science

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

ന്യൂഡൽഹി: വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് സാധിക്കും.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും.

പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്‌ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്‌ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

പേയ്മെന്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ പേ സ്വീകരിക്കുന്ന എവിടെയും പണമടയ്ക്കാം. പണം ഇടപാടിന്റെ വിശദാംശങ്ങള്‍ സുരക്ഷിതമായിരിക്കും. 2022 മുതല്‍ ഗൂഗിള്‍ പേയ്ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിള്‍ വാലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂണ്‍ മുതല്‍ ഇന്ത്യയും സിംഗപ്പുരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിള്‍പേ ലഭ്യമാകില്ലെന്നു ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചന നല്‍കിയിരുന്നു.

Leave A Comment