ജില്ലാ വാർത്ത

വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കന്യാകുമാരി:  ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരിയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വയര്‍ തട്ടിമാറ്റുന്നതിനിടെ യുവാവിന് ഷോക്കേല്‍ക്കുകയായിരുന്നു.

യുവാവിനെ രക്ഷിക്കുന്നതിനിടെയാണ് സഹോദരിക്കും അമ്മയ്ക്കും ഷോക്കേറ്റത്. മൂന്നുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.


അശ്വിനാണ്  തോട്ടിയുമെടുത്ത് പൊട്ടി വീണ വയര്‍ തട്ടി ശരിയാക്കാന്‍ ശ്രമിച്ചത്. ഗര്‍ഭിണിയായിരുന്ന സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിന്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സര്‍വീസ്  വയറില്‍ തട്ടിയതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാന്‍ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും വൈദ്യുതാഘാതമേറ്റ് തറയില്‍ വീണു. ബഹളം കേട്ട് ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാന്‍ നോക്കിയപ്പോളാണ് വൈദ്യുതാഘാതമേറ്റത്.

ആതിര എട്ടുമാസം ഗര്‍ഭിണിയാണ്. 

കഴിഞ്ഞ ദിവസങ്ങളിലായി കന്യാകുമാരി ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Leave A Comment