ക്രൈം

കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുൽ (35)നെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. തെക്കെ നടയിൽ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ അമിത വേഗതയിൽ വന്ന കാർ പൊലീസ് തടയുകയായിരുന്നു. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്ന് പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ഇതിനിടെ കാറിൽ സഹയാത്രികനായിരുന്ന രാഹുൽ താനാണ് വാഹനമോടിച്ചതെന്ന് അവകാശപ്പെട്ട് പൊലീസുമായി തർക്കത്തിലേർപ്പെട്ടു.
തുടർന്ന് ഇരുവരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്.

ജീപ്പിൻ്റെ പിൻസീറ്റിലിരുന്നിരുന്ന രാഹുൽ മുന്നിലിരുന്നിരുന്ന സി.പി.ഒ ഷമീറിനെ കഴുത്തിന് പിടിച്ച് മർദ്ദിച്ചു. മറ്റുള്ളവർ തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ജീപ്പിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ഗ്രേഡ് എസ്.ഐ ബാബുവിനെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ എസ്.ഐ ബാബുവിൻ്റെ വലതു കൈക്ക് പരിക്കേറ്റിട്ടുണ്ട്.

Leave A Comment