ക്രൈം

ഇടപാടുകാർക്ക് പണം നൽകാതെ വാടാനപ്പിള്ളി കാരാട്ട് കുറി ഉടമകള്‍ കോടികളുമായി മുങ്ങി

വാടാനപ്പിള്ളി: ഇടപാടുകാർക്കു പണംകൊടുക്കാതെ മലപ്പുറത്ത് ഹെഡ് ഓഫീസുള്ള വാടാനപ്പിള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ കോടികളുമായി മുങ്ങി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നിലമ്പൂർ സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷീർ എന്നിവരാണ് മുങ്ങിയത്. 

സംസ്ഥാനത്തു വിവിധ ജില്ലകളിലായി പതിനാലോളം ബ്രാഞ്ചുകളുള്ള കുറി ഇടപാടുസ്ഥാപനമാണ് കഴിഞ്ഞദിവസം പൂട്ടിയത്. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ടവർ ഇതുസംബന്ധിച്ച്‌ വാടാനപ്പള്ളി അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രാർ ഓഫീസിലും പരാതി നല്‍കി. 

മലപ്പുറം കൂരിയാട് ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന കമ്ബനിക്കു വാടാനപ്പിള്ളി ചിലങ്ക സെന്‍റർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുക്കം, തിരൂർ, പട്ടാമ്ബി, വളാഞ്ചേരി എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുണ്ട്. കുറി വിളിച്ച നിരവധിപേർക്കു എട്ടുമാസത്തിലധികമായിട്ടും പണം കൊടുത്തിട്ടില്ല

രണ്ടാഴ്ച മുമ്പ് പണംകിട്ടാത്ത ഗുരുവായൂർ സ്വദേശി ഓഫീസില്‍ വന്ന് ആത്മഹത്യാഭീഷണിവരെ മുഴക്കിയിരുന്നു.

നിരവധി കുറികളാണ് കമ്ബനി നടത്തിവരുന്നത്. കുറി വിളിച്ചവർക്കും വട്ടമെത്തിയവർക്കും ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ കിട്ടാനുണ്ട്. 35 പ്രവൃത്തിദിവസം കഴിഞ്ഞാല്‍ കുറി വിളിച്ചവർക്കു പണം നല്‍കണമെന്നാണ് നിബന്ധന.

ചെക്ക് അടുത്ത ആഴ്ച വരുമെന്നുപറഞ്ഞ് മാസങ്ങളോളമായി വരിക്കാരെ വഞ്ചിക്കുകയായിരുന്നു. ബഹളം വയ്ക്കുന്നവർക്കു ചെക്ക് നല്‍കിയാല്‍ ബാങ്കില്‍ പണം ഇല്ലാതെ മടങ്ങുകയാണ്. ഇതോടെ ചെക്ക് നല്‍കി കബളിപ്പിക്കുന്നതു കമ്പനി നിർത്തി. 

ചെക്ക് മടങ്ങിയതോടെ പിന്നീട് ഇടപാടുകാർക്കു നോട്ടിസ് നല്‍കുകയാണ്. ഓരോ വ്യക്തികള്‍ക്കും തീയതിവച്ച്‌ ആ ദിവസം രാത്രി എട്ടിനുമുമ്പായി തുകയും എട്ടുശതമാനം പലിശയും നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന മാനേജർ ഒപ്പുവച്ച നോട്ടീസാണ് നല്‍കിയിട്ടുള്ളത്. എല്ലാവർക്കും അടുത്തമാസത്തെ തീയതിവച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. പണം നഷ്ടപ്പെടില്ലെന്ന മനഃസമാധാനത്തിലും പ്രതീക്ഷയിലും ദിവസംകാത്ത് ഇരിക്കുമ്പോഴാണ് കഴിഞ്ഞദിവസം സ്ഥാപനം അടച്ചത്. മൊബൈലും ഓഫാണ്. 

കളക്‌ഷൻ ഏജന്‍റുമാരെ വിളിച്ചപ്പോഴാണ് സ്ഥാപനം അടച്ച വിവരം ഇടപാടുകാർ അറിഞ്ഞത്.

Leave A Comment