ജില്ലാ വാർത്ത

കരുവന്നൂർ: അരവിന്ദാക്ഷനേയും ജിൻസിനേയും ജയിൽ മാറ്റണമെന്ന് പ്രത്യേക കോടതി

കൊച്ചി: കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിന്‍സിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ ഉത്തരവ്. കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് പി ആര്‍ അരവിന്ദാക്ഷനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഇ.ഡി. ആരോപിച്ചിരുന്നു. ഇരുവരേയും ജയില്‍ മാറ്റണമെന്ന ഇ ഡിയുടെ ആവശ്യം എറണാകുളം പി.എം.എല്‍.എ. കോടതി അംഗീകരിക്കുകയായിരുന്നു.

കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ റിമാന്‍ഡിലുള്ള ജില്ലാ ജയിലിലേക്ക് പി.ആര്‍. അരവിന്ദാക്ഷനെ മാറ്റിയ ജയില്‍ സൂപ്രണ്ടിനെതിരേ ഇ.ഡി. പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും ഇ.ഡി. ആരോപിക്കുന്നു. തടവുകാരുടെ ബാഹുല്യം മൂലമാണ് ഇവരെ മാറ്റിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ അരവിന്ദാക്ഷനേയും ജിന്‍സിനേയും മാത്രമാണ് ജയില്‍മാറ്റിയത്. അറുപത് തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 110 തടവുകാരുണ്ടായിട്ടും ഒരു നടപടിയും ഉണ്ടായിട്ടുണ്ടായിരുന്നില്ല.

അരവിന്ദാക്ഷനെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യാനിരിക്കുകയാണ്‌. ഇതിനിടെ സതീഷ്‌കുമാറിനും അരവിന്ദാക്ഷനും നേരില്‍ കാണാന്‍ അവസരമൊരുങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ഇ.ഡി. സംശയിച്ചിരുന്നു. കോടതിയേയോ ഇ.ഡി.യെയോ അറിയിക്കാതെയാണ് കഴിഞ്ഞ ഇരുപത്തിയൊമ്പതാം തീയതി ജയില്‍ വകുപ്പ് പ്രതികളുടെ ജയില്‍മാറ്റം നടത്തിയത്.

Leave A Comment