ജില്ലാ വാർത്ത

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാർ ന‍ടന്നു; വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്: പാലക്കാട് വിദ്യാർഥികളുടെ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാർ നടന്നുപോയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. കുമരനെല്ലൂർ ​ഗവ. ഹയർസെക്കൻ‍ഡറി സ്കൂളിലെ വി​ദ്യാർഥികൾ തമ്മിലായിരുന്നു കൂട്ടയടി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സ്‌കൂളിലുണ്ടായ വാക്കുതർക്കം വൈകിട്ടോടെ സ്‌കൂളിന് പുറത്ത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. കൂട്ടത്തല്ലിനിടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും നാശനഷ്ടം ഉണ്ടായി. വിദ്യാർഥികളുടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമീപത്തെ കടയിൽനിന്ന് സാധനങ്ങൾ എടുത്തും വിദ്യാർഥികൾ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ തൃത്താല പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികളായതിനാൽ സംഭവത്തിൽ ആർക്കെതിരേയും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ കൂട്ടത്തല്ലിൽ‌ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷകർത്താ​ക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നൽകുമെന്നും പോലീസ് അറിയിച്ചു.

Leave A Comment