ക്രൈം

എളവള്ളിയില്‍ ഹർത്താൽ ദിനത്തിൽ വാളുമായി എത്തിയ രണ്ട് പേർ പിടിയിൽ

തൃശൂർ: എളവള്ളി വാകയിൽ ഹർത്താൽ ദിനത്തിൽ വാളുമായി എത്തിയ രണ്ടുപേർ പിടിയിലായി. മുല്ലശ്ശേരി സ്വദേശികളായ ഷമീർ, ഷാമിൽ എന്നിവരാണ് പിടിയിലായത്. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. സ്കൂട്ടറിൽ എത്തിയ രണ്ടുപേരിൽ ഒരാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാക്കശ്ശേരി സ്വദേശി മരോട്ടിക്കൽ ഷാമിൽ, വാഹനമോടിച്ച ഷമീർ എന്നിവരാണ് പിടിയിലായത്. ഇവർ എത്തിയ ശേഷം രണ്ട് കടകളിൽ വാളും കാട്ടി ഭീഷണിപ്പെടുത്തി കടകൾ അടയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. അതോടൊപ്പം തന്നെ ഷാമിലിന്റെ നേതൃത്വത്തിൽ ഒരു വാഹനം തടഞ്ഞുനിർത്തി തല്ലിപ്പൊളിക്കുന്ന സംഭവവും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റ് രണ്ടുപേരെ കൂടി ജില്ലയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുള്ളൂർക്കരയിൽ കെഎസ്ആർടിസി ബസ് തല്ലി തകർത്തതുമായി ബന്ധപ്പെട്ട കേസിലാണ് രണ്ടുപേരെ കൂടി പിടികൂടിയിരിക്കുന്നത്. ഹർത്താൽ ദിനത്തിലായിരുന്നു സംഭവം. വെട്ടിക്കാട്ട് സ്വദേശികളായ നൗഫൽ, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. വടക്കാഞ്ചേരി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Comment