ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് തെളിവ് നശിപ്പിക്കാന്‍; കുറ്റപത്രം ഇന്ന്
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ആലുവ മജിസ്ട്രേറ്റ് കോടതിയിലാകും 800 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുക.
ബിഹാര്‍ സ്വദേശി അസഫാക്ക് ആലം മാത്രമാണ് കേസിലെ പ്രതി. സാക്ഷികളുടെ മൊഴി അനുസരിച്ച് കേസില്‍ മറ്റ് പ്രതികളുണ്ടോ എന്ന കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. കേസില്‍ 100 സാക്ഷികളാണുള്ളത്.
ബലാത്സംഗമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാനാണ്. പോക്സോ അടക്കം പത്ത് വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി, ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച ശേഷമാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുക. എസ്പി നേരിട്ട് ഹാജരായി കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും.
കഴിഞ്ഞ ജൂലൈ 28നാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ജ്യൂസ് വാങ്ങി നല്കി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Leave A Comment