sports

സംസ്ഥാന സ്കൂൾ ഗെയിംസ്: ആദ്യഘട്ട മത്സരങ്ങൾക്ക് തൃശൂരിൽ തുടക്കം

തൃശൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യഘട്ട മത്സരങ്ങൾക്ക് തൃശൂരിൽ തുടക്കമായി. മത്സരത്തിൻ്റെ ഉദ്ഘാടനം വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെയിറ്റ് ലിഫ്റ്റിങ് ചെയ്ത് ടി എൻ പ്രതാപൻ എംപി നിർവഹിച്ചു. മികച്ച കായികതാരങ്ങളെ സൃഷ്ടിക്കുവാൻ സ്കൂൾ ഗെയിംസിന് കഴിയുമെന്നും വളർന്നുവരുന്ന കായികതാരങ്ങൾക്ക്  ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകാൻ ഓരോരുത്തർക്കും കഴിയണമെന്നും എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു.

മൂന്നുവേദികളിലായാണ് മത്സരം. വെയ്റ്റ് ലിഫ്റ്റിങ്, കരാട്ടെ മത്സരങ്ങൾ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും ബോൾ ബാഡ്മിന്റൺ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലും, സോഫ്റ്റ് ബോൾ മത്സരം ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ മണ്ണുത്തിയിലുമായാണ് നടക്കുക. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി മൂവായിരത്തിൽപ്പരം കായികതാരങ്ങളാണ്  ജില്ലയിൽ എത്തിയിട്ടുള്ളത്. ഈ മാസം 17 വരെയാണ് മത്സരം.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലവൻ, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ജില്ലാ സ്പോർട്സ്  കോർഡിനേറ്റർ എ എസ് മിഥുൻ, പൊതുവിദ്യാഭ്യാസ വകുപ്പ്  സ്പോർട്സ് ഓർഗനൈസർ എൽ  ഹരീഷ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Comment