ചാക്കരപ്പറമ്പിൽ ഭിന്നശേഷിക്കാർക്കായി പുനരധിവാസകേന്ദ്രം വരുന്നു
അങ്കമാലി : പീച്ചാനിക്കാട് ചാക്കരപ്പറമ്പിൽ ഭിന്നശേഷിക്കാർക്കായി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ വരുന്നു. ഈമാസം രണ്ടാംവാരം പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വനിതാ വൃദ്ധസദനമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററാക്കി മാറ്റിയത്. കെട്ടിടത്തിന്റെ നവീകരണം പൂർത്തിയായി. വിച്ഛേദിച്ചിരുന്ന വൈദ്യുതി പുനഃസ്ഥാപിച്ചു. വെള്ളവും ഉറപ്പാക്കി.
ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന് പ്രവർത്തിക്കാൻ കഴിയുംവിധം നിലവിലുള്ള മുറികൾ സജ്ജമാക്കി. വീൽ ചെയറിൽ എത്തുന്ന കുട്ടികൾക്ക് കെട്ടിടത്തിലേക്ക് കയറാനുള്ള ക്രമീകരണം ഒരുക്കി. ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കും. തെറാപ്പി ചികിത്സകൾക്കാവശ്യമായ ഉപകരണങ്ങളെല്ലാം വാങ്ങി.
ഹൈഡ്രോളിക് ചെയർകൂടി ലഭ്യമാകുന്നുണ്ട്. കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി സഹകരിച്ചാണ്റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം. തെറാപ്പി ചികിത്സ നടത്തുന്നതിന് വിദഗ്ധരായവരെ അവിടെനിന്നും അയയ്ക്കും. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമാണ് ചികിത്സ.
സെന്ററിന്റെ പ്രവർത്തനത്തിനായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ഒ. ജോർജ് അറിയിച്ചു. കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസകേന്ദ്രമായി കിടന്നിരുന്ന വൃദ്ധസദനത്തെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കാട് വെട്ടിതെളിച്ച് കെട്ടിടം വൃത്തിയാക്കി. 25 ലക്ഷം രൂപ മുടക്കി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച വൃദ്ധസദനമാണ് ഇപ്പോൾ റീഹാബിലിറ്റേഷൻ സെന്ററാക്കിയത്.
Leave A Comment