കേരളം

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കും

തൃശൂർ: ഇന്ന് വിജയദശമി. വിദ്യാരംഭത്തിന് ഉത്തമ ദിവസമാണ് വിജയദശമി എന്നാണ് വിശ്വാസം. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ഇന്ന് എത്തുന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരി സ്ഥാപനങ്ങളിലും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലുമടക്കം വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കും.

വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നതോടെ വിദ്യാരംഭമായി എന്നാണ് വിശ്വാസം.

ഇന്നോടെ, ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ പരിസമാപ്തിയിൽ എത്തുകയാണ്. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമാണ് വിജയദശമിദിവസമായി ആഘോഷിക്കുന്നത്. വടക്കു-തെക്കു സംസ്ഥാനങ്ങളിൽ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.

Leave A Comment