39.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
ആലുവ: വില്പനയ്ക്ക് കൊണ്ടുവന്ന 39.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും 32 കിലോഗ്രാം കഞ്ചാവുമായി 29-കാരനും ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴരകിലോഗ്രാം കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും രണ്ടുസ്ത്രീകളുമടക്കം നാലുപേരുമാണ് അറസ്റ്റിലായത്.ഒഡീഷ സ്വദേശി ഏബ്രഹാം നായിക്കിനെയാണ് (29) തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനടുത്തു നിന്നും ഇന്നലെ വൈകിട്ട് 5.30 ഓടെ ഹിൽപാലസ് പോലീസ് പിടികൂടിയത്. കഞ്ചാവ് കംപ്രസ് ചെയ്തു കൊണ്ടുവന്നതിനാൽ രണ്ടുബാഗുകളിലായി പാക്ക് ചെയ്തിരുന്ന കഞ്ചാവ് പാക്കറ്റ് തുറന്നു കഴിഞ്ഞിട്ട് രണ്ടുചാക്കുകളിലായി നിറക്കേണ്ടി വന്നു.
ഒഡീഷയിൽ നിന്നും എറണാകുളം ഭാഗത്ത് കച്ചവടത്തിനായി കൊണ്ടു വന്നതായിരുന്നു ഇത്. ഡിസിപി ശശിധരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിഐ ലാൽ കുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ പ്രദീപ്, എഎസ്ഐ സന്തോഷ് കുമാർ, എസ്സിപിഒമാരായ ജയേഷ്, ബേസിൽ ജോയി, പോൾ മൈക്കിൾ, ദിപിൻ ദാസ്, ബൈജു, രഞ്ജിത്ത് ലാൽ, സിപിഒമാരായ സുമോദ്, ജിജി, സുധീർ എന്നിവരടങ്ങിയസംഘം പ്രതികളെ പിടികൂടിയത്.
ഏഴരക്കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികളായ മൂന്നു സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമടങ്ങുന്ന നാലംഗ യാത്രാസംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് റൂറൽ പോലീസിന്റെ പിടിയിലായി. ഒഡീഷ ദുർഗാപ്രസാദ് ഗാവിൽ ചന്ദൻനായിക് (35), ഉദയഗിരി ഗാവിൽ നിരാണെ(45), മന്ദാകിനി (35), പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് പിടിയിലായത്.
സ്ത്രീകളുടെ ബാഗിൽ പ്രത്യേകം പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. പെരുമ്പാവൂരിൽ എത്തിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം.
കഴിഞ്ഞദിവസം സൗത്ത് വാഴക്കുളം പോസ്റ്റാഫീസ് ജംഗ്ഷനിലെ വീട്ടിൽ നിന്നും 26 ഗ്രാം എംഡിഎംഎയും, രണ്ടു കിലോ കഞ്ചാവും പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളുടെ ഉൾപ്പെടുന്ന കഞ്ചാവ് കടത്തു സംഘം പിടിയിലാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായാടത്ത് വീട്ടിൽ അജ്മൽ, മണ്ണൂപ്പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം, ചേലാട്ടുകുളം ഉള്ളാട്ടു കുട്ടി വീട്ടിൽ മുഹമ്മദ് ജാഷിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ്. ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ്, തടിയിട്ടപറമ്പ് പോലീസ്, ആലുവ പോലീസ് തുടങ്ങിയവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
Leave A Comment