റെയിൽവേ സ്റ്റേഷന് രാജാവിന്റെ പേര്; പൈതൃകം മനസ്സിലാക്കാനെന്ന് കൊച്ചി മേയർ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവർമ്മന്റെ പേര് നൽകണമെന്ന പ്രമേയം പാസ്സാക്കിയത് രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ലെന്ന് കൊച്ചി മേയർ അനിൽകുമാർ. പൈതൃകം മനസിലാക്കണമെന്നും രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവർമ്മനെന്നും മേയർ അനിൽകുമാർ പറഞ്ഞു.
''രാജഭക്തിയല്ല ഇത്. രാജ്യം രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് മാറിയതിലും ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്നതിന് പിന്നിലും ഏറ്റവും അടിസ്ഥാനപരമായ കാര്യം അടിസ്ഥാന സൗകര്യ വികസനമാണ്. ആ അടിസ്ഥാന സൗകര്യ വികസനത്തിന് രാജാവ് തന്നെ നേതൃത്വം കൊടുത്തതിന്റെ ഒന്നാംതരം ഉദാഹരണമാണ് രാജർഷി രാമവർമൻ എന്ന കൊച്ചിരാജാവിന്റെ നിലപാട്. ഒരു റെയിൽവേ സ്റ്റേഷൻ രൂപീകരിക്കുക എന്നതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ ദീർഘകാലത്തെ പ്രയത്നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതാണ്. അതുകൊണ്ടാണ് എറണാകുളം ജംഗ്ഷന് പേരിടണം എന്ന് ഞങ്ങൾ പറയുന്നത്. അതൊരിക്കലും രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ല. ഒരു രാജഭരണത്തിന്റെ പുരോഗമനപരമായ മുഖം സാധാരണ മനുഷ്യർ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള നിലപാടാണ്. പൈതൃകം മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പൈതൃകം മനസ്സിലാക്കുക എന്നത് കേവലം ഭക്തിക്ക് വേണ്ടിയല്ല. പൈതൃകം അറിയുന്നത് ചരിത്രം മനസ്സിലാക്കാനും നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് നമ്മളെ സഹായിക്കാനുമാണ്.'' മേയർ പറഞ്ഞു.
Leave A Comment