ക്രൈം

പത്തര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊടകര: വിൽപ്പക്കായി കൊണ്ടു പോവുകയായിരുന്ന പത്തര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസും ലഹരി വിരുദ്ധ സേനയും ചേർന്ന് പിടികൂടി. കൊടകര കോടാലി ഇത്തുപ്പാടം സ്വദേശി കോച്ചേരി അനൂപ് (31) നെയാണ് ഡിവൈഎസ്പിമാരായ ടി.എസ്. സിനോജ്, ഷാജ് ജോസ് (ലഹരി വിരുദ്ധസേന), എസ്എച്ച്ഒ ബി.കെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെ 12.30 ന് മുരിങ്ങൂര്‍ ബിആര്‍ഡി മോട്ടോഴ്‌സിനു സമീപത്തു വച്ചാണ് ഇയാളെ രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടുന്നത്. ഇയാളുടെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കൈമാറുവാനായി ഇവിടേക്ക് ബസിലെത്തിയ ഇയാള്‍ ഇടപാടുകാരനെ കാത്തു നില്‍ക്കുന്നതിനിടെയാണ് പിടിയിലാകുന്നത്.

ആന്ധ്രയില്‍ നിന്ന് തമിഴ്‌നാടു വഴിയാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. നേരത്തെയും ഇയാളെ കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുള്ളതാണ്. കഞ്ചാവ് കേസിൽ അടുത്തിടെയാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കുന്നകുളത്ത് നരഹത്യ കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുടെ ഇടപാടുകാരെക്കുറിച്ചള്ള വിവരം ലഭിച്ചതായും ഇവര്‍ക്കുള്ള അന്വേഷണം ആരംഭിച്ചതായും എസ്എച്ച്ഒ ബി.കെ. അരുണ്‍ അറിയിച്ചു. എസ്‌ഐമാരായ ബിന്ദു ലാല്‍, സജി വര്‍ഗീസ്, വി.ജി. സ്റ്റീഫന്‍, എഎസ്‌ഐ പി.എം. മൂസ, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, എസ്എസ്‌ഐ റോയ്, സിപിഒ എ.യു. റെജി, ഷിജോ, വി.യു. സില്‍ജോ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave A Comment