science

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ പച്ചക്കൊടി; ആശങ്കയിൽ ഇന്ത്യൻ കുത്തകകൾ

കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു.

ബ്രോഡ്ബാന്‍ഡിനുള്ള സാറ്റലൈറ്റ് സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കാതെ ഇത്തവണ ഭരണപരമായാണ് അനുവദിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുകേഷ് അംബാനിയുടെ റിലയന്‍സും സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലും എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇതിനിടെ മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ ആശങ്കയറിയിച്ച് ചില എജന്‍സികളും രംഗത്ത് എത്തി. എന്തുകൊണ്ടാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനെതിരെ ഇത്രയും എതിര്‍പ്പുകള്‍ ഉയരുന്നത്? സ്റ്റാര്‍ലിങ്ക് എങ്ങനെയാണ് നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഭീഷണിയാവുന്നത്? എങ്ങനെയാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്? വിശദമായി പരിശോധിക്കാം,

എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ?

നിലവില്‍ മൊബൈല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബറുകളും വഴി ലഭ്യമായികൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന് പറയുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

2021 മുതല്‍ തന്നെ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിവിധ എതിര്‍പ്പുകളെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല. നിലവില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ 6,419 ഉപഗ്രഹങ്ങളും 100 രാജ്യങ്ങളിലായി നാല് ദശലക്ഷം വരിക്കാരുമുണ്ട്.

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാറ്റലൈറ്റ് ബിസിനസ് കൊണ്ടുവന്നാലുള്ള സാധ്യതകള്‍ മസ്‌ക് ഇതിനോടകം മനസിലാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എണ്‍പത് ശതമാനവും റിലയന്‍സിന്റെ ജിയോയും സുനില്‍ മീത്തലിന്റെ ഭാരതി എയര്‍ടെലുമാണ് കൈവശം വെച്ചിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ കവറേജും ലഭിക്കാതിരിക്കുന്നുണ്ട്. ടവറുകളുടെ അപര്യാപ്തതയും സേവനങ്ങള്‍ എത്തിക്കാനുള്ള സാങ്കേതിക തടസങ്ങളുമാണിതിന് കാരണം. എന്നാല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റും കോള്‍ സര്‍വീസും എത്തുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്ത് ഉള്ളവര്‍ക്കും എളുപ്പം ഇന്റര്‍നെറ്റും മറ്റും സര്‍വീസുകളും ഉപയോഗിക്കാന്‍ സാധിക്കും.

കണ്‍സള്‍ട്ടിംഗ് കമ്പനിയായ EY-Parthenon-ന്റെ പഠനമനുസരിച്ച് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളില്‍ ഏകദേശം 40% പേര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ആക്സസ് ഇല്ല. അതേസമയം ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ചൈനയില്‍ ഏകദേശം 1.09 ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് ആഗോള ഓണ്‍ലൈന്‍ ട്രെന്‍ഡുകള്‍ ട്രാക്ക് ചെയ്യുന്ന DataRepor-tal-ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് എതിര്‍പ്പിന് കാരണം ?

നിലവില്‍ രാജ്യത്ത് സര്‍വീസ് നല്‍കുന്ന വിവിധ കമ്പനികള്‍ വിവിധ സ്‌പെക്ട്രങ്ങള്‍ക്കായി ലേലത്തില്‍ പങ്കെടുത്താണ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇതിനിടെ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പോലൊരു കമ്പനി ഇന്ത്യയിലേക്ക് എത്തുകയും ലേലമില്ലാതെ തന്നെ സ്‌പെക്ട്രം സ്വന്തമാക്കുകയും ചെയ്യുന്നത് തങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് വിവിധ കമ്പനികള്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ടെലികോം റെഗുലേറ്റര്‍ ഇതുവരെ സ്‌പെക്ട്രം വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കി മസ്‌ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും നേരിടേണ്ടതെന്ന് ഇപ്പോഴും കമ്പനികള്‍ക്ക് കണ്ടെത്താനായിട്ടില്ല.

മസ്‌കിന്റെ വെല്ലുവിളി നേരിടുന്നതിനായി ജിയോ ഇതിനോടകം എയര്‍വേവ് ലേലത്തിന് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള മുന്‍നിര സാറ്റലൈറ്റ് ഓപ്പറേറ്ററായ എസ്ഇഎസ് ആസ്ട്രയുമായി ജിയോ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

വേഗത്തിലുള്ള ഇന്റര്‍നെറ്റ് - കോള്‍ സേവനങ്ങള്‍ക്കായി ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതല്‍ 1,000 കിലോമീറ്റര്‍ വരെ സ്ഥാനമുള്ള ലോ-എര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി മീഡിയം-എര്‍ത്ത് ഓര്‍ബിറ്റ് (MEO) ആണ് എസ് ഇ എസ് ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ചിലവ് കുറഞ്ഞ രീതിയാണ്.

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എങ്ങനെ നേരിട്ട് ജനങ്ങള്‍ക്ക് നല്‍കാം എന്നതിനെക്കുറിച്ച് ഇന്ത്യയില്‍ വ്യക്തമായ നിയമ വ്യവസ്ഥകളില്ലാത്.

Leave A Comment