ക്രൈം

പൊയ്യയിൽ അഞ്ചര ലക്ഷം കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിലായി

മാള: പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് വീട്ടിൽ ഷാമോൻ (24 വയസ്സ്), മേത്തല സ്വദേശി മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ്(34 വയസ്സ്) എന്നിവരെയാണ് മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റു ചെയ്തത്. 

പണയത്തിലിരിക്കുന്ന സ്വർണ്ണം എടുപ്പിക്കാനുണ്ടെന്നുള്ള കാര്യം പറഞ്ഞു സംഘത്തിലുൾപ്പെട്ട സ്ത്രീ കോഴിക്കോട് സ്വദേശിയായ ശ്യാംലാലിനെ പൊയ്യ ബിവറേജിന് സമീപത്തേക്ക് വിളിച്ചു വരുത്തി ഇവരുടെ സഹോദരനെന്നു പറഞ്ഞ് ബൈക്കിലെത്തിയ യുവാവ് ശ്യാംലാലിനെ ബിവറേജ് ജംഗ്‌ഷനിൽ നിന്നുള്ള കഴിഞ്ഞിത്തറ റോഡിലേക്ക് കെണ്ടുപോയി വഴിയിൽ കാത്തു നിന്ന സാലിഹും ഷാമോനും കൂടിച്ചേന്ന് ആക്രമിച്ച് അഞ്ചരലഷം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

രണ്ടാം പ്രതിയും താമരശ്ശേരി എൺപതുലക്ഷം കവർച്ച നടത്തിയ കേസ്സിലെ ഉൾപ്പെട്ടയാളുമായ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് പറമ്പിൽ വീട്ടിൽ ഷാമോനെ (24 വയസ്സ്) കഴിഞ്ഞ ദിവസം ബാംഗ്ലൂർ യെലഹങ്കയിലെ ഒളിത്താവളത്തിൽ നിന്ന് അന്വേഷണ സംഘം യലഹങ്ക പോലീസിൻ്റെ കൂടി സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു. 

നാട്ടിൽ നിന്ന് കവർച്ച ചെയ്ത പണവുമായി ബാഗ്ലൂരിൽ ധൂർത്തടിച്ചു നടക്കുകയായിരുന്നു ഇയാൾ. താമസിച്ചിരുന്ന വീടു വളഞ്ഞ് ഞായറാഴ്ച പോലീസ് സംഘം വാതിൽ തള്ളിത്തുറന്ന് അകത്തു കടക്കുമ്പോൾ ഇയാൾ മൊബൈലിൽ റീൽസ് കണ്ടു കിടക്കുകയായിരുന്നു.
പ്രതിരോധിക്കാൻ തുനിഞ്ഞ പ്രതിയെ പോലീസ് സാഹസികമായി പിടിയിലൊതുക്കി.

മൂന്നാം പ്രതി മേത്തല സ്വദേശി മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ് (34 വയസ്സ്). ക്രിമിനൽ കേസ്സുകളടക്കം
കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ആറും, പുത്തൻവേലിക്കര സ്റ്റേഷനിൽ ഒന്നു വീതം കേസ്സുകളിൽ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ മേത്തലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സി. കുഞ്ഞുമൊയ്തീൻ, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ. ജലിൽ കറുത്തേടത്ത്, ബാഷി,സീനിയർ സി.പി.ഒ മാരായ വിനോദ്, ഇ.എസ്.ജീവൻ, സോണി സേവ്യർ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ഇ.ജി.ജിജിൽ, എം.ഷംനാദ്, ഡ്രൈവർ എസ്. സി.പി.ഒ മുസ്തഫ ഷൗക്കർ, ഹോം ഗാർഡ് പി.ടി.വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment