sports

കളത്തിലിറങ്ങും മുമ്പ് ഇന്ത്യ സെമിയിൽ,4 അട്ടിമറികള്‍

സിഡ്നി:ശ്രീലങ്കയെ തോല്‍പ്പിച്ച്‌ നമീബിയ, വെസ്റ്റ് ഇന്‍ഡീസിനേയും ഇംഗ്ലണ്ടിനേയും വീഴ്ത്തി അയര്‍ലന്‍ഡ്, പാകിസ്ഥാനെ ഞെട്ടിച്ച്‌ സിംബാബ്‌വെ.അട്ടിമറി വിജയങ്ങളുടെ ആവേശം നിറച്ചാണ് ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് ഇനി സെമി പോരുകളിലേക്ക് കടക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ 55 റണ്‍സിന് ഞെട്ടിച്ച്‌ നമീബിയയാണ് തുടങ്ങിയത്. 164 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച്‌ നമീബിയ ശ്രീലങ്കയെ 108 റണ്‍സിന് ഓള്‍ഔട്ടാക്കി. രണ്ട് വട്ടം ട്വന്റി20 ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി അയര്‍ലന്‍ഡിന്റെ പ്രഹരമാണ് പിന്നെ എത്തിയത്. 

വെസ്റ്റ് ഇന്‍ഡീസിനെ 146 റണ്‍സില്‍ ഒതുക്കിയ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം പിടിച്ചു. വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച്‌ സൂപ്പര്‍ 12ലേക്ക് എത്തിയ അയര്‍ലന്‍ഡ് ഇവിടേയും അട്ടിമറികള്‍ക്ക് കളമൊരുക്കി. മഴ കളി മുടക്കിയപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 5 റണ്‍സിനാണ് അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 

ഇന്ത്യയോടേറ്റ അവസാന പന്തിലെ തോല്‍വിയുടെ പ്രഹരത്തില്‍ നിന്ന് കരകയറും മുന്‍പേ പാകിസ്ഥാന്‍ വീണ്ടും തകര്‍ന്നടിഞ്ഞു. പാകിസ്ഥാനെ ഒരു റണ്‍സിന് തോല്‍പ്പിച്ച്‌ സിംബാബ്‌വെ ലോകകപ്പിലെ മറ്റൊരു അത്ഭുത ജയം സ്വന്തമാക്കി. 

ഇന്ത്യയും സൗത്ത് ആഫ്രിക്കയും രണ്ടാം ഗ്രൂപ്പില്‍ നിന്ന് ലോകകപ്പ് സെമിയിലേക്ക് കടക്കും എന്ന നിലയില്‍ നില്‍ക്കെയാണ് നെതര്‍ലന്‍ഡ്‌സിന്റെ വരവ്. 158 റണ്‍സ് ചെയ്‌സ് ചെയ്ത സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 145ല്‍ ഒതുക്കി. സൗത്ത് ആഫ്രിക്കയുടെ സെമി സാധ്യതകള്‍ക്ക് ഇവിടെ കരിനിഴല്‍ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ് പ്രതിക്ഷകള്‍ അറ്റ് നിന്നിരുന്ന പാകിസ്ഥാനും ബംഗ്ലാദേശിനും വഴി തുറന്നു നല്‍കി.

Leave A Comment