ക്രൈം

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി പിടിയില്‍

തൃശൂർ: പെരുമ്പിലാവില്‍ കഞ്ചാവ് ലഹരിമാഫിയ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. ലിഷോയ്യുടെ വീടിന്റെ പരിസരത്ത് നിന്നുതന്നെയാണ് ഇയാളെ പിടികൂടിയത്.

കേസില്‍ മറ്റ് രണ്ട് പേരെകൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. സംഘര്‍ഷത്തില്‍ ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് ആണ് കൊല്ലപ്പെട്ടത്.

 ലിഷോയ്, ബാദുഷ എന്നിവരാണ് ഇയാളെ ആക്രമിച്ച് വെട്ടിക്കൊന്നത്. അക്ഷയ്യും ലിഷോയ്യും ബാദുഷയും നിഖിലും സുഹൃത്തുക്കളാണ്. നിഖിലിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് പിടിയിലായ ആകാശ്. കടവല്ലൂര്‍ സ്വദേശിയായ അക്ഷയ് മരത്തംകോട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യയോടൊപ്പം ലിഷോയ്യുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അക്ഷയ്യെ ആക്രമിക്കുന്നത് കണ്ട ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ലഹരി കച്ചവടക്കാരായിരുന്നു കൊല്ലപ്പെട്ട അക്ഷയ്യും ലിഷോയ്യും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. 

Leave A Comment