'ക്ലിഫ് ഹൗസിലെത്ര മുറികളുണ്ടെന്ന് പോലും മകനറിയില്ല'; മക്കളെക്കുറിച്ച് അഭിമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:മകനെതിരെ ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മക്കൾ രണ്ടു പേരും കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം നടക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മകൻ വിവേക് കിരണിന് കളളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമൻസ് നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.മക്കൾ ഇതു വരെ യാതൊരു വിധത്തിലുള്ള ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ മകനായിട്ടും ക്ലിഫ് ഹൗസിലെത്ര മുറിയുണ്ടെന്നും പോലും എന്‍റെ മകനറിയില്ല. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്‍റെ മകൻ. രണ്ടു മക്കളെക്കുറിച്ചും തനിക്കഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മകൾക്കെതിരെ ആരോപണം ഏശുന്നില്ലെന്ന് കണ്ടപ്പോൾ മകനെതിരെ തിരിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയപ്രവർത്തനം സുതാര്യമാണ്. കളങ്കിതനാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അഴിമതിയെ അംഗീകരിക്കില്ല. അഴിമതി വിരുദ്ധ നയങ്ങളിൽ കുടുംബം എന്നും ഒപ്പം നിന്നു. ഏജൻസിയുടെ സമൻസ് താനിതു വരെ നേരിട്ട് കണ്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തെറ്റായ ചിത്രം വരച്ചു കാട്ടാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
2018 ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കളളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ വിവേക് കിരണിനെ ചോദ്യം ചെയ്യാനായി ഇഡി സമൻസ് നൽകിയിരുന്നെന്ന റിപ്പോർട്ടാണ് പുറത്തു വന്നത്.
Leave A Comment