കളമശ്ശേരിയിൽ ബയോമെഡിക്കൽ മാലിന്യം നീക്കംചെയ്യാൻ പദ്ധതി
കളമശ്ശേരി : കളമശ്ശേരി നഗരസഭാ വാർഡുകളിലെ വീടുകൾ, അപ്പാർട്ട്മെന്റുകൾ, ഗേറ്റഡ് കോളനികൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ വാസസ്ഥലങ്ങളിൽ ഉപയോഗശേഷമുള്ള സാനിറ്ററി നാപ്കിൻ, ബേബി ഡയപ്പർ, മുതിർന്നവർക്കും കിടപ്പുരോഗികൾക്കും ഉപയോഗിക്കുന്ന ഡയപ്പറുകൾ, ബയോമെഡിക്കൽ മാലിന്യങ്ങളായ മരുന്നുകളുടെ കവറുകൾ, കാലാവധികഴിഞ്ഞ ഗുളികകൾ, സിറിഞ്ച്, സൂചികൾ എന്നിവ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി.
കേരള എൻവിറൊ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡുമായി (കീൽ) കരാറിൽ ഏർപ്പെട്ട പദ്ധതി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ് അധ്യക്ഷനായി. കളമശ്ശേരി നഗരസഭയിൽ കൗൺസിലർമാർ പലപ്രാവശ്യം കൗൺസിലിൽ ഉന്നയിച്ച പൊതുജനങ്ങളുടെ ആവശ്യത്തിന് ഇതുമൂലം പരിഹാരംകാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൗൺസിലർമാർ. ബയോമെഡിക്കൽ മാലിന്യം നീക്കംചെയ്യുന്നതിന് 1800 890 5089 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണം. ആവശ്യക്കാർ അറിയിക്കുന്നതനുസരിച്ച് കീലിന്റെ അംഗീകൃത ഏജൻസികൾ മുഖേന ജീവനക്കാർ വീടുകളിലെത്തി മാലിന്യം ശേഖരിക്കും. ഇതിനായി പിക്കപ്പ് വാനുകളും, ഇരുചക്രവാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
Leave A Comment