ക്രൈം

ആമ്പല്ലൂരിൽ ക്രിമിനൽ കേസ് പ്രതി നാട്ടുകാരെ കത്തി മുനയിൽ നിർത്തി

ആമ്പല്ലൂർ: അപകടത്തിൽ പരിക്കേറ്റ ക്രിമിനൽ കേസ് പ്രതി ആരോഗ്യ പ്രവർത്തകനെയും നാട്ടുകാരെയും കത്തിമുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം രാത്രി ദേശീയപാത ആമ്പല്ലൂർ സിഗ്നലിലായിരുന്നു സംഭവം.തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പുതുക്കാട് പോലീസ് പിടികൂടി. 20 ഓളം കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷിബു എസ് നായരാണ് പിടിയിലായത്.

ഷിബുവിൻ്റെ ബൈക്ക് ആമ്പല്ലൂർ സിഗ്നലിൽ നിർത്തിയിട്ട കാറിന് പുറകിൽ ഇടിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പരിക്കേറ്റ ഷിബുവിനെ 
കൂടിനിന്നവര്‍ ആംബുലന്‍സില്‍ കയറ്റി അയച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുശേഷം അതേ ആംബുലന്‍സിൽ ഇയാൾ സംഭവസ്ഥലത്ത് എത്തി. നഴ്‌സിന്റെ കഴുത്തില്‍ കത്തിവെച്ചാണ് ഇയാൾ ആംബുലന്‍സ് തിരികെയെത്തിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞതോടെ നാട്ടുകാര്‍ ഇടപെട്ടു.

ഇതോടെ ഊരിപ്പിടിച്ച കത്തിയുമായി പ്രതി നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. ഇതിനിടെ സഞ്ചരിച്ച ബൈക്കിന്റെ താക്കോലും പ്രതി കൈക്കലാക്കി.
സംഭവമറിഞ്ഞെത്തിയ പുതുക്കാട് പോലീസ് അക്രമാസക്തനായ യുവാവിനെ പിടികൂടുകയായിരുന്നു. പരിക്കേറ്റ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

Leave A Comment