ക്രൈം

ആരും തടഞ്ഞില്ല; സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തു കുത്തിക്കൊലപ്പെടുത്തി യുവാവ്

മുംബൈ: സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തുവച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്.  28കാരിയായ ശുഭദയാണ് മരിച്ചത്. പൂനെയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ ആണ് യുവാവ്.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 30കാരനായ സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു.

 ഓഫീസിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സത്യനാരായണ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മറ്റുള്ളവര്‍  ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതി രക്തം വാര്‍ന്ന് നിലത്തുവീണ് പിടയുമ്പോഴും ആരും യുവാവിനെ പിടികൂടാനോ, തടയാനോ എത്തിയില്ല. യുവാവ് കത്തിതാഴെയെറിഞ്ഞ ശേഷമാണ് കാഴ്ചക്കാരായി നിന്നവര്‍ അയാളെ പിടികൂടിയത്. രക്തം വാര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം

സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായതായി പൊലിസ് പറഞ്ഞു. ശുഭദ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സാവശ്യം പല തവണ തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്റെ അസുഖം പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്ന് അച്ഛന്റെ അസുഖവിവരം അറിയാനായി സത്യനാരായണ യുവതിയുടെ നാട്ടിലേക്ക് പോയി. അപ്പോഴാണ് അച്ഛന് യാതൊരു അസുഖമില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞദിവസം വൈകീട്ട് യുവതിയെ ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Comment