science

ഷെന്‍ഷൗ-19 ദൗത്യം വിജയം; ആദ്യ വനിതാ ബഹിരാകാശ എഞ്ചിനീയർ ഉൾപ്പെടെ മൂന്നു പേർ ടിയാൻഗോങിൽ

ബെയ്‌ജിങ്‌ : ചൈനയുടെ ആദ്യത്തെ വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് ഉൾപ്പെടെ മൂന്നുപേരുമായി ചൈനീസ് ബഹിരാകാശ പേടകം 6 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തിച്ചേർന്നു. ഷെൻഷൗ 19 ന്റെ വിക്ഷേപണം വിജയിച്ചതായി ചൈന പ്രഖ്യാപിച്ചു. കായ് സുഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങിയെത്തും. 48 കാരനായ കായ് സുഷെ മുന്‍പും ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. 34കാരനായ സോങ് ലിങ്‌ടോങാണ് സംഘത്തിലെ മൂന്നാമന്‍. പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് ചൈന ചാന്ദ്ര ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തത്.

2030 ഓടെ മനുഷ്യരെ ചന്ദ്രനിലിറക്കി അവിടെ ഒരു ലൂണാര്‍ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ ലക്‌ഷ്യം. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടകങ്ങളുപയോഗിച്ച് ഇഷ്ടികകള്‍ പോലുള്ളവ നിര്‍മ്മിക്കുന്ന പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നടത്താനാണ് ഷെന്‍ഷൗ-19 ക്രൂവിന്റെ ദൗത്യം. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ അയക്കുന്നത് ഭാരിച്ച ചിലവായതിനാല്‍ ചന്ദ്രനിലെ മണ്ണുപയോഗിച്ച് തന്നെ ബേസ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്  ചൈന. പരീക്ഷണങ്ങൾ നടത്താനും ബഹിരാകാശ നടത്തം സാധ്യമാക്കുന്നതിനും സംഘം ആറു മാസത്തേക്ക് ഹോംഗ്രൗൺ ബഹിരാകാശ നിലയം ഉപയോഗിക്കും.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 4.27 നാണ്  മൂന്ന് ബഹിരാകാശ യാത്രികരുമായി ഷെന്‍ഷൗ-19 ദൗത്യം പുറപ്പെട്ടത്‌. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നും പുറത്താക്കിയതോടെയാണ് ചൈന സ്വന്തമായി ടിയാൻഗോങ് ബഹിരാകാശ നിലയം സ്ഥാപിച്ചത് .

Leave A Comment