞ്ഞ് അതിനു മീതെ ഒരു ഇല വച്ച് അതിൽ തൃക്കാക്കരപ്പനെ ഇരുത്തുന്നു. കൂട്ടത്തിൽ പല വലിപ്പത്തിലുള്ള തൃക്കാക്കരപ്പനെയും വയ്ക്കാറുണ്ട് .

തൃക്കാക്കരപ്പനെ സ്തൂപികാകൃതിയിലാണ് ഉണ്ടാക്കുന്നത്. മണ്ണ് കൊണ്ടും മരം കൊണ്ടും പല വലിപ്പത്തിൽ തൃക്കാക്കരപ്പന്മാരെ ഉണ്ടാക്കും. മണ്ണ് കൊണ്ടുണ്ടാക്കിയ തൃക്കാക്കരപ്പനെ കാവി മുക്കി ചുവപ്പിക്കുക പതിവാണ്. കളത്തിൽ വച്ചിട്ടുള്ള തൃക്കാക്കരപ്പനിൽ തുളയുണ്ടാക്കി പൂക്കൾ കുത്തി നിറുത്തി അലങ്കരിക്കാറുമുണ്ട്. ചിലയിടങ്ങളിൽ പൂക്കളത്തിൽ നിന്ന് വീടിന്റെ പടി വരെ തുമ്പക്കുടം, കുരുത്തോലക്കഷണം, പൂക്കുല എന്നിവ വിതറി തൃക്കാക്കരപ്പന്മാരെ വയ്ക്കുന്ന പതിവുമുണ്ട്.
ഇങ്ങനെ പ്രതിഷ്ഠിച്ച തൃക്കാക്കരപ്പന്മാരെ പൂരുരുട്ടാതി നാളിനു ശേഷം നാൽപ്പതു നാളു നോക്കി എടുത്തു മാറ്റുന്നത് വരെ ദിവസവും രണ്ടു നേരം നിവേദ്യവും കഴിക്കാറുണ്ട്.

ഇതുപോലൊരു മഹാബലിപൂജ തൃക്കാക്കര വിഷ്ണു ക്ഷേത്രത്തിലുണ്ട്. തിരുവോണനാൾ മഹാബലിയെയും അനുചരന്മാരെയും സങ്കൽപ്പിച്ച് മണ്ണ് കൊണ്ട് രൂപമുണ്ടാക്കി വച്ച് പൂജ ചെയ്യും .
പുലർച്ചക്ക് തന്നെ പൂക്കളമിട്ട് തൃക്കാക്കരപ്പന് ഓണ നിവേദ്യമായി പൂവട സമർപ്പിക്കും. ഒപ്പം പഴവും നിറയും ഉണ്ടായിരിക്കും. ഇത് ചെയ്യുന്നത് ആൺകുട്ടികളാണ്. ഓണംകൊള്ളൽ എന്നാണ് ഇതിനെ പറയുക. പൂജക്ക് ശേഷം ഉച്ചത്തിൽ പൂ വിളിക്കും.
ജനക്ഷേമം ജീവിതവ്രതമാക്കിയ ഭരണാധികാരി
ഓണവും മഹാ ബലിയും കേരളീയന്റെ മാത്രം സ്വകാര്യ സ്വത്തായാണ് നമ്മൾ കരുതുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ ഓണം ആഘോഷിച്ചിരുന്നതായി സംഘകാല കവിയായ മാങ്കുടി മരുതനാർ തന്റെ മതുരൈകാളി എന്ന കൃതിയിൽ പറഞ്ഞിട്ടുണ്ട് . അത് പോലെ തന്നെ മഹാബലിയുടെ കഥ അൽപ്പം വ്യത്യാസത്തോടെ ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രചാരത്തിലുണ്ട് .

മാവേലി നാടുവാഴുന്ന കാലത്ത് നാടുമാത്രമല്ല നാട്ടുകാരുടെ മനസ്സും പൂക്കളം പോലെ ശുദ്ധവും സുന്ദരവുമായിരുന്നു. മാവേലി നാടു വാണീടുംകാലം എന്നത് കഥയോ ചരിത്രമോ ഐതിഹ്യമോ ആയിക്കൊള്ളട്ടെ. അതിൽ നാം കാണുന്നത് ജനക്ഷേമം ജീവിതവ്രതമാക്കിയ ആദർശനിഷ്ഠനായ ഒരു ഭരണാധികാരിയെയാണ്. അദ്ദേഹം സ്വയംമറന്ന് പ്രജകളെ സ്നേഹിച്ചു. കളവും ചതിയും പൊളിവചനവുമില്ലാത്ത ആ നാട്ടിൽ ജനങ്ങളും രാജാവും ഒരു പോലെയായിരുന്നു.
അധികാരത്തിലേറിയാൽ ജനങ്ങളെ മറക്കുകയും അവരിലൊരാളായി ജീവിക്കാൻ മടിക്കുകയും ആഡംബരങ്ങളുടെ സുഖം നുകർന്ന് അതിമാനുഷരാവുകയും ചെയ്യുന്ന ഇന്നത്തെ ഭരണാധികാരികൾക്ക് മാവേലി ഒരപഹാസ്യ കഥാപാത്രമായിരിക്കാം. എന്നാൽ നന്മയുടെ തരിമ്പെങ്കിലും മനസ്സിലുള്ള ജനങ്ങൾക്കെല്ലാം മാവേലി നിസ്വാർത്ഥകമായ ഭരണത്തിന്റെയും ജീവിതത്തിന്റെയും ഉദാത്ത പ്രതീകമായിരിക്കും.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment