വ്യാജമദ്യ നിര്‍മാണ വിതരണം; റൂറല്‍ മേഖലകളില്‍ പരിശോധന ശക്തമാക്കാന്‍ എക്സൈസ്
തൃശൂർ : ജില്ലാ റൂറല്‍ മേഖലകളില്‍ വ്യാജമദ്യ നിര്‍മാണ വിതരണ വിപണനത്തിനെതിരെ പരിശോധന ശക്തിപ്പെടുത്താന്‍ എക്സൈസ് വകുപ്പ്. വ്യാജമദ്യ നിര്‍മാണ വിതരണ വിപണനത്തിന് എതിരെ പ്രത്യേകം പ്രവര്‍ത്തിക്കുന്ന ജില്ലാ ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ മേഖലകളില്‍ പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കൂടാതെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വ്യാപകമായി ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ പുതുതായി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി. ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം ഉള്‍പ്പടെയുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓണത്തോടനുബന്ധിച്ച് 24 മണിക്കൂറും സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. 0487 2361237 എന്ന നമ്പറില്‍ ജില്ലാ കണ്‍ട്രോള്‍ റൂം കൂടാതെ ജില്ലയിലെ താലൂക്കുകളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഓണക്കാലത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായെന്നും ഡെപ്യൂട്ടി
എക്സൈസ് കമ്മീഷണര്‍ പ്രേംകൃഷ്ണ യോഗത്തെ അറിയിച്ചു. കൂടാതെ ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി സൗജന്യചികിത്സ നല്‍കാന്‍ ചാലക്കുടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെ.കലക്ടര്‍ (ഇലക്ഷന്‍) എം സി ജ്യോതി,എക്സൈസ് ഡെ.കമ്മീഷ്ണര്‍ പ്രേം കൃഷ്ണ, അസി. എക്സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി സി ബിജുകുമാര്‍, അഡിഷണല്‍ എസ്പി ബിജു കെ സ്റ്റീഫന്‍,
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി മദനമോഹനന്‍, മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി സി സി സാജന്‍, ഡെ.തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment