യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : കൊടും ക്രിമിനലുകൾ പിടിയിൽ
വെള്ളിക്കുളങ്ങര : വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊടും ക്രിമിനൽ സംഘത്തെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. കൊലപാതകമടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ വെള്ളിക്കുളങ്ങര കൂർക്കമറ്റം കണ്ണോളി വീട്ടിൽ രജനി എന്നറിയപ്പെടുന്ന ഷിജോൺ (41), ചാലക്കുടി പരിയാരം കുറ്റിക്കാട് സേവന ക്ലബ് സ്വദേശി കോഴിക്കള്ളൻ എന്നറിയപ്പെടുന്ന കോക്കാടൻ ബെന്നി തോമസ് (54) കുറ്റിച്ചിറ കുണ്ടു കുഴിപ്പാടം പള്ളിതറവാട്ടുകാരൻ വീട്ടിൽ കിച്ചപ്പൻ എന്നറിയപ്പെടുന്ന ദേവദത്തൻ (21) എന്നിവരാണ് പിടിയിലായവർ.
ഇവരിൽ കോക്കാടൻ ബെന്നി കൊലപാതകമടക്കം ഇരുപത്തിയഞ്ചിലേറെ കേസുകളിലും. ഷിജോൺ വധശ്രമം, അടിപിടി, വ്യാജചാരായ നിർമ്മാണം മുതലായ പതിനെട്ടോളം ക്രിമിനൽ കേസുകളിലും പ്രതികളാണ്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കൂർക്കമറ്റം സ്വദേശിയുടെ വീടിന്റെ മുൻവാതിൽ ചവിട്ടി പൊളിച്ച് അകത്തു കടന്ന സംഘം വായ്പ വാങ്ങിയ പൈസ തിരികെ തരാത്തതെന്തേ എന്നു ചോദിച്ച് അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കി വീട്ടുടമയെ കയ്യിൽ കരുതിയിരുന്ന കമ്പി വടി കൊണ്ട് അടിച്ചു വീഴ്ത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. തലയിലും കൈകാലുകളിലും യുവാവിന് വെട്ടേറ്റു.
തുടർന്ന് എറണാകുളത്തേക്ക് കടന്ന അക്രമി സംഘം അയൽ സംസ്ഥാനങ്ങളിലേക്ക് കടക്കാൻ ശ്രമിക്കവേ പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, വെള്ളിക്കുളങ്ങര
സബ് ഇൻസ്പെക്ടർ ജെയ്സൻ ജെ., അഡീഷണൽ സബ് ഇൻസ്പെക്ടർ ടി.ഡി അനിൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, ജോബ് സി.എ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ യു. റെജി, ഷിജോ തോമസ്, ബിനു എം.ജെ , സതീഷ് കുമാർ , ഷിജു എം.എസ് എന്നിവരാണ് ഉണ്ടായിരുന്നത്.
പിടിയിലായവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
Leave A Comment