വനിതാ ഡോക്ടർക്കെതിരെ ലൈംഗീകാതിക്രമം: പരാതിക്കാരിയുടെ മൊഴിയെടുക്കും
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ യുവ വനിതാ ഡോക്ടര്‍ നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.നിലവില്‍ വിദേശത്തുള്ള വനിതാ ഡോക്ടറെ ഇ-മെയില്‍ വഴി എറണാകുളം സെന്‍ട്രല്‍ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
വനിത ഡോക്ടര്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാനായി അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവിഭാഗം വിജിലന്‍സ് സംഭവം അന്വേഷിക്കും.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് മുതിര്‍ന്ന ഡോക്ടര്‍ കടന്നു പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടര്‍ ആരോപണം ഉന്നയിച്ചത്.
വനിതാ ഡോക്ടര്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷെഹീര്‍ ഷായ്ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതി സൂപ്രണ്ട് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറുകയുണ്ടായി. ആരോപണവിധേയനായ മുതിര്‍ന്ന ഡോക്ടര്‍ ഇപ്പോള്‍ ജില്ലയിലെ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
Leave A Comment