മതപാഠശാലയിൽ വിദ്യാർഥിനി മരിച്ച സംഭവം: അന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയിൽ അൽ അമൻ മദ്രസയിലെ വിദ്യാർഥിനിയായ അസ്മിദമോളെ (17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. എഎസ്പി ഫറോഷിന്റെ നേതൃത്യത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം സിഐമാരും കൂടി ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
മതപഠന ശാലയിലെ ഉസ്താദ്, പ്രിന്‍സിപ്പല്‍, സഹവിദ്യാര്‍ഥികള്‍, പരിസരവാസികള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാര്‍ച്ച് നടത്തി.
വള്ളക്കടവ് വലിയവിളാകം വീട്ടിൽ നാസറുദീൻ-റഹ്മത്ത് ബീവി ദമ്പതികളുടെ മകളാണ് മരിച്ച പെൺകുട്ടി. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. തന്നെ വന്ന് കൂട്ടികൊണ്ടുപോകണമെന്ന് പെൺകുട്ടി ഫോൺ വഴി മാതാവിനെ അറിയിച്ചിരുന്നു.
സംഭവ ദിവസം നാലരയോടെ മാതാവ് മകളെ കാണാൻ മദ്രസയിൽ എത്തിയിരുന്നു. കുട്ടിയെ കാണണമെന്ന് അറിയിച്ചെങ്കിലും ബാത്ത്റൂമിലാണെന്ന് പറഞ്ഞ് കാണാൻ അനുവദിച്ചില്ലെന്ന് മാതാവ് പറയുന്നു.
സഹപാഠികളായ മറ്റ് വിദ്യാർഥികൾ മദ്രസയിൽ എല്ലായിടത്തും അസ്മിദയെ തിരക്കി നടന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ലൈബ്രറിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബാലരാമപുരം പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് വിഭാഗം ശാസ്ത്രിയ തെളിവെടുപ്പ് നടത്തി. മദ്രസയിൽ 165 ഓളം വിദ്യാർഥികൾ ഉള്ളതിൽ 35 ഓളം പേരാണ് താമസിച്ച് പഠനം നടത്തുന്നത്.
വെള്ളിയാഴ്ച തോറും അസ്മിയ മാതാവിനെ വിളിക്കുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിളിക്കാതിരുന്നതോടെയാണ് റഹ്മത്ത് ബീവി മകളെ കാണാനെത്തിയത്.
Leave A Comment