ബ്രഹ്മപുരത്ത് ബയോമൈനിംഗ് അനിശ്ചിതത്വത്തില്‍
കൊച്ചി: കരാര്‍ തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗ് നടത്തുന്നത് അനിശ്ചിതത്വത്തിലായി. ബയോ മൈനിംഗിന് യോഗ്യത നേടിയ ഭൂമി ഗ്രീന്‍ എനര്‍ജി എന്ന ഏജന്‍സി ടണ്ണിന് 1699 രൂപയും രണ്ടാമത്തെ കമ്പനിയായ സിഗ്മ ഗ്ലോബല്‍ എന്‍വയോണ്‍ സൊല്യൂഷന്‍സ് 4640 രൂപയും ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്.
ഒരു ടണ്‍ മാലിന്യം ബയോമൈനിംഗ് ചെയ്യുന്നതിന് ഡല്‍ഹിയില്‍ 800 മുതല്‍ 1000 രൂപയും ഗോവയില്‍ 1084 രൂപയും കൊല്ലത്ത് 1137 രൂപയും മാത്രം ചെലവ് വരുമ്പോള്‍ ബ്രഹ്മപുരത്ത് കൂടിയ നിരക്ക് കരാറില്‍ ആവശ്യപ്പെട്ടതാണ് പ്രതിപക്ഷം തകര്‍ക്കമായി ഉയര്‍ത്തിയത്.
എന്നാല്‍ ഡല്‍ഹിയിലെ സാഹചര്യമല്ല കൊച്ചിയിലേതെന്നും ഇവിടെ ബയോമൈനിംഗിന് ചിലവ് കൂടുമെന്നും സെക്രട്ടറി ബാബു അബ്ദുള്‍ ഖാദിര്‍ വിശദീകരിച്ചു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബയോമൈനിംഗിന് ശേഷമുള്ള അപകടകരമായ അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും തള്ളുകയാണ് ചെയ്യുന്നത്.
അതിനാൽ സ്വഭാവികമായി നിരക്കും കുറയും. എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിയില്‍ അത്തരം ഏളുപ്പവഴികള്‍ സാധ്യമല്ല.
ബ്രഹ്മപുരത്ത് 16 മാസത്തിനകം ബയോമൈനിംഗ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ബയോമൈനിംഗിന് ശേഷമുണ്ടാകുന്ന ആര്‍ഡിഎഫ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടതിന്റെ കടത്തുകൂലി ഭീമമാണ്. ഇതൊക്കെയാണ് നിരക്ക് കൂടാന്‍ കാരണമെന്ന് സെക്രട്ടറി വിശദീകരിച്ചു.
അതേസമയം ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവ് സംബന്ധിച്ചും പ്രതിപക്ഷം തര്‍ക്കം ഉന്നയിച്ചു. ഏഴു ലക്ഷം ടണ്‍ മാലിന്യമെന്നാണ് കോര്‍പറേഷന്റെ കണക്ക്. എന്നാല്‍ പ്രതിപക്ഷം ഇതു അംഗീകരിക്കുന്നില്ല.
ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായ സമയത്തെ കണക്കാണിതെന്നും അതിനുശേഷം നിക്ഷേ പിച്ച മാലിന്യത്തിന്റെ കണക്ക് ഇതിലില്ലെന്നും തീപിടിച്ച ഭാഗത്തെ മാലിന്യത്തിന്റെ അളവ് കോര്‍പറേഷന്റെ കണക്കിലില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ബയോമൈനിംഗ് ഏതു കമ്പനിയെ ഏൽപ്പിക്കണമെന്ന കാര്യത്തില്‍ 15 ദിവത്തിനകം കൗണ്‍സില്‍ തീരുമാനമെടുക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി. കമ്പനികളുടെ പ്രവര്‍ത്തനം നേരില്‍ക്കണ്ട് പരിശോധിക്കാന്‍ വിദഗ്ധരും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കും.
നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് കമ്പനിയുമായി ചര്‍ച്ച ചെയ്യും. ബയോമൈനിംഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് വരും തലമുറയോടുള്ള അനീതിയാണ്. ഇനിയൊരു അഗ്നിബാധ നഗരവാസികള്‍ക്ക് താങ്ങാനാകില്ലെന്നും മേയര്‍ പറഞ്ഞു.
Leave A Comment