തൃപ്പൂണിത്തുറയിൽ തീപിടിത്തം!, ഫൈബർ ബോക്സ് നിർമാണ യൂണിറ്റും വീടും കത്തിയമർന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലുണ്ടായ തീപിടിത്തത്തിൽ ഫൈബർ ബോക്സ് നിർമാണ യൂണിറ്റും വീടും കത്തിയമർന്നു. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങരയ്ക്ക് സമീപം പിണ്ണാക്ക് മുക്കിൽ തൈപ്പറമ്പിൽ വീട്ടിൽ കൃഷ്ണകുമാറിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയാണ് തീ പിടിത്തമുണ്ടായത്.
തീ ആളിപ്പടർന്നതോടെ ഓടുമേഞ്ഞ വീട് മുഴുവനായും കത്തിനശിച്ചു. തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും സിവിൽ ഡിഫൻസ് ഫോഴ്സും മൂന്ന് മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. വീടിനോട് ചേർന്ന് ഫൈബർ ബോക്സ് നിർമാണ യൂണിറ്റ് ഇവിടെ നടത്തുന്നുണ്ട്. ഇവിടെയുണ്ടായ തെർമോക്കോളിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു.
തീ പടർന്നു കയറിയതോടെ വീട്ടുകാരെല്ലാവരും പുറത്തേക്കിറങ്ങി നാട്ടുകാരുടെ സഹായത്തോടെ വീട്ടിനുള്ളിലെ ഗൃഹോപകരണങ്ങൾ കുറച്ചെല്ലാം മാറ്റിയെങ്കിലും മച്ച് ഉൾപ്പെടെ മേൽക്കൂരയും ഫൈബർ ബോക്സ് നിർമാണ യൂണിറ്റും പൂർണമായി കത്തിയമർന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലുകൾ മൂലം സമീപത്തെ വീടുകളിലേയ്ക്ക് തീ പടരാതെ നിയന്ത്രിക്കാനായത് മൂലം വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Leave A Comment